Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശമദ്യ ഷാപ്പുകളിൽ സ്ത്രീ നിയമനം വിലക്കുന്നത് ഭരണഘടനാ വിരുദ്ധം: ഹൈക്കോടതി

beverages-corporation

കൊച്ചി∙ സംസ്ഥാന ബവ്റിജസ് കോർപറേഷന്റെ വിദേശമദ്യ ഷാപ്പുകളിൽ സ്ത്രീകൾക്കു നിയമനം വിലക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി. ബവ്കോയുടെ പ്യൂൺ/ഹെൽപർ തസ്തികയിലേക്കുള്ള പിഎസ്‌സി നിയമന ലിസ്റ്റിലുണ്ടായിട്ടും നിയമനം നിഷേധിച്ചതിനെതിരെ കോടതിയിലെത്തിയ സ്ത്രീകളെ രണ്ടാഴ്ചയ്ക്കുള്ളിൽ നിയമിക്കാൻ കോടതി നിർദേശിച്ചു.

കൊല്ലം ചവറ സൗത്ത് സ്വദേശി ബി.സനൂജ തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണു നിർദേശം. ഷാപ്പിലാണോ മറ്റിടങ്ങളിലാണോ എന്നു നോക്കാതെ ലഭ്യമായ ഒഴിവുകളിൽ നിയമനം നൽകണം.

നിലവിൽ ഒഴിവില്ലെങ്കിൽ ഭാവിയിലെ ഒഴിവുകൾ കണക്കാക്കി നിയമനം നൽകണം. ബവ്കോ ഔട്‌ലെറ്റുകളിലും ഷാപ്പുകളിലും സ്ത്രീകളെ നിയമിക്കാതെ റാങ്കിൽ താഴെയുള്ള പുരുഷന്മാർക്കു ലിസ്റ്റിൽ നിന്നു നിയമനം നൽകിയിരുന്നു. ലിസ്റ്റിൽ നിന്നു നടത്തിയ നിയമനങ്ങൾ ഈ വിധിയുടെ അടിസ്ഥാനത്തിൽ എത്രയുംവേഗം പിഎസ്‌സി പുനഃക്രമീകരിക്കണമെന്നു കോടതി വ്യക്തമാക്കി. 

വിദേശമദ്യ ഷാപ്പുകളിലും സ്ത്രീകൾക്കു നിയമനം പാടില്ലെന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ റൂൾസിലെ 7 (37) വ്യവസ്ഥയും വിദേശ മദ്യചട്ടത്തിലെ 36–ാം ലൈസൻസ് വ്യവസ്ഥയും സർക്കാർ ഉത്തരവും മാനിച്ചു ഹർജിക്കാർക്കു നിയമനം നിഷേധിച്ചെന്നാണു പരാതി.

ഷാപ്പിലെ ഒഴിവുകളിൽ സ്ത്രീകളെ നിയമിക്കില്ലെന്ന പിഎസ്‌സി വിജ്ഞാപന വ്യവസ്ഥയും ഹർജിയിൽ ചോദ്യംചെയ്യപ്പെട്ടു. ഈ വ്യവസ്ഥ സ്ത്രീകളോടുള്ള വിവേചനമാണെന്ന വാദം അംഗീകരിച്ചാണു കോടതി നടപടി.

Your Rating: