Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിന്റെ രുചിഗാനം

ayala porichathundu song

അയല പൊരിച്ചതുണ്ട്... കരിമീൻവറുത്തതുണ്ട് ...
കുടമ്പുളിയിട്ടുവെച്ച നല്ല ചെമ്മീൻ കറിയുമുണ്ട് ...

മലയാളികളുടെ ചുണ്ടിൽനിന്ന് ഒരിക്കലും വിട്ടുപോവാത്ത രുചിഗാനം. ഒരു പക്ഷേ കേരളത്തിന്റെ തനതു രുചിയെക്കുറിച്ചുള്ള ഇൗ ഗാനമായിരിക്കും ഭക്ഷണത്തെക്കുറിച്ചുള്ള ഗാനങ്ങളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.

മലയാളികളുടെ പ്രിയ കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ പേനത്തുമ്പിൽനിന്നാണ് ഇൗ ഗാനവും വിടർന്നത്. 1979ൽ മധുവിനെയും ശ്രീവിദ്യയേയും ജയനെയും അണിനിരത്തി ശ്രീകുമാരൻ തമ്പി അണിയിച്ചൊരുക്കിയ 'വേനലിൽ ഒരു മഴ' എന്ന ചിത്രത്തിനു വേണ്ടിയാണ് ഇൗ ഗാനം ഒരുങ്ങിയത്. എം. എസ്വിശ്വനാഥന്റെ സംഗീത സംവിധാനത്തിൽ എൽ. ആർ. ഇൗശ്വരി പാടിയ ഗാനം ഒരു തനി ഓണാട്ടുകര ഉൗണിന്റെ രുചി മനസിൽ നിറയ്ക്കുന്നു, സംശയമില്ല.

തുമ്പപ്പൂ നിറമുള്ള ചെറുമണി ചോറും ഉപ്പിലിട്ടമാങ്ങയുണ്ട്, ഉണ്ണാൻ വാ മച്ചുനനേ എന്ന വിളിയിൽപ്പോലും രുചി നാവിലേറുന്നു. കയ്പയും വെള്ളരിക്കയും വെണ്ടയ്ക്കയുമിട്ട സാമ്പാറിനു മണം കൊണ്ടു കൊതി പെരുക്കാൻ അൽപം പെരുങ്കായം മേമ്പൊടിയുണ്ട്.

പടവലങ്ങയും മൂക്കാത്ത മുരിങ്ങക്കയുമിട്ട അവിയലിനെക്കുറിച്ച് ഓർത്താലേ വായിൽ വെള്ളമൂറും. മത്തങ്ങ പച്ചടിയും കുമ്പളങ്ങ കിച്ചടിയും കൂടിയായാൽ ഭേഷായി. ഓർമയിൽ രുചി വളർത്തും മാമ്പഴ പുളിശേരി എന്നാണ് വിശേഷണം.

ഇതിലും ലളിതമായി ആ രുചിക്കൂട്ട് വിവരിക്കാനാവില്ല എന്നതു സത്യം. കൂടെ കുടിക്കാൻ ചുക്കുവെള്ളവുമൊരുക്കി വെച്ചിട്ടുണ്ട്. ഉണ്ണാനിരിക്കാൻ പുൽപ്പായ വിരിച്ചിട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞില്ലേ ഉണ്ണാൻ വാ മച്ചുനനേ എന്ന ഓണാട്ടുകര ശൈലിയിലുള്ള വിളിയിൽ മധ്യ തിരുവിതാംകൂറിന്റെ രുചിപ്പെരുമ ഏറുന്നു.

രുചിപ്പെരുമ അവിടെ നിൽക്കട്ടെ. ഇൗ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ദീർഘ ദർശിയായ കവി എഴുത്തിന്റെ വഴിയിൽ ഒഴുക്കിച്ചേർത്ത ആദ്യ വരിയിലെ രണ്ടു വിഭവങ്ങളും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

അയല ഇന്ത്യയുടെ ദേശീയ മൽസ്യമാണ്. കരിമീൻ കേരളത്തിന്റെ സംസ്ഥാന മൽസ്യമായി തിരഞ്ഞെടുക്കപ്പെട്ടത് 2011ലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.