Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂക്കൾ പനിനീർ പൂക്കള്‍...

action-hero-biju

വീടിന്റെ മുറ്റത്ത് ആദ്യമായി വിരിഞ്ഞ പനിനീർ പൂവിനെ നമുക്കെന്തിഷ്ടമായിരുന്നു. അതിനെ വഴിയാത്രക്കാർ അധിക നേരം നോക്കി നിൽക്കുന്നതു പോലും നമുക്ക് ചിലപ്പോൾ ഇഷ്ടപ്പെടുകയില്ല. ആ പൂവ് മഞ്ഞിൽ തണുത്തു നിൽക്കുന്നതും ശലഭങ്ങൾ അതിനെ മുത്തമിടുന്നതും കുഞ്ഞി കണ്ണു തുറന്ന് ആ പൂവ് സൂര്യനിലേക്കു നോക്കുന്നതുമെല്ലാം എന്തൊരു ഭംഗിയാണ്. പിന്നെയൊരു നാൾ അവ കൊഴിഞ്ഞ താഴേക്ക് മണ്ണിലേക്ക് അടർന്നു വീണലിഞ്ഞു തുടങ്ങുമ്പോൾ വല്ലാത്തൊരു സങ്കടവും. ഈ പാട്ടു കേൾക്കുമ്പോഴും അതുപോലെയാണ്. 

പൂക്കൾ പനിനീർ പൂക്കൾ....

മഞ്ഞു തുള്ളി പോലുള്ള ഈണങ്ങളുടെ സൃഷ്ടാവ് ജെറി അമൽദേവ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്കെത്തിയത് ഈ പാട്ടിനൊപ്പമാണ്. പനിനീർ പൂവിലൂടെ പ്രണയത്തെ കുറിച്ചു പാടിയ വരികള്‍ക്ക്, പൂവിതളിൽ ചിത്രശലഭം വന്നു താളമിടുന്നത്രയും ലളിതമായ സംഗീതമാണു ജെറി അമൽ ദേവു പകർന്നത്. പനിനീർ പൂ പോലെ സുന്ദരമായി ആ പാട്ടും. ഒരു പാട്ടിന്റെ വരികളുടെ അർഥമെന്താണോ അത് അതേ നൈർമല്യതയോടെ പ്രേക്ഷകന് അനുഭവിക്കുവാന്‍ കഴിയുമ്പോഴാണ് അതു പൂർണമാകുന്നതെന്നാണ് പറയാറ്. ഇവിടെയും ആ ഘടകമാണു പാട്ടിനെ മനോഹരമാക്കിയത്. 

സന്തോഷ് വർമയുേടതാണ് വരികൾ. ഈണമിട്ട ശേഷമായിരുന്നു പാട്ടെഴുതിയത്. പക്ഷേ ഒരിടത്തു പോലും ഈണങ്ങളിൽ മുഴച്ചു നിൽക്കുന്നില്ല വരികൾ. അതിനു കാരണം രണ്ടു പ്രതിഭകളാണ് ഈ പാട്ടിൽ ഒന്നിച്ചത് എന്നതുകൊണ്ടു തന്നെ.  ആർത്തലയ്ക്കാത്ത ഓർക്കസ്ട്ര കേൾവിക്കാരനു പകരുന്ന അനുഭൂതിയെന്തെന്ന് പനിനീര്‍ പൂക്കളെ കുറിച്ചു പറഞ്ഞു തുടങ്ങിയ പാട്ടിലുണ്ടായിരുന്നു. വഴിയോരത്തേക്കു നോക്കി സായന്തനങ്ങളെ കാണുമ്പോൾ, വെറുതെ ഒറ്റയ്ക്കു നടന്നു പോകുമ്പോൾ ഒപ്പം കൂട്ടാവുന്നൊരു ഗാനമായി അതു മാറിയതും അങ്ങനെയാണ്.