Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാതൽ റോജാവേ എങ്കെ നീയെങ്കെ...

kadhal-roja-ve-madhu

തൂമഞ്ഞിൽ പെയ്തിറങ്ങുന്ന നൂൽമഴയായിരുന്നു അത്. കണ്ണിനു മുന്നിൽ തൂവെള്ള വിരിച്ചിടുന്ന മഞ്ഞുകാലത്ത്, കൈക്കുടന്നയിലും മുടിത്തുമ്പിലും വാരിവലിച്ചു ചുറ്റിയ സാരിത്തുമ്പിലും അനുവാദം ചോദിക്കാതെ വന്നിരിക്കുന്ന മഞ്ഞുകണങ്ങളുടെ നേർമയായിരുന്നു അതിന്. പെരുമഴയത്ത് കടൽ കണ്ടിരിക്കുന്ന സുഖമായിരുന്നു അതിന്. ആ പാട്ടിന്. പ്രണയത്തിന്റെ ചൂടുള്ള പറിച്ചുനടലിന്റെ തേങ്ങലുള്ള ആ പാട്ട്. ആരോ അവളിൽ നിന്ന് അവനെ പറിച്ചെടുത്ത് ഇരുട്ട് വീണ മുറിയിലേക്ക് വലിച്ചെറിഞ്ഞെപ്പോഴായിരുന്നു ആ പാട്ട് പിറന്നത്. പിറന്നയുടൻ കേട്ടിരിക്കുന്നവരുടെ കാതുകളിലത് അത് കൂടു കൂട്ടി. നിന്റെ കൂടുമായി പറന്നു പോ എന്ന് ആ പാട്ടിനോട് നമ്മൾ‌ ഒരിക്കലും പറഞ്ഞില്ല. പറയാനാവുമായിരുന്നില്ല, അതിനത് ചെയ്യാനും.

madhu-aravind

ഗ്രാമത്തിലെ പായൽ പിടിച്ച തൊടികളിൽ അമ്മപ്പശുവിന്റെ പാൽമണമുള്ള തൊഴുത്തിൽ പാൽ കുടിച്ച് മതിയാകാത്ത അതിന്റെ കിടാവിനു പുറകേ ഗ്രാമക്കുളത്തിലെ കൽപ്പടവിൽ പച്ചയും മഞ്ഞയും വിരിച്ചിട്ട നെൽപ്പാടത്തിന്റെ നടുവിൽ പിന്നെ നാട്ടിലെ കണ്ടതു കേട്ടതുമായ കുസൃതിത്തരങ്ങളിലെല്ലാം പാവാടത്തുമ്പുലച്ച് പാറി നടന്ന പെണ്‍കുട്ടിയായിരുന്നു അവൾ. അവന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് അവൾ വന്നത്. പക്ഷേ സ്നേഹത്തിന്റെ അരൂപിയായ ആ ബന്ധനച്ചരട് അവരെ ആർക്കുമകറ്റാനാകാത്ത വിധം ബന്ധിച്ചു. മഞ്ഞുകട്ടകളുടെ വശ്യതയ്ക്കു മീതെയായിരുന്നു ആ പ്രണയം പെയ്തിറങ്ങിയത്. ആ ചിത്രത്തിലെ പാട്ടുകളും അങ്ങനെ പെയ്തിറങ്ങിയതു പോലെയായിരുന്നു. കടലിന് കാവലിരിക്കുന്ന കരയിൽ ആരോ ഉപേക്ഷിച്ച വയലിൻ തന്ത്രികളെ കടൽ മീട്ടിയപ്പോഴുണ്ടായ പാട്ടുകൾ പോലെയായിരുന്നു അവയെല്ലാം.

