Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി നീ ഒരു വാക്കും പറയേണ്ടതില്ല...സ്വപ്നം പോലൊരു ഈണം

enpt

''ഇനി ഒരു വാക്കും നീ പറയേണ്ടതില്ല... എന്റെ മടിയിലെ ചൂടിൽ, കൈക്കുള്ളിലെ സുരക്ഷിതത്വത്തിൽ മെല്ലെ കണ്ണുകളടച്ച് കിടന്നോളൂ...'' 

ജീവിതം ഏറ്റവും കൂടുതൽ ആനന്ദത്തിലേക്കുള്ള വഴികളാണ് എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്നത്. സമാധാനമെന്ന വാക്കിലേക്ക് ചേർന്നിരിക്കുന്നു ആനന്ദമെന്ന അനുഭവം. ഏറ്റവും പ്രിയമുള്ളൊരാൾ തൊട്ടരികിൽ ചേർത്ത് പിടിച്ചു കൊണ്ടിരിക്കുമ്പോൾ ജീവിതം സംതൃപ്തമായതു പോലെ തോന്നും. ഈ പാട്ടും അങ്ങനെ തന്നെയാണ്. അവളുടെ സന്തോഷങ്ങളിലേയ്ക്ക് നമ്മളും ഇറങ്ങി പോകും.തൊട്ടരികിൽ അത്രയും പ്രിയപ്പെട്ടൊരാളിരുന്നു അയാളുടെ കണ്ണിമകളെ പോലെ നെഞ്ചോടു ചേർത്ത് പിടിക്കുന്നതായും ഒരിക്കലും ഉറക്കെ പറയാത്ത സ്വപ്നം പോലെ പൊതിഞ്ഞു പിടിക്കുന്നത് പോലെയും തോന്നും..

"Maru Varththai Pesaadhey!

Madimeedhu Nee Thoongidu!

Imai Pola Naankaakha…

Kanavai Nee Maridu!"

ഗൗതം മേനോന്റെ പുതിയ ധനുഷ് ചിത്രമായ "എനൈ നോക്കി പായും തൊട്ട" എന്ന ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യഗാനം. ചിത്രത്തിന്റെ വാർത്തകൾ പുറത്തിറങ്ങിയപ്പോഴും സംഗീതം ആരെന്നോ വരികൾ എഴുതുന്നത് ആരെന്നോ പുറത്തു പറയാൻ ഗൗതം തയ്യാറായിരുന്നില്ല. പിന്നീട് ആദ്യത്തെ രണ്ടു പാട്ടുകൾ പുറത്തിറങ്ങിയ ശേഷം മാത്രമാണ് 'മിസ്റ്റർ എക്സ്' എന്ന് മാധ്യമങ്ങൾക്കു മുന്നിൽ മറച്ചു വച്ച ആ യഥാർത്ഥ പേര് ഗൗതം വെളിപ്പെടുത്തുന്നത്. ഗാനത്തിന്റെ വരികൾ പ്രശസ്ത തമിഴ് കവി താമരൈയും ഗാനങ്ങളുടെ സംഗീത സംവിധായകൻ നടനും സംഗീതജ്ഞനും റേഡിയോ ജോക്കിയുമായ ദർബുക ശിവയും ആണ്. ഹാരിസ് ജയരാജിന്റെയും എ ആർ റഹ്‌മാന്റെ കൂടെയുമൊക്കെ ജോലി ചെയ്ത അനുഭവമാണ് ദർബുക ശിവയുടെ കൈതാങ്ങ്. ഗായകനും എഴുത്തുകാരനുമായ സിദ് ശ്രീറാം പാട്ട് പാടിയിരിക്കുന്നു. 

"Vizhi Neerum Veenaaga

Imaithanda Koodathena…

Thuliyaga Naan Serththen…

Kadalaaga Kannaanathey…!"

പ്രണയത്തിന്റെ അങ്ങേയറ്റത്തെ മധുരമുണ്ട് വരികൾക്കും സംഗീതത്തിനും. ഒരു വട്ടത്തിനുള്ളിലേയ്ക്ക് വീണു പോയി പരസ്പരം ചിറകുരുമ്മി ഇരിക്കുന്ന രണ്ടു പക്ഷികളെ പോലെ തോന്നും അവളെയും അവനെയും കാണുമ്പോൾ. അവളുടെ കണ്ണിൽ നിന്നും ഇറ്റു വീഴേണ്ട ഓരോ തുള്ളി നീരിനെ പോലും സ്വയം ഏറ്റെടുത്ത് അവനൊരു കടലായി മാറിയിരുന്നു എപ്പോഴോ... ആ കടൽ അവനെ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും എപ്പോഴൊക്കെയോ അവൾ ഒപ്പമുണ്ടായിരുന്ന കഥകൾ... കാണാത്ത ദൂരത്തേക്ക് ആരോടും പറയാതെ മറഞ്ഞാലും കാണുന്ന ദൂരത്തേക്ക് ഒന്നും മിണ്ടാനാകാതെ കഴിഞ്ഞാലും ഒരു ഹൃദയ ദൂരത്തിൽ ഒപ്പമിരിക്കുന്നവരായി തന്നെ ജീവിക്കണം... 

വാഗ്ദാനമാണ് പ്രണയം. പ്രണയിക്കപ്പെടുന്ന ആളെ എന്നുമെന്നും ചേർത്ത് പിടിച്ചുകൊള്ളാം എന്ന വാഗ്ദാനം. അത് പാലിക്കുക എന്ന ചിന്ത അതിൽ മുഴുകി നടക്കുന്ന സമയത്ത് അത്ര പ്രസക്തമല്ല. കാരണം വിട്ടകലുക എന്നത് ഭീതിപ്പെടുത്തി കടന്നു വരുന്നില്ലല്ലോ... പക്ഷെ അപ്പോഴും എവിടെയൊക്കെയോ പൊള്ളിക്കും... ഇപ്പോൾ അവളോട് പറയുന്ന അതെ വാചകങ്ങൾ എന്നുമെന്നും പറയാൻ കഴിയുമോ എന്ന് സ്വയം ചോദിക്കും... അതിനു ഉത്തരങ്ങൾ വേണം... "അതെ , എന്റെ പ്രണയം സത്യമായി നിന്നോടൊപ്പമെന്നുമുണ്ടാവും..."!. ശരീരവും മനസ്സും പങ്കു വച്ച പ്രണയ നിമിഷങ്ങളിൽ നിന്നും ഒരിക്കലും വിടുതൽ നേടാത്തവരായി പിന്നെയവർ ഏതു നിമിഷവും ഉള്ളിലിങ്ങനെ അലഞ്ഞു നടക്കുന്നവരായി തീരും...