Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഘനശ്യാമ വൃന്ദാരണ്യം...

lakshmi-gopala-swamy-bhanupriya

കനകാംബരത്തിൻ മൊട്ടുകൾക്കിടയിൽ വീണടർന്നൊരു ചിലങ്കമണിയുടെ താളമാണീ പാട്ടിന്. ഘനശ്യാമ സന്ധ്യയുടെ ഭംഗി പോലുള്ള വരികളും. പെണ്ണുടലുകൾ നൃത്തമാടുന്നിടത്തെല്ലാം പലയാവർത്തി ഉയർന്നു കേട്ട ഗാനം. ഏതു മാത്രയിൽ കേട്ടാലും മനസൊരു കൽമണ്ഡപത്തിനരികെയെന്ന പോലെ ശാന്തവും താളാത്മകവുമാകും.

ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം

നികുഞ്ജങ്ങൾ കുളിർ പാട്ടിൽ പകർന്നാടും നേരം.

സിനിമകളിൽ കണ്ട ഏറ്റവും മികച്ച നൃത്തരംഗങ്ങളുള്ള ചിത്രമായിരുന്നു 'കൊച്ചു കൊച്ചു സന്തോഷങ്ങൾ'. കുറേ നാളത്തെ ഇടവേളയ്ക്കു ശേഷമാണു മലയാളത്തിൽ അത്തരമൊരു ചിത്രമെത്തിയതും. ലക്ഷ്മി ഗോപാല സ്വാമിയും ഭാനുപ്രിയയും അരങ്ങുകളെ നൃത്തത്തിന്റെ ക്രിയാത്മകതയിൽ ജീവസുറ്റതാക്കിയ പാട്ടുകളും ആ രംഗവും ഇന്നും നീരാഞ്ന വിളക്കിന്റെ നൈർമല്യതയുമായി മനസുകളുടെ വെള്ളിത്തിരയിലുണ്ട്. പാട്ടുകളുടെ താളം തന്നെയായിരുന്നു സത്യൻ അന്തിക്കാട് ചിത്രത്തെ അന്നും ഇന്നും മലയാളിക്കു പ്രിയപ്പെട്ടതാക്കുന്നതും.

പട്ടു ചേലയുടെ ഞൊറിവിൻ ചന്തമുള്ള വരികൾ എഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു. കൽപ്പടവുകളുടെയും ആട്ടവിളക്കിന്റെയും നിലാവിന്റെയും പൊന്നാമ്പലിന്റെയും പുലരിയുടെയുമൊക്കെ കാവ്യാത്മകതയെ മലയാള സിനിമ പറയുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പകർത്തിയെഴുതിയ കവിയുടെ വരികൾ ഇപ്പോഴും സുന്ദരം. പെണ്ണുടലിൽ വിരിയേണ്ട നടന ഭംഗിക്കു ഏറ്റവും അർഥവത്തായ വരികൾ തന്നെയായിരുന്നു കൈതപ്രം കുറിച്ചതും. അതുകൊണ്ടു തന്നെ പാട്ടു കേൾക്കുമ്പോൾ മനസുകൊണ്ട് ഓരോ പെണ്ണും ഒരു നർത്തകിയായി വേഷമിടും.

ഇളയരാജ മലയാളികൾക്കായി ചിട്ടപ്പെടുത്തിയതെല്ലാം ക്ലാസിക് ഈണങ്ങൾ തന്നെയായിരുന്നു. എന്നും. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ പാട്ടുകളും ആ മനസിന്റെ സൃഷ്ടിയായിരുന്നു.ഗായത്രിവീണയുടെ സ്വരമുള്ള ഗായിക ഗായത്രിയുടേതായിരുന്നു ആലാപനം. നൃത്തത്തിന്റെ ലാസ്യതയുള്ള ഗാനത്തിനു, കൽക്കെട്ടിൽ തട്ടിത്തിരിച്ചു പോകുന്ന തിരമാല മുത്തിന്റെ തീവ്രതയും രാഗഭംഗിയും കൈവന്നത് എഴുത്തിലും ഈണത്തിലും സ്വരത്തിലും ഏറ്റവും അനുയോജ്യരായവരുടെ കയ്യൊപ്പ് പതിഞ്ഞതുകൊണ്ടു തന്നെ...

Your Rating: