Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിൽ ഇന്ത കാതൽ...

spb2

കടലിലേക്കുള്ള വഴിതുറക്കുന്ന മണൽ നിറഞ്ഞ പാതയിൽ നിന്ന് പ്രണയിനിക്ക് അവൾ നൽകിയ വരികളെ പാടിക്കൊടുക്കുന്ന പാട്ടുകാരൻ. ഒരു കുഞ്ഞ് കടലാസിലെഴുതിയിടപ്പെട്ട വരികൾക്ക് കറുത്ത കണ്ണുള്ള തമിഴ് പെണ്ണിന്റെ ചേലായിരുന്നു. അവളുടെ മനസിലെ പ്രണയഭാവങ്ങളായിരുന്നു ആ വരികൾക്ക്. വെള്ളിത്തിരയ്ക്കുള്ളിലും പുറത്തും ആ പാട്ടിന് ശബ്ദമായത് ആ പാട്ടുകാരൻ തന്നെയായിരുന്നു. മനസുകളുടെ മറവിയിലേക്ക് ആ പാട്ടൊരിക്കലും കടന്നുപോയതേയില്ല. കാരണം അതുപാടിയത് എസ് പി ബാലസുബ്രഹ്മണ്യമെന്ന പാട്ടുകാരനായിരുന്നു. ഈണിമിട്ടത് ഈണങ്ങളുടെ ചക്രവർത്തി ഇളയരാജയും. പാട്ടേതാണേന്നല്ലേ...മണ്ണിൽ ഇന്ത കാതലണ്ട്രി...

തമിഴകത്തിന്റെ നാടൻചേലുള്ള പാട്ട്. പക്ഷേ പാട്ട് കണ്ടും കേട്ടും വർഷമിത്രയേറെ കടന്നുപോയിട്ടും മനസുകളുടെ കാതലനായി ഇങ്ങനെ ജീവിക്കുവാൻ ഈ പാട്ടിന് സാധിക്കുന്നതിനു പിന്നിലെ മാന്ത്രികതയെന്താണ്. എസ്പിബിയെന്ന അപൂർവ ഗായകന്റെ പകരംവയ്ക്കാനില്ലാത്ത സ്വരമാധുരിയാണോ പാട്ടിന്റെ പ്രത്യേകത. ശ്വാസംവിടാതെ എസ്പിബി പാടിത്തീർത്ത വരികളാണോ പാട്ടിന്റെ പ്രത്യേകത. അതോ അദ്ദേഹം തന്നെ പാടിയഭിനയിച്ചതാണോ പാട്ടിന്റെ പ്രത്യേകത. അതോ ഇളയരാജയുടെ രാജഈണങ്ങളാണോ...അതെന്തായാലും പക്ഷേ പാട്ടുകാരനായി അമ്പതാം വർഷത്തിലേക്ക് നടന്നെത്തിയ എസ്പി ബാലസുബ്രഹ്മണ്യമെന്ന പാട്ടുകാരനെ കുറിച്ചോർക്കുമ്പോൾ ആരുടെയും മനസിലേക്കെത്തുന്ന ഈണങ്ങളിലൊന്ന് തമിഴകത്ത് പിറന്ന് ഇന്ത്യയൊട്ടാകെ കേട്ടാസ്വദിച്ച ഈ മനോഹര‌മായ പാട്ടു തന്നെയാണെന്നതിൽ സംശയമില്ല.

സ്വതസിദ്ധമായ എസ്പിബി പ്രതിഭയെന്തെന്ന് കാലത്തിന് പറഞ്ഞുകൊടുത്ത പാട്ടാണിത്. അമ്പതാണ്ടെന്ന വലിയ നാളുകളിലോരോ ഘട്ടത്തിലും പകരം വയ്ക്കാനില്ലാത്ത എസ്പിബി ഗീതങ്ങൾ നമ്മൾ കേട്ടുകൊണ്ടേയിരിക്കുന്നു. അതിലൊന്നാണ് മണ്ണിൽ ഇന്ത കാതൽ. രാധികയും എസ് പി ബാലസുബ്രഹ്മണ്യവും അഭിനയിച്ച കേളെടി കൺമണി എന്ന ചിത്രത്തിലേതാണീ പാട്ട്.പാട്ടിന്റെ ചരണമാണ് അതിനെ ജനകീയമാക്കിയത്. ശാസ്ത്രീയമായി കർണാടക സംഗീതം പഠിച്ചിട്ടില്ലാത്ത എസ്പിബി ഇടർച്ചയില്ലാതെ പാടിത്തീർത്ത ചരണം. ഇതിന്റെ മാന്ത്രികതയെന്താണെന്നു ചോദിച്ചവർ‌ക്ക് മറുപടി പലതവണ പല വേദികളിൽ ഈ പാട്ടുപാടിക്കൊണ്ട് എസ്പിബി നൽകി.

വയലിനിലൂടെ ഗിത്താറിലൂടെ വീണയിലൂടെ ഈ പാട്ട് പിന്നെയും വായിച്ചപ്പോഴും എസ്ബിപിയുടെ യൗവനം മാറാത്ത ശബ്ദത്തിലീ പാട്ടുകേൾക്കാനായിരുന്നു കാലത്തിനിഷ്ടം. പ്രണയമില്ലാതെ എങ്ങനെ ഈ ഭൂമി നിലനിൽക്കുമെന്ന അർഥത്തിലൂടെ ആരംഭിക്കുന്ന പാട്ടിന്റെ വരികളും ഏറെ മനോഹരം. പാട്ടു തരുന്ന കാൽപനിക സുഖത്തെ ആസ്വദിച്ച് പ്രണയം നിറഞ്ഞ മനസോടെ സംഗീതോപകരണങ്ങളും ഒപ്പം നടന്നു. മണ്ണിൽ ഇന്ത കാതൽ കാലത്തിന്റെ പാട്ടാണ്...അതുകൊണ്ടാണ് വർഷങ്ങളേറെ പിന്നിട്ടിട്ടും അത് കാലാതീതമാകുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.