Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളും നാനും കടലും അലൈയും ...

avalum-naanum

റഹ്മാൻ പാട്ടുകളുടെ മാന്ത്രികതയെ കുറിച്ച് പറയണോ? ഒരു താളത്തിൽ പോലും ത്രസിപ്പിക്കുന്ന റഹ്‌മാൻ പാട്ടുകളെ കുറിച്ച് ആരാധകർക്ക് എത്ര പറഞ്ഞാലും മതിയാകുന്നതല്ല. വരികളുടെ ഭംഗിയും മികച്ച സംഗീതവും ഉണ്ടാകുമ്പോഴാണ് ഒരു പാട്ടു ഓർമ്മിക്കപ്പെടുന്നതാകുന്നത്. ‘അച്ചം യെൻബദ് മമമൈയെടാ’ സിനിമയിലെ പുതിയ പാട്ടുകളെല്ലാം തന്നെ എ ആർ ആരാധകരുടെ നാവിൻ തുമ്പിൽ സ്ഥിരം സാന്നിധ്യമാകാൻ അധികം സമയമൊന്നും വേണ്ടി വന്നതേയില്ല. 

"അവളും നാനും 
അമുദും തമിഴും
അവളും നാനും 
അലൈയും കടലും...
അവളും നാനും 
തവമും അരുളും
അവളും നാനും 
വേരും മരമും..."

ഈ ലോകത്ത് ഒന്നിച്ചിരിക്കുന്ന എന്തൊക്കെയുണ്ടോ അതൊക്കെ പ്രണയിനികൾ ആയി തീരുന്നുണ്ട്. ചില വാക്കുകൾക്ക് എങ്ങനെയാണ് മധുരം കൂടി ചേരുന്നതെന്നറിയാമോ... ഏറ്റവും നല്ല ഉദാഹരണം തമിഴ് ഭാഷ തന്നെ. സാഹിത്യം ഒട്ടുമേ പ്രയോഗിക്കുന്നില്ലെങ്കിൽ പോലും ഭാഷയിൽ മാധുര്യമേറെയുള്ള ഒന്നാണ് തമിഴ്. പൗരാണികതയുടെ ഭംഗിയും സാഹിത്യവും തമ്മിലൊത്തു ചേരുമ്പോൾ അവിടെയുണ്ടാകുന്ന സൗന്ദര്യം... ഭാഷയ്ക്ക് സൗന്ദര്യം എന്നത് അതിനോട് അത്രമേൽ ചേർന്നിരിക്കുന്ന ഒന്നാണ്.

നീ ഭാഷയെങ്കിൽ ഞാനതിന്റെ മാധുര്യം... നീ കടലെങ്കിൽ ഞാനതിലെ തിര... നീ തപസ്സെങ്കിൽ ഞാൻ അനുഗ്രഹം... നീ മരമെങ്കിൽ ഞാൻ നിന്റെ വേരുകൾ....അത്രമേൽ ഒന്നുചേർന്നിരിക്കുന്ന പ്രണയത്തിന്റെ പരവേശം...ഒരാളില്ലെങ്കിൽ മറ്റൊരാളില്ലാത്ത പോലെ അത്രമേൽ ആഴമേറിയ ആ പ്രണയത്തിന്റെ സഞ്ചാര വഴികൾ മനോഹരങ്ങളാകുന്നത് വരികളുടെയും ഭംഗി കൊണ്ട് തന്നെയാണ്. കാവ്യസുന്ദരമായ വരികളിൽ സംഗീതമൊഴുക്കുമ്പോഴാണല്ലോ അത് കാലത്തിനു മായ്ക്കാനാകാതെ ഉള്ളിൽ പാടി നടക്കാനാകുന്നത്. വിജയ് യേശുദാസ് പാടിയ അച്ചം യെൻബദ് മമമൈയെടാ സിനിമയിലെ ഈ ഗാനത്തിന്റെ വരികൾ പവേന്ദർ ഭാരതീദ്ബാസൻ ആണ് എഴുതിയിരിക്കുന്നത്. 

"ആളും നിഴലും
അസൈവും നടിപ്പും
അണിയും പണിവും
അവളും നാനും 
അവൈയും തുണിവും
ഉഴൈപ്പും തഴയ്പ്പും
അവളും നാനും 
അലിതലും പുഗഴും..."

മനുഷ്യനേയും നിഴലിനേയും പോലെ... .. ആംഗ്യവും അഭിനയവും പോലെ അത്രമേൽ വേർതിരിക്കാതിരിക്കാനാകാത്ത പോലെ അവർ ഒന്നായിപ്പോയി. എത്ര മനോഹരമായി പ്രണയത്തെ പറഞ്ഞു വയ്ക്കുമ്പോൾ പ്രണയിതാക്കൾ ഒന്ന് ചിന്തിക്കും, അല്ലാ, ഇത് തന്നെയല്ലേ പ്രണയത്തിന്റെ മാന്ത്രികത? ദൈവം വിചാരിച്ചാൽ പോലും അകറ്റി നിർത്താൻ കഴിയാത്ത പ്രണയം എന്ന വൈകാരികമായ അനുഭൂതിയുടെ മാന്ത്രികത? അതേ വരികളിൽ എ ആർ റഹ്‌മാൻ വിരലുകൾ ചലിപ്പിച്ചപ്പോൾ അത് പുതിയ തലമുറയുടെ ചുണ്ടിൽ വരികളായും നെഞ്ചിൽ പ്രണയത്തിന്റെ വ്യാഖ്യാനമായും പത്തിഞ്ഞ് ചേർന്ന് കിടക്കാൻ തുടങ്ങുന്നു... അവർ എപ്പോഴും പാടുന്നു... "അവളും നാനും....."
 

Your Rating: