Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...

ഉള്ളിൽ വേദനയുടെ നെരിപ്പോടെരിയുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം. വരികൾ കൊണ്ടും ഈണംകൊണ്ടും ഭാവം കൊണ്ടും അത്രമേൽ മലയാളിമനസുകൾ ചേർത്തു പിടിച്ച പാട്ടാണ് കിരീടത്തിലെ കണ്ണീർപൂവിന്റെ കവിളിൽ തലോടി....കൈവെള്ളയിലൂടെ ചോർന്നു പോകുകയായിരുന്നു േസതു മാധവനു ജീവിതം. സകലതും നഷ്ടപ്പെട്ടു കഴിഞ്ഞ സേതുവിനു ദേവിയും നഷ്ടപ്പെട്ടേ തീരൂ. കുട്ടിക്കാലം മുതൽ ഒരുമിച്ചു കണ്ട സ്വപ്നങ്ങളത്രയും അവളുടെ നക്ഷത്രക്കണ്ണുകളിൽ നിന്ന് കണ്ണീർപ്പൂക്കളായി അടർന്നു വീഴുമ്പോൾ ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ ഒരായുഷ്ക്കാലത്തിന്റെ ദുഃഖവും മനസിൽ പേറി അവൻ നടന്നകലുകയാണ്.

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി

മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ

പൂത്തുമ്പി എന്തേ മറഞ്ഞു

എന്തേ പുള്ളോർക്കുടം പോലെ തേങ്ങി......

kireeam-image2

ഇതൊരു പ്രണയനഷ്ടത്തിന്റെ മാത്രം ഓർമകളല്ല. വിധിവശാൽ സ്വപ്നങ്ങളും സന്തോഷങ്ങളും അപ്പാടെ നഷ്ടപ്പെട്ടു പോയ ഒരു യുവാവിന്റെ നല്ലകാലത്തിന്റെ ഓർമകളിലേക്കുള്ള തിരിച്ചു പോക്കുകൂടിയാണ്. ഒരു കുടുംബത്തിന്റെ എല്ലാം തികഞ്ഞ നായകനായിരുന്നു സേതു. അച്ഛന്റെ മോഹം സാക്ഷാൽക്കരിക്കാൻ പരിശ്രമിക്കുന്ന മകൻ. അമ്മയുടെ മടിയിൽ വാൽസല്യത്തലോടലേറ്റ് തലച്ചായ്ച്ചു കിടക്കുന്ന കുട്ടി. കൂടപ്പിറപ്പുകളെ അതിരറ്റു സ്നേഹിക്കുന്ന സഹോദരൻ. കണ്ണുകളിൽ കുസൃതിയും ഹൃദയത്തിൽ പ്രണയവും നിറച്ച കള്ളക്കാമുകൻ. വിധിയുടെ കൊടുങ്കാറ്റേറ്റു നിലംപതിക്കും വരെ അയാളൊരു തണൽമരമായിരുന്നു.

സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ചില സീനുകൾ നായകന്റെ ഓർമയായി പാട്ടിൽ കോർത്തിണക്കിയിരിക്കുന്നു. ഒരു പാട്ടിലൂടെ സിനിമ മുഴുവൻ വരച്ചു കാട്ടിയിരിക്കുകയാണ് സംവിധായകൻ സിബിമലയിൽ. അതു കൊണ്ടു തന്നെ കണ്ണീർപ്പൂവിനെ കുറിച്ചു പറയുമ്പോൾ അതു സിനിമ തന്നെയായി മാറുന്നത് യാദൃശ്ചികം മാത്രം.

mohanlal-kireedam-movie

നൊമ്പരഛായയുള്ള ഒരു താരാട്ടീണം കൂടിയാണ് കണ്ണീർപ്പൂവ് കേൾപ്പിക്കുന്നത്. മകനെയോർത്ത് ഉരുകിത്തീരുന്ന ഒരച്ഛന്റെ ഹൃദയം നുറുങ്ങുന്ന വേദനയിൽ നിന്നുള്ള താരാട്ട്. അവനായി കാത്തിരുന്ന കിരീടം പാഴ്ക്കിരീടമായി ചിന്നിച്ചിതറുന്നതു കണ്ട ഒരമ്മയുടെ നെഞ്ചിന്റെ വിങ്ങലിൽ നിന്നുള്ള താരാട്ട്...

