Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്ധ്യേ നീയിന്നാർക്കു സ്വന്തം...?

harikrishnans-song

ഒരേ പോലെ രണ്ടു പേർ പ്രണയിക്കുന്ന ഒരു പെൺകുട്ടി. അവരിൽ ആർക്കാണ് അവളോട് കൂടുതലിഷ്ടം? അത് കണ്ടെത്താൻ അവൾ പലതും ചെയ്യാൻ ശ്രമിക്കുന്നു, എന്നാൽ രണ്ടു പേരും മത്സരിച്ച് തന്നെ സ്നേഹിക്കുന്നതറിയുമ്പോൾ സങ്കടത്തിന്റെ ഒരു കടൽ കണ്ണിലും ഹൃദയത്തിലും നിറച്ച് അവൾ പാടുന്നു...കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം കൊടുത്ത് യേശുദാസും കെ എസ് ചിത്രയും പാടുമ്പോൾ പാട്ടിനു വീണ്ടും തീക്ഷ്ണത കൂടുന്നു...

"പൂജാ ബിംബം മിഴി തുറന്നൂ

താനേ നട തുറന്നൂ

സ്വയംവര സന്ധ്യാ രാജകുമാരി

നിന്നൂ തിരുനടയിൽ

സൂര്യനുണർന്നൂ ചന്ദ്രനണർന്നൂ

മംഗള യാമം തരിച്ചു നിന്നൂ

സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം

സന്ധ്യേ നീയിന്നാർക്കു സ്വന്തം..."

പലപ്പോഴും സിനിമയിൽ നിന്നും ഏറെ വിട്ടു നിൽക്കുന്ന വരികളാണ് അതിലെ ഗാനങ്ങളിൽ കേൾക്കാൻ നിർബന്ധിക്കപ്പെടുന്നതെങ്കിൽ ദൃശ്യഭംഗിയുടെയും സാഹചര്യങ്ങളുടെയും അതെ അനുഭവം ഈ ഗാനത്തിന്റെ വരികൾക്കുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് മറ്റേതു പാട്ടുകളെക്കാളും സിനിമയിൽ ഈ ഗാനം ഏറെ അലിഞ്ഞു പോയതും.ഹരികൃഷ്ണൻസ് എന്ന സിനിമ ഏറെ വ്യത്യസ്തമായത് മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിച്ച് അഭിനയിച്ചത് കൊണ്ട് മാത്രമായിരുന്നില്ല. ജൂഹി ചൗള എന്ന ബോളിവുഡ് സുന്ദരിയുടെ സാന്നിധ്യം, സൂപ്പർ താരങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്താൽ അതുവരെ മലയാള സിനിമ സഞ്ചരിക്കാത്ത ഡബിൾ ക്ളൈമാക്സിന്റെ വഴികളിലൂടെ ഉള്ള പരീക്ഷണം. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം കുഞ്ഞു ശ്യാമിലിയെ കൗമാരപ്രായക്കാരിയാക്കിയുള്ള തിരിച്ചു കൊണ്ട് വരൽ... ഹരികൃഷ്ണൻസിനു അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു. 

"എന്തിനു സന്ധ്യേ നിൻ മിഴിപ്പൂക്കൾ 

നനയുവതെന്തിനു വെറുതേ

ആയിരമായിരം കിരണങ്ങളോടെ

ആശീർവാദങ്ങളോടെ

സൂര്യ വസന്തം ദൂരെയൊഴിഞ്ഞു

തിങ്കൾ തോഴനു വേണ്ടി

സ്വന്തം തോഴനു വേണ്ടി

പൂജാ ബിംബം മിഴി തുറന്നൂ

താനേ നട തുറന്നൂ

സ്വയംവര സന്ധ്യാ രാജകുമാരി

നിന്നൂ തിരുനടയിൽ"

ആരെ തിരഞ്ഞെടുക്കണമെന്നു അവൾക്കറിയില്ലായിരുന്നു. ഇരുളു വീഴുമ്പോൾ മൃദുസ്മിതവുമായെത്തുന്ന ചന്ദ്രനായും ഉദയകിരണമായി നനുത്ത വിരലുകൾ പോലെ സൂര്യനായും രണ്ടു പേർ. അവളുടെ സങ്കടമറിഞ്ഞപ്പോൾ സ്വയം വിട്ടു കൊടുക്കാൻ വരെയുള്ള സ്നേഹം ചങ്കിൽ എടുത്തു വെച്ചവർ. ആരെ വേണമെന്ന് സ്വീകരിയ്ക്കാൻ അവർ അവൾക്ക് സ്വാതന്ത്ര്യം കൊടുത്തപ്പോഴും രണ്ടു പേരോടും ഉള്ള സ്നേഹത്തിന്റെ അളവുകളിൽ അവൾക്ക് തിരഞ്ഞെടുപ്പ് അസാധ്യമാകുമെന്നറിഞ്ഞപ്പോൾ പരസ്പരം വിട്ടു നൽകാൻ തയ്യാറായവർ... പ്രശസ്ത വക്കീലന്മാരായ ഹരിയും കൃഷ്ണനും ആദ്യമായി പരാജയപ്പെട്ടത് അവളുടെ കേസിലായിരുന്നു. അവളുടെ പ്രണയത്തിന്റെ മുന്നിലുള്ള വിചാരണയിലായിരുന്നു.

"സ്വയം വര വീഥിയിൽ നിന്നെയും തേടി 

ആകാശ താരകളിനിയും വരും

നിന്റെ വർണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാൻ

ആ‍ഷാഡ മാസങ്ങളിനിയും വരും

എങ്കിലും സന്ധ്യേ നിന്നാത്മഹാരം 

നിന്നെ മോഹിക്കുമെൻ 

ഏകാന്ത സൂര്യനു നൽകൂ

ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ"

എന്തെന്തു വിഹ്വലതകളാണ്.... വരികളുടെ ഒടുവിൽ പുലരാൻ തുടങ്ങുന്ന സന്ധ്യയെ നോക്കി ഏറ്റവുമൊടുവിൽ അവൾ കരഞ്ഞിരുന്നു. എത്രവട്ടം ഹൃദയത്തോട് ചോദിച്ചിട്ടും ഉത്തരം നൽകാത്ത മനസ്സിനോട് അവൾ കയർത്തിരുന്നു... അവരുടെ മുഖത്തേയ്ക്കു പോലും നോക്കാനാകാതെ, തീരുമാനങ്ങളെടുക്കാനാകാതെ മിടിപ്പ് കൂട്ടി സ്വയം എരിഞ്ഞിരുന്നു. ഒടുവിൽ തുളസിയിലയുടെ നിഷ്കളങ്കതയിലേയ്ക്ക് ഹൃദയം ചേർത്തു വച്ച് അവൾ അയാളുടേതായി...മറ്റേ ആളെ പ്രിയപ്പെട്ട സുഹൃത്താക്കി... പക്ഷെ അതുവരെ അവൾ അനുഭവിച്ച സങ്കടം... കരച്ചിലുകൾ....!

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.