Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോഡേ ബദ്മാഷ് ഹോ തും...എത്ര മനോഹരമാണ് ഈ പ്രണയഗാനം!

shreya-ghoshal-thode-badmash

ബോളിവുഡിലെ പഴയ ചില ഹിന്ദി ഗാനങ്ങൾക്ക് ഒരു പ്രത്യേക കേൾവി സുഖമാണ്. പാദസരക്കിലുക്കവും ചിലങ്കമണിയൊച്ചകളും പോലെയെന്തോ വിശുദ്ധമായ കുറേ സ്വരങ്ങൾ ആ പാട്ടുകളിലുണ്ടാകും. പ്രത്യേകിച്ച് അത് പ്രണയത്തെയാണു പാടുന്നതെങ്കിൽ. . നിലാവത്ത് പറന്നിറങ്ങിയ താരങ്ങളുടെ പ്രകാശം പോലെ സംശുദ്ധമായ സംഗീത സൃഷ്ടികളായിരിക്കുമത്. പുതിയ കാല ചലച്ചിത്രങ്ങളിലെ പാട്ടുകൾക്ക് ചിലപ്പോഴൊക്കെ ഇല്ലാതെ പോകുന്ന ഈ ഭംഗികൊണ്ടാണ് ഇന്നലെകളിലെ ഗാനങ്ങളെ നമ്മൾ ക്ലാസിക് എന്നു വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ ഇങ്ങനെയുള്ള പാട്ടുകൾ ബോളിവുഡിൽ നിന്ന് പാറിയെത്താറുണ്ട്. സാവരിയ എന്ന ചിത്രത്തിലുണ്ട് അങ്ങനെയൊരു ഈണക്കൂട്ട്....

തോഡേ ബദ്മാഷ് ഹോ തും...

തോഡേ നാദാന് ഹോ തും...

പ്രതിഭാധനനായ സാഹിത്യകാരൻ നുസ്രത് ബാദർ എഴുതി സഞ്ജയ് ലീല ബൻസാലി ഈണമിട്ട ഈ പാട്ട് പ്രണയാര്‍ദ്രമായ രാവഴികളിലേക്ക് നമ്മുടെ മനസിനെ നയിക്കും. നിലാവത്തൂടെ കടൽമണൽത്തരികളിലൂടെ നടന്നങ്ങ് കടലിൻ പാതിയിൽ കാത്തിരിക്കുന്ന ഏകാന്ത നൗകയിലേക്ക് കണ്ണുനട്ടിരിക്കുന്നേരം കേൾക്കാൻ കൊതിക്കുന്നൊരു പാട്ടാണിത്. അങ്ങനെയുള്ള കുറേ പ്രശാന്തമായ ചിത്രങ്ങളാണീ പാട്ട് മനസിൽ വരച്ചിടുന്നത്. പാട്ടുപോലെ ഹൃദയസ്പർശിയാണ് രൺബീറിന്റെ സോനം കപൂറിന്റെയും അഭിനയം. രാഭംഗിയെ പശ്ചാത്തലമാക്കി ഇരുവരും പ്രണയാർദ്ര നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ആ കാഴ്ചകളെ നിറക്കൂട്ടുകളിൽ ചാലിച്ച് ഭിത്തികളിൽ വരച്ചിടാൻ പോലും തോന്നും. 

നീ അൽപം വികൃതിയാണ്..നിഷ്കളങ്കനാണ്...എങ്കിലുംനീയാണ് എനിക്ക് എല്ലാം എന്റെ ദൈവവും വിശുദ്ധിയും പ്രണയവും പ്രാണനുമെല്ലാം നീയാണ് എന്നു പറയുന്ന വരികൾ കേട്ടിരുന്നാൽ പ്രണയത്തിന്റെ ആഴത്തണുപ്പിലേക്ക് അറിയാതെ നമ്മൾ ഇറങ്ങിച്ചെല്ലും...പ്രണയോര്‍മകൾ ഒരു മഞ്ഞിൻ മുഖപടം പോലെ നമ്മെ വന്നങ്ങ് പൊതിഞ്ഞു നിൽക്കും...എത്ര ചുടുചുംബനങ്ങൾ നൽകിയാലും അലിഞ്ഞു തീരാത്തൊരു മുഖപടം...