Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺമണി അൻപൊട് കാതലൻ

kamal-hassan

കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ... ഇതിനു മുൻപോ പിൻപോ മനസിനുള്ളിൽ പ്രണയത്തിന്റെ നിഴലാഴങ്ങളൊരുക്കിയ മറ്റൊരു ഗാനമുണ്ടായിട്ടുണ്ടോ? ചെന്തമിഴിന്റെ ചെന്താർമിഴികളുടെ ഭംഗി തുളുമ്പുന്ന ഈ വരികള്‍ക്ക് ഓരോ കാലഘട്ടത്തിലേയും പ്രണയപങ്കിലമായ മനസുകളെ കീഴടക്കാനാകുന്നത് എന്തുകൊണ്ടാണ്? വിരസത തൊടാതെ വാക്കുകളെ കൂട്ടിക്കെട്ടിയെഴുതിയ ഈരടികളും അതുപോലുള്ള ഈണവും ജാനകിയമ്മയുടെ ആലാപനവുമാണ് അതിനുത്തരം എന്ന് മാത്രം പറഞ്ഞു നിർത്തരുത്. അത് സാധ്യമല്ല. കാരണം പാട്ടിന്റെ ഇടനാഴികളിൽ ആ ശബ്ദം ഉയർന്നു കേൾക്കുന്നില്ലായിരുന്നുവെങ്കിൽ കാലത്തെ അതിജീവിക്കുവാൻ ഈ പാട്ടിനാകുമായിരുന്നില്ല. ഈണവഴികള്‍ക്കിടയിൽ കമൽഹാസന്റെ ശബ്ദമുണ്ടാക്കുന്ന പ്രതിധ്വനി അത്രയേറെ ഊര്‍ജ്ജസ്വലമാണ്.

ഉന്ന നെനച്ച് പാക്കുംപോത് കവിത

മനസില് അരുവി മാതിരി കൊട്ടുത്

ആനാ എന്താ എഴുതണംതാ ഓക്കുംതാ...

അന്താ എഴുതുതാൻ വാർത്തെ...

മുഖത്തും കണ്ണിലും മനസിലും മാത്രമല്ല അഭിനയത്തിന്റെ അതിപ്രസരമില്ലാത്ത ഇതിഹാസ മുഹൂർത്തങ്ങൾ ഈ പാട്ടിനിടയിലൂടെ കമൽഹാസൻ നമ്മുടെ മുന്നിൽ ആടിത്തീർത്തത്. ആ ജീവനുള്ളിലെ സ്വരഭേദങ്ങളുടെ നടനഭാവങ്ങളുടെ അവിസ്മരണീയത കൂടിയാണ് കാണിച്ചുതന്നത്. ചില നടൻമാരെ അകലെനിന്ന് ആരാധനയോടെ സ്നേഹത്തോടെ നമ്മൾ നോക്കിക്കാണും മറ്റു ചിലരെ വീടിനുളളിലെ അകത്തളങ്ങളിലെ കൂട്ടുകാരനാക്കും. കമൽ‌ഹാസനെന്ന നടൻ ഈ രണ്ട് രീതിയിലും നമ്മോടടുത്ത് നിൽക്കുന്നുവെങ്കിൽ അതിനു കാരണങ്ങളിലൊന്ന് ഈ പാട്ടു തന്നെയെന്നതിൽ തർക്കമില്ല.

ഗുണ എന്ന സിനിമ തമിഴ് ചലച്ചിത്ര ലോകത്തെ ക്ലാസികുകളിലൊന്നാണ്. മാനസിക വളര്‍ച്ചയെത്തിയിട്ടില്ലാത്ത ഗുണയായി കമൽഹാസൻ അഭിനയിച്ച ചിത്രം. സങ്കൽപങ്ങളിൽ ഒരു പ്രണയിനിയെ സൃഷ്ടിച്ച്, പൗർണമി ദിനത്തിൽ അവൾ തന്റെ നല്ലപാതിയാകുന്നതും സങ്കൽപിച്ച് ജീവിക്കുന്ന ഗുണ. തനിക്കു ചുറ്റുമെവിടെയോ അവളുണ്ടെന്ന തോന്നലിൽ ഓരോ ദിനത്തേയും പായിക്കുന്ന ഗുണ. ഗുണ ഒടുവിൽ അഭിരാമിയെ കണ്ടെത്തുന്നു. അല്ല തട്ടിയെടുക്കുന്നു. അഭിരാമിയായി അവൻ കാണുന്നത് രോഹിണിയെന്ന പെൺകുട്ടിയെയായിരുന്നു. അവളെയും കൊണ്ട് കാറ്റുചൂളം വിളിക്കുന്ന, മൗനം മാത്രം നിറഞ്ഞു നിൽക്കുന്ന, മഞ്ഞു പൊഴിയുന്ന ഒരു താഴ്‌വാരത്തേക്ക് പോകുന്നു. ആദ്യം ഗുണയെ വെറുക്കുന്നുവെങ്കിലും രോഹിണി പതിയെ തിരിച്ചറിയുന്നു അവനിലെ നിഷ്കളങ്കതയെ. അവിടെ വച്ചാണ് അഭിരാമി ഗുണയുടെ കൺമണിയായി...വരികളായി ശ്വാസമായി കടലാസുകളിലേക്ക് എഴുതപ്പെടുന്നത്. കണ്ണുനീര്‍ പടർത്തി തിരശീല വീഴുന്ന ചിത്രത്തിലെ പ്രശസ്തമായൊരു സംഭാഷണമുണ്ട്....ഇത് മനുഷ്യന്റെ പ്രണയമല്ല, അവനിതിനെ മനസിലാക്കാനുമാകില്ല. അവന്റെ അറിവുകള്‍ക്കപ്പുറമുള്ള പവിത്രതയുണ്ട് ഈ പ്രണയത്തിന്....അതെ ആ പവിത്രത മുഴുവൻ നിറഞ്ഞു നിൽക്കുന്നു ഈ വരികളിൽ. അതിനെ അതിനേക്കാൾ സുന്ദരമായി തന്റെ ശബ്ദ വിന്യാസത്തിലൂടെ തീവ്രമായി സംവദിക്കുവാൻ കമൽഹാസനും സാധിച്ചു....

