Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസംഗീതം നീയല്ലേ...

radhika-yesudas-mohanlal

സ്വപ്നങ്ങളിൽ മാത്രം കണ്ട ഒരു ഭൂമി. മുത്തശി കഥകൾ കേട്ടിരുന്ന നേരം മനസിൽ പണിതുയർത്തിയൊരു നഗരം. എവിടെ നിന്നു വരുന്നെതറിയാത്ത സംഗീതവും താളമുള്ള നിശബ്ദതയും എന്നും വസന്തവുമുള്ള ഭൂമി. ഗുരു എന്ന ചിത്രത്തിൽ കണ്ടത് അങ്ങനെയുള്ളൊരിടമായിരുന്നു. ദൂരെ ദൂരെ മേഘക്കെട്ടുകൾക്കകലെയു‌ള്ളൊരിടം എന്നു പറയുന്ന പോലെ. സങ്കൽപങ്ങളിലെഴുതിയ കഥയായിരുന്നു ഗുരു എന്ന സിനിമയുടേത്. ആകാശപ്പറവ സമ്മാനിച്ചൊരു പട്ടം പോലെ മനോഹരമായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം. പാട്ടുകളും അങ്ങനെ തന്നെ. ആത്മാവിനെ തൊട്ടുണർത്തുന്ന ഈണങ്ങൾ...

ദേവസംഗീതം നീയല്ലേ

ദേവീ വരൂ വരൂ...

പ്രണയത്തിന്റെ ആത്മഭാവത്തെ കുറിച്ചുള്ള എഴുത്തിന് സ്വരമായത് ദാസേട്ടനും രാധികാ തിലകുമായിരുന്നു. രാജീവ് അഞ്ചൽ എന്ന ശിൽപിയുടെ മനസിൽ സൃഷ്ടിക്കപ്പെട്ട ഫ്രെയിമുകൾക്കു ഈണം ഇളയരാജയുടേതും. വരികൾ എസ് രമേശൻ നായരുടെയും. ഇരുൾമൂടിയ കണ്ണിൽ വെളിച്ചത്തിന്റെയും പ്രതീക്ഷയുടെയും രശ്മികൾ പതിയെ പതിയെ ആഴ്ന്നിറങ്ങുന്ന കാഴ്ചയായിരുന്നു പാട്ടിന്റെ ദൃശ്യങ്ങൾ പകർന്നത്. പ്രണയം ചിന്തകൾക്കും കാഴ്ചയ്ക്കും മറ്റെല്ലാ പരിമിതികൾക്കും മുകളിലാണെന്നു പറയും പോലെ. രാധികാ തിലകിന്റെ പാട്ടു ജീവിതത്തില്‍ നിർണായകമായ ഗാനം കൂടിയാണിത്..പ്രണയത്തിന്റെ ആത്മീയതേയും തേങ്ങലിനേയും ആത്മാവുകൊണ്ടു ദാസേട്ടനും രാധിക തിലകും പാടിയ ഗാനം. 

കണ്ണിൽ ഇരുട്ടു മാത്രമുള്ളവർ ജീവിക്കുന്ന വിചിത്ര ലോകത്ത് എത്തിപ്പെടുന്ന നായകൻ കാണുന്ന ആദ്യ കാഴ്ചയായിരുന്നു പാട്ടിലെ ദൃശ്യങ്ങൾ. ഒറ്റയ്ക്കായി പോയതിന്റെ നോവു തീര്‍ക്കുവാൻ തടഞ്ഞു വീണിട്ടും പിടഞ്ഞെഴുന്നേറ്റ് പാട്ടിനൊപ്പം യാത്ര ചെയ്യുന്ന പ്രണയിനികൾ. ആ പാട്ടായിരുന്നു അവർക്കിടയിലെ സംവേദന മാധ്യമം. ആ വരികളിലുണ്ടായിരുന്നു ആ പ്രണയത്തിന്റെ ആഴമെന്തെന്ന് നീറ്റലെന്തെന്ന്...അതുകൊണ്ടാണ് ദേവസംഗീതം പോലെ ഈ ഗാനത്തെ കാലമിത്രയേറെ നെഞ്ചേറ്റുന്നതും...

Your Rating: