Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു...

വർണനകളിൽ മുങ്ങിത്താഴുമ്പോഴും അനുരാഗത്തെ പറ്റിയുള്ള ആ വരി കേൾക്കുമ്പോൾ നമ്മുടെ മനസ് ഉറപ്പിക്കുന്നു. ശരിയാണ് അതൊന്നുമല്ല അനുരാഗം. അനിർവചനീയതയാണ് അനുരാഗത്തിന്റെ സൗന്ദര്യമെന്നു നമ്മൾ അപ്പോൾ തിരിച്ചറിയുന്നു. അതിനെല്ലാമപ്പുറം ഒരു നൊമ്പരത്തിന്റെ ഛായ തന്നെയെന്നു സമ്മതിക്കേണ്ടി വരുന്നു. കേവലം രണ്ടു വരിയിൽ മലയാളത്തിന് മറക്കാൻ കഴിയാത്ത ആ പ്രസ്താവന നടത്തിയത് നമ്മുടെ പ്രിയ കവി യൂസഫലി കേച്ചേരിയാണ്. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.

പത്മരാജൻ സിനിമകളിലൂടെ മലയാളത്തിന് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ മനോഹര ഈണത്തിനെ കൂട്ടുപിടിച്ചാണ് ഈ വരികൾ ഓരോരുത്തരുടേയും മനസിൽ കയറിപ്പറ്റിയത്. യേശുദാസിന്റെ ശബ്ദം അത്രമേൽ പ്രിയപ്പെട്ടതായതിനാൽ പിന്നെ അത് ഇറങ്ങി പോയതുമില്ല. മഹത്തരമെന്നു നമ്മൾ കരുതിയതിനു പിന്നിൽ കണ്ണീരിന്റേയും ദുഃഖത്തിന്റേയും കഥയുണ്ടെന്നു പാടുന്നു ഈ പാട്ട്. മേഘത്തിന്റെ കണ്ണീരിൽ ചാലിച്ചത്രേ മാരിവില്ല് വിടരുന്നത്. മുറിവേറ്റ പാഴ്മുളം തണ്ടിൽ നിന്നല്ലേ വേണുസംഗീത്തിന്റെ മാസ്മരികതയിൽ നമ്മൾ കുളിച്ചു നിന്നത്. സംഗീതത്തിലൂടെ ഒരു സാർവ്വലൗകീക ചിന്തയെ കൂടി പകർന്നു തരുന്നിടത്താണ് ഈ ഗാനം അനശ്വരവും മഹത്തരവുമാകുന്നത്.

ജയരാജ് സംവിധാനം ചെയ്ത സ്നേഹം പുറത്തിറങ്ങുന്നത് 1998ലാണ്. ജയറാം, ബിജു മേനോൻ, ജോമോൾ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. പെരുമ്പാവൂർ ജി ഈണമിട്ട് യൂസഫലി രചിച്ച നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒളിച്ചുവയ്ക്കപ്പെട്ട വേദനകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൽ ഈ ഗാനം.