Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ...

kappiri-thuruth-song

കൊച്ചിയുടെ പാട്ടെഴുത്തുകാരനായിരുന്നു മേപ്പള്ളി ബാലൻ. അന്നയും റസൂലും എന്ന ചിത്രത്തിലെ കൊച്ചിയെ സുന്ദരിയും സുമുഖിയും കച്ചവടക്കാരിയുമൊക്കെയാക്കി മാറ്റിയ അതെ ഗാനം, "കായലിനരികെ കൊടികള്‍ പറത്തി, കുതിച്ചു പൊങ്ങിയ കമ്പനികള്‍..." എഴുതിയ അതേ കവി തന്നെ മേപ്പള്ളി ബാലൻ. അദ്ദേഹത്തിന്റെ കാവ്യവിരലുകളിൽ നിന്നും ഊർന്നു വീഴുന്ന വരികൾക്ക് ഒരു നാടൻ കമ്മ്യൂണിസ്റ് പച്ചയുടെ ഉശിരുണ്ട്, "കാപ്പിരിത്തുരുത്ത്" എന്ന പുതിയ പേർളി മാണി-ആദിൽ ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനവും വ്യത്യസ്തമല്ല. 

"ചെറുപ്പത്തിൽ നമ്മൾ രണ്ടും ...

മണ്ണുവാരി കളിച്ചപ്പോൾ ..

അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ ..."

കുട്ടിക്കാലത്തെക്കുറിച്ചും ബാല്യകാല കൗതുകങ്ങളെ കുറിച്ചും എത്ര പേർ പാടിയിട്ടുണ്ട്. ആസ്വാദനത്തിന്റെ നിലവാരം അനുസരിച്ച് നമ്മുടെ വായനകൾ മാറി വരുമ്പോഴും ബാല്യം കൗതുകമാകുന്നതിന്റെ പിന്നിൽ ഇപ്പോഴും ചില ഓർമ്മകളുണ്ടാകും. ആ ഓർമ്മകളിലെവിടെയൊക്കെയോ ഒരിക്കൽ ഒപ്പം കളിച്ച ഒരു കുഞ്ഞു മനോഹരമായ മുഖമുണ്ടാകും. പിന്നീടുള്ള യാത്രകളിലെല്ലാം അതെ മുഖത്തിന്റെ പകർച്ചയെ തന്നെയാണ് ഓരോ മനുഷ്യനും തിരയുന്നതും.

"കറിച്ചട്ടി ചിരട്ടയായ് മുരിങ്ങാപ്പൂ പറിച്ചിട്ട്

കറിവെച്ച് കളിച്ചതും മറന്നുപോയോ...

ചെറുപ്പത്തിൽ നമ്മൾ രണ്ടും ...

മണ്ണുവാരി കളിച്ചപ്പോൾ ..

അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ

ചെറുപ്പത്തിൽ നമ്മൾരണ്ടും..."

ചുടുകട്ട പൊട്ടിച്ചെടുത്ത ചെറിയ കല്ലുകൾ മൂന്നെണ്ണം നിരത്തി വയ്ക്കും, പാത്രത്തിനു ഏറ്റവും നല്ലത് ചിരട്ട തന്നെയാണ്. ഇനി അതിൽ എന്തൊക്കെ പാചകം ചെയ്യണമെന്നതിലാണ് ആശങ്ക. പറമ്പിൽ കയ്യെത്തുന്ന ദൂരത്ത് നിൽക്കുന്നതെന്തും ഭക്ഷണമാക്കുന്ന അമ്മയുടെ വാടിയ മുഖം അപ്പോൾ ഓർമ്മ വരും. മുരിങ്ങാപ്പൂവിന്റെ കുഞ്ഞു ഇതളുകൾക്ക് തോരൻ വയ്ക്കുമ്പോൾ നല്ല സ്വാദാണെത്രെ... പിന്നെന്ത് നോക്കാൻ, ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് കൊടുക്കാൻ സ്വാദേറിയ ഭക്ഷണം തന്നെ വേണം... ഒന്നിച്ച് പൂവ് പറിയ്ക്കാൻ പോയതും ഒന്നിച്ചൊടുവിൽ അതൊരു ചിരട്ടയിലിട്ട് കല്ലിനു മുകളിൽ വച്ചതും, തീയില്ലാത്ത അടുപ്പിലെ ഇത്തിരിയിടത്തിൽ ഊതിയൂതി കണ്ണിൽ മണൽത്തരി പറന്നു കയറിയതും ഒടുവിലവന്റെ സ്നേഹ ശാസനവും...

മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്

മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ

നിന്നെയും കിനാവു കണ്ട്‌.. പൂമുല്ല പന്തലിട്ട്

പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ...

ചെറുപ്പത്തിൽ നമ്മൾരണ്ടും..

മണ്ണുവാരി കളിച്ചപ്പോൾ

അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ

ചെറുപ്പത്തിൽ നമ്മൾ രണ്ടും...

മൈലാഞ്ചി ഇടാതെ ഒരാഘോഷവും ഉണ്ടായിരുന്നിട്ടേയില്ല... പ്രിയപ്പെട്ട ഒരാൾ വരുമെന്നറിയുമ്പോൾ പിന്നെ മൈലാഞ്ചി ചുവപ്പില്ലാതെ എങ്ങനെ അവനു മുന്നിൽ നിൽക്കാനാകുമെന്നാണ്? സ്വപ്നങ്ങൾക്കും വിരലുകൾക്കും മൈലാഞ്ചി നിറം... മൈലാഞ്ചി ഗന്ധം... ചെറുപ്പത്തിൽ ഇങ്ങനെ എത്രയധികം ആഘോഷങ്ങളും ആവേശങ്ങളുമാണ്.

കാപ്പിരിത്തുരുത്ത് എന്ന ചിത്രത്തിലെ ഈ ഗാനം എന്തുകൊണ്ട് ഇത്ര മധുരതരമാകുന്നു എന്ന ചോദ്യത്തിന് മേപ്പള്ളി ബാലൻ എന്ന കവിയുടെ പച്ചപ്പിന്റെ സുഖമുള്ള വരികൾ എന്നാണു പ്രധാന ഉത്തരം. അതിനൊപ്പം റഫീഖ് യൂസഫിന്റെ നാടൻ സംഗീതവും വിജയ് യേശുദാസിന്റെയും മധുശ്രീ നാരായണന്റെയും സ്വരവും കൂടിയാകുമ്പോഴുണ്ടാകുന്ന ആസ്വാദന ലഹരി വരികളെ ഹൃദയത്തിലേയ്ക്ക് തറയ്ക്കുന്നു. പാടിപ്പതിഞ്ഞ പല മാപ്പിള ഗാനങ്ങളുടെയും ഹൃദ്യമായ ഗന്ധം പരക്കുന്ന ഒരു പഴയ കാലം ഈ പാട്ട് നൽകുന്നുമുണ്ട്. വീണ്ടും അറിയാതെ ഓർമ്മയിലെത്തുന്നു...

കുട്ടിക്കാലവും ചിരട്ടയുടെ സ്നേഹവും മുരിങ്ങപ്പൂക്കളുടെ ഗന്ധവും...