Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖമോ ചന്ദ്രനുദിച്ചതോ?

rishikapoor റിഷി കപൂർ

അനൂപ് മേനോന്റെ ‘ബ്യൂട്ടിഫുൾ കണ്ടതിന് ശേഷം പലരും യൂട്യൂബിൽ തിരഞ്ഞ ഒരു പാട്ടുണ്ട്. മഴനീർത്തുള്ളികളല്ല. ഹോട്ടലിലെ തുടുത്ത വെളിച്ചത്തിൽ ഗിറ്റാറുമായിരുന്ന് അനൂപ് മേനോൻ പാടുന്ന ‘ചെഹ്രാ ഹേ യാ ചാന്ദ് ഖിലാ ഹേ എന്ന പാട്ട്. കിഷോർ കുമാറിന്റെ ശബ്ദത്തിൽ പ്രശസ്തമായ സാഗറിലെ ഈ ഗാനം റീമിക്സുകളുടെ ബലാൽക്കാരങ്ങളൊന്നും ഏൽക്കാതെ മനോഹരമായി പുനഃരവതരിക്കുകയായിരുന്നു ബ്യൂട്ടിഫുളിൽ. ഒരുപാട് പേർക്ക്, മറവി എന്ന് വിളിക്കാനാകാത്ത മയക്കത്തിൽ മുങ്ങി നിന്ന ഓർമകളിലേക്ക് പെട്ടെന്നൊരു തിരിച്ചുപോക്കായിരുന്നു ഈ പാട്ട്.

എൺപതുകളിലെ മനസ്സുകളിൽ പ്രണയത്തിന്റെ കടൽ നിറച്ച ഈ പാട്ടിന്റെ നിത്യയുവത്വം അദ്ഭുതപ്പെടുത്തുന്നതാണ്. ബ്യൂട്ടിഫുൾ കാണും വരെ ആ പാട്ട് കേട്ടിട്ടില്ലാത്ത പുതുതലമുറയും അതിന്റെ ഒറിജിനൽ തിരഞ്ഞു. പാട്ട് കണ്ടെത്തിക്കഴിഞ്ഞ് പടവും കണ്ടു. 85-ലെ സൂപ്പർഹിറ്റായ സാഗറിൽ റിഷി കപൂർ, ഡിമ്പിൾ കപാഡിയ എന്നിവർക്കൊപ്പം കമൽ ഹാസനും മത്സരിച്ച് അഭിനയിച്ചിരുന്നു. ആ വർഷത്തെ ഓസ്കറിൽ ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രി ഈ രമേഷ് സിപ്പി ചിത്രമായിരുന്നു.

ആർ.ഡി ബർമൻ യുഗത്തിലെ മറ്റൊരു സുവർണ അധ്യായമാണ് സാഗർ. ജാവേദ് അക്തർ എന്ന ബഹുമുഖ പ്രതിഭയുടെ വരികളിൽ സാഗറിലെ ഗാനങ്ങൾക്ക് ജീവൻ വച്ചു. ബോളിവുഡിൽ എന്നല്ല ഇന്ത്യൻ സിനിമാസംഗീതത്തിലാകമാനം കാലങ്ങളായി ആവർത്തിക്കപ്പെടുന്ന കാമുകീ വർണന തന്നെയാണ് ഈ ഗാനത്തിലുമുള്ളത്. ചന്ദ്രനെയും പ്രിയപ്പെട്ടവളുടെ മുഖത്തെയും തമ്മിൽ വേർതിരിക്കാനാവാത്ത, മേഘങ്ങളെയും അവളുടെ തലമുടിയെയും ഒരുപോലെ കാണുന്ന കാമുകന്റെ പാട്ട്. അവളെക്കുറിച്ച് അവൻ കാണുന്ന സ്വപ്നങ്ങൾ ഒന്നും അവൾ അറിയുന്നേയില്ല എന്ന പരിഭവം. ഇതെല്ലാം കേട്ട് അവൾ അവനെ പ്രണയിച്ചു പോകും. ഇങ്ങനെ എല്ലാ ആവർത്തനങ്ങൾക്കിടയിലും തലമുറകളെ പ്രണയിപ്പിക്കാനുള്ളഇന്ദ്രജാലം ഈ പാട്ടിൽ നിറയെയുണ്ട്.

കാലമെത്ര കഴിഞ്ഞാലും, ഏതൊക്കെ ജനറേഷൻസ് വന്നാലും ഈ വരികളും ഈണവും ആലാപനവും ആസ്വാദകമനസ്സുകളുടെ വികാരങ്ങളുമായി എന്നും കൈകോർക്കും. കാരണം സംഗതി പ്രണയമല്ലേ? പടമിറങ്ങിയ കാലം തൊട്ട് സ്റ്റേജിൽ കയറി നിന്ന് കാണികൾക്കിടയിലെ കടൽമിഴിയാളെ നോക്കി എത്ര കാമുകന്മാർ ഈ പാട്ട് പാടിയിട്ടുണ്ടാവും. കടൽ പോലെ കണ്ണുള്ളവളേ പറയുമോ നിന്റെ പേര്... എന്ന് നായകൻ ചോദിക്കുമ്പോൾ നാണം കൊണ്ട് മുഖം കൂമ്പിയ എത്ര നായികമാരുണ്ടായിരുന്നിരിക്കാം. ഇനിയുമെത്രപേർ ഉണ്ടാവാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.