1992ലായിരുന്നു മധുബാലയും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായ റോജ പുറത്തിറങ്ങിയത്. മണിരത്നത്തിന്റെ എക്കാലത്തേയും മികച്ച ചലച്ചിത്രങ്ങളിലൊന്ന്, എക്കാലത്തേയും ഹിറ്റുകളിലൊന്നും. മണിരത്നത്തിന്റെ സിനിമയേക്കാൾ പ്രണയും രാഷ്ട്രീയവും ഇടകലർന്ന അതിന്റെ പ്രമേയത്തേക്കാൾ അതിരുകൾ കടന്ന് പറന്നുപോയത് അതിലെ പാട്ടുകളായിരുന്നു. ഇന്നും മനസിലാക്കാനാകാത്ത റഹ്മാന്‍ മാന്ത്രികതയുടെ ആദ്യ താൾ തുറക്കുന്നത് ഇവിടെയായിരുന്നു, റോജയിൽ. റഹ്മാന് പുരസ്കാരം നൽകി രാജ്യം ആദ്യം ആദരിച്ചതും ഈ ഗാനങ്ങൾക്ക് പിന്നിലെ അസാമാന്യ കരവിരുതിനാണ്. ഇത്രയും നാൾ ആരും തരാത്ത ഈണക്കൂട്ടുകൾ എ ആർ റഹ്മാനെന്ന ചെറുപ്പക്കാരനുള്ളിൽ കുടിയിരിപ്പുണ്ടെന്ന് ലോകമറിഞ്ഞതും റോജയിലെ പാട്ടുകളിലൂടെയാണ്. അന്ന് റഹ്മാനെ കുറിച്ച് പറഞ്ഞവർക്ക് എഴുതിയവർക്ക് ചർച്ച ചെയ്തത് തെറ്റിയില്ല. കാലം കാത്തിരിക്കുന്ന ഈണങ്ങളുമായി റഹ്മാന്റെ പ്രയാണം കാതങ്ങളകലേക്ക് പൊയ്ക്കേണ്ടേയിരിക്കുന്നു.

ഒരിക്കൽ ചെയ്തു വച്ച ഈണത്തിനു മേൽ പലവട്ടം വീണ്ടും വീണ്ടും പുതിയ ഈണങ്ങൾ വന്നു ചേർന്നു. ഒരു വട്ടമെഴുതിയ കവിതയ്ക്കുള്ളിലെ വരികളിൽ നിന്ന് ഒരായിരം വരികൾ എഴുതിയിടുന്ന പോലെ. പല ശബ്ദങ്ങളിൽ അനേകം ഗായകർ ആ പാട്ടുപാടി. വയലിനും തബലയും മൃദംഗവും പുല്ലാങ്കുഴലും സിത്താറും ഡ്രംസും വീണയും ആ പാട്ടിനുള്ളിൽ‌ പല മുഖങ്ങളിൽ നിറഞ്ഞാടി. എന്നിട്ടും നമുക്ക് മതിയായില്ല. കാതൽ റോജാവേ എന്ന പാട്ട്, വൈരമുത്തുവിന്റെ വരികള്‍ക്ക് എ. ആർ റെഹ്മാനെന്ന പ്രതിഭ ഈണമിട്ട പാട്ട് എസ് പി ബാലസുബ്രഹ്മണ്യവും സുജാതയും പാടിയ പാട്ട്, ഈണങ്ങൾ മാറ്റി പലകുറി നമ്മൾ പാടി എന്നിട്ടും അത് കേട്ട് നമുക്ക് മതിയായിട്ടില്ല. ഇതുവരെ ആ ആർ റെഹ്മാനെന്ന പ്രതിഭയുടെ എത്ര കേട്ടാലും മതിവരാത്ത ഈണമായി അത് നമുക്കൊപ്പമങ്ങനെ ചേർന്നു നിൽക്കുന്നു.

ഗായക സംഘമൊത്തു കൂടുന്ന ഏതു വേദിയിലും ഇന്നും റോജയിലെ ഒരു പാടാറുണ്ട്. എങ്കിലേ കേട്ടിരിക്കുന്നവന്റെ മനസിനുള്ളിലെ സംതൃപ്തി പൂർണമാക്കാനാകൂ എന്നവർ ചിന്തിക്കുന്നു. അല്ലെങ്കിൽ അവന്റെ മനസിന്റെ രസച്ചരട് കൈപ്പിടിയിലൊതുക്കാനുള്ള മന്ത്രമായി ഇന്നും റോജയിലെ ഈണങ്ങൾ അവർ മൂളുന്നു. അവന്റെ കാൽപാദങ്ങൾ പതിഞ്ഞ വഴിയിലേക്ക് പ്രണയത്തിന്റെ തീക്ഷണതയുള്ള കണ്ണുകളുമായി കാത്തിരിക്കുന്ന ഏത് പെൺമനസും അറിയാതെയെങ്കിലും ഈ പാട്ട് മൂളും, അൽപ നേരത്തേക്കെങ്കിലും അടർത്തി മാറ്റിയതിന്റെ വേദനയിൽ ആൺമനസും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.