സംഗീത സംവിധായകൻ ഏത് രാഗവുമൊരുക്കട്ടെ...അനായാസ ആലാപനം കൊണ്ട് ഇന്ത്യന്‍ സംഗീതലോകത്ത് വേറിട്ട് നിൽക്കുന്ന ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം. സിനിമാ പാട്ടുകൾക്കൊപ്പം അമ്പതാണ്ടും ജീവിതത്തിൽ ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ആലാപനംകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന എസ്പിബിയാണ് തെലുങ്കിൽ ഈ പാട്ട് ആലപിച്ചത്. സഹോദരി എസ്പി ഷൈലജയ്ക്കൊപ്പം. ഈ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും കൺമണി അൻപൊട് കാതൽ കേൾക്കുന്ന സുഖം അത് പകർന്നുവോ എന്ന് സംശയമാണ്.

തമിഴിൽ ഇളയരാജ തീർത്ത ഈണത്തിനൊപ്പം കമൽഹാസൻ തനിക്കുള്ളിലെ സംഗീതം കൂടി പകര്‍ന്നാണ് കൺമണി അൻപൊട് പാടിയത്. സനാതന ഭാരതി സംവിധാനം ചെയ്ത ഈ ചലച്ചിത്ര കാവ്യത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് തന്നെ പാട്ടിലെ കമൽഹാസൻ സാന്നിധ്യമാണെന്ന് പറഞ്ഞാലും തെറ്റില്ല. കഥാപാത്രത്തെ ഒരു നടൻ എങ്ങനെ ഉൾക്കൊള്ളണമെന്നതിന് കമൽഹാസനപ്പുറമൊരു മാതൃകയെ ഇന്ത്യ കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. ശബ്ദംകൊണ്ടും ആ വേഷത്തെ എങ്ങനെ തന്റെ ആത്മാവിലേക്ക് സമന്വയിപ്പിക്കാം എന്നദ്ദേഹം നമ്മോട് സംവദിച്ചത് ഗുണയിലെ ഈ ഗാനത്തിലൂടെയാണ്.

അഭിരാമിയേ താലാട്ടും സാമിയെ നാൻതാനേ തെരിയുമാ?....

ശിവഗാമിയേ ശിവനിൽ നീയും പാതിയേ...

അതുവും ഉനക്ക് പുരിയുമാ...

ശുബ ലാലീ ലാലിയേ ലാലീ ലാലിയേ...

അഭിരാമീ ലാലിയേ ലാലീ ലാലിയേ...

തീപ്പന്തങ്ങൾ വെളിച്ചമുതിർക്കുന്ന, പാറക്കെട്ടുകളുടെ വിടവുകൾക്കിടയിലൂടെ ആർത്തലച്ചെത്തുന്ന കാറ്റിന്റെ നിഗൂഢ താളമുള്ളൊരിടത്തിരുന്ന് പാടുന്ന ഈ അവസാന വരികളാണ് പാട്ടിന്റെ ഹൃദയം. വാലി എന്തുകൊണ്ട് തമിഴ് ചലച്ചിത്ര ലോകത്തെ പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരനാകുന്നു എന്നതിനു കൂടിയുള്ള ഉത്തരമാണ് ഗുണയിലെ ഈ ഗാനം. ഇളയരാജ എന്തുകൊണ്ട് ഈണങ്ങളുടെ ചക്രവർത്തിയാകുന്നുവെന്നതിനും...ജാനകിയമ്മയുടെ ആ സ്വരത്തെ പ്രാണൻ കൊടുത്ത് നമ്മളെന്തിന് സ്നേഹിക്കുന്നുവെന്നതിനും.