Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനിൽ രാസവസ്തുക്കൾ: ഉന്നതതല യോഗം ഇന്ന്

Print

കോട്ടയം ∙ രാസവസ്തുക്കൾ കലർത്തിയ മീൻ‍ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുവെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു നടപടികൾക്കായി സർക്കാർ ഉന്നതതല യോഗം ഇന്നു തിരുവനന്തപുരത്തു ചേരും.

കേരളത്തിലെ മൽസ്യബന്ധന മേഖലയിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്ന മീനിൽ സോഡിയം ബെൻസോയൈറ്റ് എന്ന രാസവസ്തു വൻതോതിൽ കലർത്തുന്നുണ്ടെന്നു മലയാള മനോരമയുടെ ‘തിന്നുന്നതെല്ലാം മീനല്ല’ എന്ന അന്വേഷണ പരമ്പര പുറത്തുകൊണ്ടുവന്നിരുന്നു.

ഇതെ തുടർന്ന് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ആരോഗ്യവകുപ്പും ഫിഷറീസ് വകുപ്പും നടപടികളിലേക്കു കടന്നത്.

ഇന്നു ചേരുന്ന യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർക്കു പുറമേ ഫുഡ് സേഫ്റ്റി വിഭാഗം ജില്ലാ മേധാവികളും കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) – സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ഉദ്യോഗസ്ഥരും എത്തും.

ഫിഷറീസ് സർവകലാശാലയിലെ വിദഗ്ധരെയും യോഗത്തിനു വിളിച്ചിട്ടുണ്ട്. മീൻപിടിത്ത ബോട്ടുകൾമുതൽ വ്യാപാരമേഖലവരെ കർശനമായി നിരീക്ഷിക്കുന്നതിനും രാസവസ്തുക്കൾ കലർത്തുന്നതു മാരകമായ രോഗങ്ങൾക്കു കാരണമാകുമെന്നു വ്യക്തമാക്കുന്ന വ്യാപകമായ ബോധവൽക്കരണവുമാണു സർക്കാർ ഉദ്ദേശിക്കുന്ന നടപടികൾ.