Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്...

padheyam

കണ്ടും അനുഭവിച്ചുമറിഞ്ഞ യാഥാർഥ്യങ്ങളുടെ നീർപ്പോളകളിൽ നിന്നാണ് ഓരോ കഥാപാത്രത്തെയും ലോഹിതദാസെന്ന തിരക്കഥാകൃത്ത് സൃഷ്ടിച്ചത്.  ഇതളടർന്നുപോയ ജീവിതങ്ങളുടെ ആത്മസംഘർഷങ്ങളുടെ തനിയാവർത്തനമായിരുന്നു ഓരോ ചിത്രവും. അവയിലെ പാട്ടുകളും  കഥയേയും കഥാപാത്രങ്ങളേയും പോലെ പ്രേക്ഷകന്റെയുള്ളിലങ്ങനെ കയറിക്കൂടി. 

ചന്ദ്രകാന്തം കൊണ്ട് എഴുതിതീർത്ത, സ്നേഹസ്വരങ്ങൾ കൊണ്ട് ഈണമിട്ട ഈ ഗാനവും അങ്ങനെയുള്ളതാണ്. മഞ്ഞിൽ മയങ്ങിക്കിടന്ന താഴ്‍വാരത്തേക്ക് എന്നോ ഒരിക്കൽ വിരുന്നെത്തിയ മാരിവില്ല് തീർത്ത പാട്ട്. ആ ഭൂമിയിലിരുന്നൊരിക്കൽ, ഋതുഭേദങ്ങളെ സാക്ഷിയാക്കി ഒരു കവിമനസ്സ് കുറിച്ച വരികളും. ആത്മബന്ധത്തിന്റെ തീവ്രതയെക്കുറിച്ചു പറഞ്ഞ ചിത്രം, പാഥേയത്തിലെ ഗാനം, ‘ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്’ ഇന്നലെകളിലെ പാട്ടുകൂട്ടുകാർ സമ്മാനിച്ച മനോഹര ഗാനമാണ്. മഞ്ഞുതൊട്ട്, മഴയെ പുണർന്ന്, സാന്ധ്യശോഭ കണ്ടു കൺനിറച്ച്, കേൾക്കാൻ ആഗ്രഹിക്കുന്ന ഈണങ്ങളിലൊന്നായി അതിങ്ങനെ കാതോരം ചേർന്നിരിക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി.  തുഷാര ബിന്ദുക്കളുടെ ചുംബനമേറ്റു കിടക്കുന്ന മഞ്ഞണിപ്പൂവിനെ നോക്കി പുലര്‍കാലം കൺനിറയെ കാണുന്ന പോലൊരു പാട്ട്. 

കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ

വാസന്ത നീരാളം നീയണിഞ്ഞു 

മഞ്ഞിൽ മയങ്ങിയ താഴ്‍വരയിൽ നീ

കാനനശ്രീയായ് തുളുമ്പി വീണു

ചന്ദ്രദാസെന്ന കവിയുടെയും ജീവിതത്തിന്റെ പാതിവഴിയിൽവച്ച് അയാൾ തിരിച്ചറിയുന്ന മകളുടെയും കഥ പറഞ്ഞ ചിത്രമാണ് പാഥേയം. മഞ്ഞുമൂടിക്കിടക്കുന്ന നാട്ടിലെ, കൊടൈക്കനാലിലെ, പള്ളിക്കൂടത്തിലെത്തുന്ന കവി അപ്രതീക്ഷിതമായി അവിടെ വച്ച് തിരിച്ചറിയുകയാണ് തന്റെ രക്തത്തെ. നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകളിലേക്ക് നോക്കി ‘ഞാൻ നിന്റെ അച്ഛനാണ്’ എന്നു പറയുന്നു. ജീവിതത്തിലെ വൈകിവന്ന ആ വേളയെ ആവോളം സ്നേഹം പകർന്നു നൽകി നിറമുള്ളതാക്കുകയാണ് അയാൾ പിന്നീട്. അവരുടെ ഈ നിമിഷങ്ങളുടെ നിർമലത പ്രേക്ഷകന് പകർന്നുകൊടുക്കുന്നത് ഈ പാട്ടാണ്. 

മനുഷ്യസ്നേഹത്തെ പ്രകൃതിയുടെ അപാരതയോടു ചേർത്തുനിർത്തി ഈ പാട്ടെഴുതിയത് കൈതപ്രമാണ്. പ്രകൃതിയുടെ വശ്യമായ വികാരങ്ങളിലൊളിഞ്ഞിരിപ്പുണ്ട് മനുഷ്യ മനസിന്റെ ഉൾത്തലങ്ങളിലെ നോവും നേരുമെല്ലാം എന്നുപറയുന്ന വരികൾ. സിനിമയുടെ ആത്മസ്പർശത്തെ മുഴുവനായി ഉൾക്കൊണ്ടെഴുതിയ പാട്ട് കാലാതീതമാകുന്നതും അതുകൊണ്ടാണ്. സിനിമയിലെ കഥയുടെ ആഴവും അവതരണവും പോലെ, ഈണങ്ങളും വരികളും ആലാപനവും കുങ്കുമം ചാർത്തിയ സന്ധ്യയെ പോലെ മനസിലങ്ങനെ പതിഞ്ഞു പാട്ട്..