Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖാവ് വിളിക്കുന്നു ... മധുമതീ......

madhumathiye-song

ഇഷ്ടം തോന്നുന്നവൻ ആണായിരുന്നാൽ മതി! ആദർശമുള്ള ഒരു സഖാവ് കൂടിയാണെങ്കിലോ... അമ്പലത്തിൽ പോകുമ്പോഴും അവനോടൊപ്പം കൈ പിടിച്ചു പുതിയ വീട്ടിലേക്കു വലതുകാൽ വച്ചു കയറുമ്പോഴും വിശ്വാസങ്ങളുടെയല്ല, അവന്റെ കൈ തന്നെയാണ് പിടിച്ചിരുന്നത്, കാരണം ഒരു സ്വർണത്താലിയിൽ കൊളുത്തിത്തന്നതായിരുന്നില്ല അവന്റെ പ്രണയം. രക്തനിറമുള്ള കൊടിക്കൂറയിലെഴുതിയ തിളങ്ങുന്ന അക്ഷരങ്ങളായിരുന്നു. 

വിഷുവിനു പുറത്തിറങ്ങുന്ന നിവിൻ പോളി ചിത്രം സഖാവിലെ ഈ പാട്ട് തേനൂറുന്നൊരു പ്രണയഗാനമാണ്.

"മധു മധു മധുമതിയെ

നിന്നെ കാണാൻ എന്ത് രസം

ആനന്ദമീ ആരംഭവും അനുരാഗമായ് ഹ ഹ ഹ ഹ ഹ ഹ

മധു മധു മധുമതിയെ

നിന്നെ കാണാൻ എന്ത് രസം"

കാണാൻ മാത്രമല്ല ഈ മധുമതിയെ കേൾക്കാനും ബഹുരസം തന്നെയാണ്. 

ശബരീഷ് വർമയുടെ വരികൾക്കു പ്രശാന്ത് പിള്ള സംഗീതം നൽകിയ പാട്ട് പഴയകാല നാടക ഗാനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. കമ്യൂണിസത്തിന്റെ വേര് പടർന്ന കാലത്തെ കെപിഎസി നാടകങ്ങളുമായും വിപ്ലവഗാനങ്ങളുമായും ചേർന്നിരിക്കുന്നുണ്ട്. പഴുതാര മീശക്കാരനായ ആ പഴയ സഖാവ് മുഖം നിവിൻ പോളിക്കു നന്നായി യോജിക്കുന്നുമുണ്ട്. സിദ്ധാർഥ് ശിവയുടെ സംവിധാനത്തിൽ സഖാവ് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നു പ്രതീക്ഷിക്കാം. 

"കാണുമ്പോഴെന്നും കാണാതെ കണ്ണിൽ

കണ്ടോണ്ടിരിക്കുമ്പോഴും

കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ

ഉള്ളിൽ കടക്കുമ്പോഴും

അലരായിരം വിരിയുന്നു

അതിൽ മാനസം നിറയുന്നു

അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം ഹ ഹ ഹ ഹ ഹ ഹ"

തേയിലക്കൊളുന്തു നുള്ളുന്ന നാടൻ പെണ്ണിന്റെ നെഞ്ചിൽ സഖാവിന്റെ ആശയങ്ങൾ കടന്നു കൂടുമ്പോൾ ആരാധനയായിരുന്നില്ലേ ആദ്യം? പിന്നീടെപ്പോഴോ തൊഴിലാളികളെ ഒന്നിച്ചു ചേർത്തുള്ള ഓരോ യാത്രകളിലും അയാളെ അടുത്തറിയുകയായിരുന്നു. അയാൾക്ക് വേണ്ടിയാണ് സ്വയമൊരു സഖാവായി മാറിയത് പോലും! 

"സഖാവേ..." എന്ന വിളിയിൽ മധുരം പുരണ്ടിരിക്കുന്നുവെന്നൊരു തോന്നൽ... അത് ശരിയായിരുന്നു, ഒപ്പം കൈപിടിച്ച് നടക്കാൻ , സമരങ്ങൾക്ക് കൂടെ കരുത്തായി നിൽക്കാൻ, വിയർത്തൊലിച്ച് ജോലി ചെയ്തു കിട്ടിയ പണം കയ്യിൽ കൊടുക്കുമ്പോൾ, അത് നിന്റേതാണെന്നു സ്വന്തം അവകാശങ്ങളെ ഓർമിപ്പിക്കാൻ... എത്ര സുഖമുള്ള ഓർമകൾ!

"മാരിവില്ലിൻ തേൻ മലരേ...", "ബലീ കുടീരങ്ങളെ..." തുടങ്ങിയ വിപ്ലവഗാനങ്ങളുടെ തൊങ്ങലുകളിൽ തൂങ്ങിയാടി ഗാനപ്രണയികൾക്കെല്ലാം ഒരു പഴയകാലത്തിലേക്കുള്ള തിരിച്ചു പോക്കാവും മധുമതീ.... എന്ന ഗാനം, ഉറപ്പ്!

Your Rating: