Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കുഞ്ഞ് പൂവിന്റെ ഇതളിൽ... പ്രണയം അന്നും ഇന്നും ഇതാണ്!

ഈ പാട്ട് കേൾക്കുമ്പോൾ അതിന്റെ സംഗീതത്തെ കുറിച്ചല്ല, ആ ശബ്ദത്തെ കുറിച്ചല്ല, അതിലെ വരികളെ കുറിച്ചല്ല നമ്മൾ ഓർക്കുക. പണ്ടു പറയാതെ പോയ, അവൾ അറിയാതെ പോയ, അവനു നൽകാതെ പോയ ആ പ്രണയത്തെ കുറിച്ചു തന്നെ. കുറേ എങ്കിലുകൾക്കൊടുവിൽ അമർത്തിവയ്ക്കുന്ന ഗദ്ഗദമായി മാത്രമേ ഈ ഗാനം നമുക്ക് ആസ്വദിച്ചു നിർത്താൻ കഴിയൂ. പ്രണയം അന്നും ഇന്നും സങ്കൽപിച്ചു കൂട്ടുന്ന അതേ സ്വപ്നങ്ങൾ തന്നെ. ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ...ഗൃഹാതുരത്വമെന്നത് അങ്ങനെ വെറുതെ പറഞ്ഞു പോകാവുന്ന വാക്കല്ലെന്ന് തെളിയിക്കുന്നു ചന്ദ്രനുദിക്കുന്ന ദിക്കിലെ ഈ ഗാനം.

chandranudikkuna-dikkil

വിദ്യാസാഗറിന്റെ ഈണത്തിലൂടെയാണ് ആ യാത്ര നമ്മൾ ആരംഭിക്കുന്നത്. കണ്ണുകൾ മെല്ലെ അടയ്ക്കുകെന്ന് പറയാതെ പറഞ്ഞു തുടങ്ങുന്ന ഗാനം. ഇനി മനസിനോട് ഒരു യാത്രയ്ക്കൊരുങ്ങുവാൻ കൽപ്പിക്കുക. അപ്പോഴേയ്ക്കും എത്തുകയായി എസ്.രമേശൻ നായരുടെ സ്വപ്നസഞ്ചാരിയായ വരികൾ. അവൾക്കായുള്ള തപസിന്റെ പുണ്യം തളിർക്കുവാൻ, അവൾ വിരിച്ച തളിർ മെത്തയിൽ മയങ്ങുവാൻ ഏത് ജന്മസാഗരത്തിൽ മുങ്ങേണ്ടതെന്ന അന്വേഷണമായി തീർന്നിരിക്കുന്നു അവന്റെ ജീവിതം. അനുരാഗിയെ ഹൃദയത്തോളം എത്തിച്ചു വിങ്ങലാക്കി നിർത്താൻ യേശുദാസിന്റെ ശബ്ദത്തിനല്ലാതെ മറ്റാർക്കു സാധിക്കും. എനിക്കു വേണ്ടി എനിക്കു വേണ്ടി എന്ന് ഓരോ അനുവാചകനും പറഞ്ഞു പോകുന്ന നേരം.

chandran-udikuna-dikkil

അവൾ വന്ന് ഹൃദയം തുറന്ന് അതിൽ അനുരാഗമെന്ന് പറയുന്ന നേരത്ത് സ്വർഗവാതിൽ തുറക്കുന്ന നിമിഷം കാത്തിരുന്നവന്റെ കഥയായിരുന്നു അത്. ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ. മലയാളത്തിന്റെ പ്രിയ നായിക കാവ്യാ മാധവൻ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രവും. പല അടരുകളുള്ള പ്രണയത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ദിലീപ്, ബിജു മേനോൻ, ലാൽ എന്നിവരായിരുന്നു മറ്റു പ്രധാന താരങ്ങൾ. വിദ്യാസാഗർ ഈണമിട്ട ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായി മാറി.

ചിത്രം: ചന്ദ്രനുദിക്കുന്ന ദിക്കിൽ

സംഗീതം: വിദ്യാസാഗർ

രചന: എസ്.രമേശൻ നായർ

ആലാപനം: യേശുദാസ്

ആ ഗാനം...

ഒരു കുഞ്ഞ് പൂവിന്റെ ഇതളിൽ നിന്നൊരു

തുള്ളി മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ

തനിയെ ഉറങ്ങുന്ന രാവിൽ നിലാവിന്റെ

തളിർമെത്ത നീയോ വിരിച്ചുവെങ്കിൽ

എന്റെ തപസിന്റെ പുണ്യം തളിർത്തുവെങ്കിൽ

എന്റെ തപസിന്റെ പുണ്യം തളിർത്തുവെങ്കിൽ

കുടവുമായ് പോകുന്നൊരമ്പാടിമുകിൽ

എന്റെ ഹൃദയത്തിലമൃദം തളിക്കുകില്ലേ

പനിനീരുപെയ്യുന്ന പാതിരാക്കാറ്റിന്റെ

പല്ലവി നീ സ്വയം പാടുകില്ലേ...

കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ...

കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ...

എവിടെയോകണ്ടു മറന്നൊരാമുഖമിന്നു

ധനുമാസ ചന്ദ്രനായ് തീർന്നതല്ലേ...

കുളിർകാറ്റുതഴുകുന്നരോർമതൻ പരിമളം

പ്രണയമായ് പൂവിട്ടുവന്നതല്ലേ

നിന്റെ കവിളത്തുസന്ധ്യകൾ വിരിയുകില്ലേ...

നിന്റെ കവിളത്തുസന്ധ്യകൾ വിരിയുകില്ലേ...

തളിർവിരൽതൂവലാൽ നീയെൻ മനസിന്റെ

താമരച്ചെപ്പുതുറന്നുവെങ്കിൽ

അതിനുള്ളിൽ മിന്നുന്ന കൗതുകം ചുംബിച്ചു

അനുരാഗമെന്നുമൊഴിഞ്ഞുവെങ്കിൽ

അതുകേട്ടു സ്വർഗം വിടർന്നുവെങ്കിൽ

അതുകേട്ടു സ്വർഗം വിടർന്നുവെങ്കിൽ