ഉണ്ണിക്കിടാവിനു നൽകാൻ, അമ്മ നെഞ്ചിൽ പാലാഴിയേന്തി

ആയിരം കൈനീട്ടി നിന്നു ,സൂര്യതാപമായി താതന്റെ ശോകം

വിടചൊല്ലവേ നിമിഷങ്ങളിൽ ജലരേഖകൾ വീണലിഞ്ഞു

കനിവേകുമീ വെൺമേഘവും മഴനീർ കിനാവായി മറഞ്ഞു

ദൂരേ പുള്ളോർക്കുളം കേണുറങ്ങി..

അച്ഛനെ രക്ഷിക്കാനാണു സേതുവിനു കീരിക്കാടൻ ജോസ് എന്ന തെരുവു ഗുണ്ടയുമായി ഏറ്റുമുട്ടേണ്ടി വരുന്നത്. തികച്ചും സാഹചര്യം വരുത്തിവച്ച ആ വഴക്കിൽ നിന്നായിരുന്നു അയാളുടെ ജീവിതപതനത്തിന്റെ തുടക്കം. അച്ഛന്റെ മോഹം പോലെ എസ്ഐ ആകാൻ കാത്തിരുന്ന മകൻ ഒടുവിൽ ഗൂണ്ടയും കൊലപാതകിയുമായി മാറുന്ന വിധിയുടെ ക്രൂരവിളയാട്ടം .

kireedam-mohanlal

ലോഹിതദാസ് എന്ന അതുല്യപ്രതിഭയുടെ തൂലികയിൽ പിറന്ന തിരക്കഥയോടു പൂർണമായും ഇഴുകി ചേർന്നു നിൽക്കുന്ന ഉദാത്തമായ വരികളും ഈണവും. സേതുവിന്റെ തകർന്നു പോയ മനസിന്റെ വികാര വിചാരങ്ങൾ പൂർണമായും വഹിച്ചു പ്രേക്ഷക ഹൃദയത്തിലേക്കിറക്കുന്നതിൽ കണ്ണീർ പൂവിന്റെ എന്ന പാട്ട് വഹിച്ച പങ്കു ചെറുതല്ല. ജോൺസൺ മാസ്റ്ററുടെ ഈണത്തിനു കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതിയ ഈ ഗാനം 1989ൽ എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു.

ഒരു കുഞ്ഞുപാട്ടായി വിതുമ്പി

മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു

ആരെയോ തേടിപ്പിടഞ്ഞു

കാറ്റുമൊരുപാട് നാളായലഞ്ഞു

കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായ ഈ സംഗീതം ജോൺസന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നാണെന്നു നിസംശയം പറയാം. പാട്ടിന്റെ തുടക്കത്തിലെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ സിനിമയുടെ ഓരോ രംഗങ്ങളും ഒരൊഴുക്കോടെ മനസിലേക്കു കടന്നു വരികയും ഉള്ളുപൊള്ളിക്കുകയും ചെയ്യുന്നു.

kireedam-still-1

പൂന്തെന്നലിൽ പൊന്നോളമായി

ഒരുപാഴ്ക്കിരീടം മറഞ്ഞു

കദനങ്ങളിൽ തുണയാകുവാൻ

വെറുതെ ഒരുങ്ങുന്നു മൗനം

എങ്ങോ പുള്ളോർക്കുടം പോലെ വിങ്ങി....

ഒടുവിൽ വിധിക്കു കീഴ്പ്പെട്ട്, മറഞ്ഞ പാഴ്ക്കിരീടത്തിന്റെ ഭാരവും പേറി വിജനതയിലേക്കു നടന്നുനീങ്ങുന്ന സേതുവിലാണ് പാട്ട് അവസാനിക്കുന്നത്. ഒരു നേർത്ത നൊമ്പരത്തോടെയല്ലാതെ കേൾക്കാൻ കഴിയില്ല കണ്ണീർപ്പൂവിനെ. ഒാർക്കാൻ കഴിയില്ല സേതുമാധവൻ ജീവിച്ചു തീർത്ത കണ്ണീർച്ചാലുകളും.