Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ വളർത്തുനായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്; 31നു പൂർത്തിയാക്കും

dog-show

തിരുവനന്തപുരം∙ സംസ്ഥാനത്തെ എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് മൃഗസംരക്ഷണ വകുപ്പു വഴി നൽകാനുള്ള നടപടി പുരോഗമിക്കുന്നതായി മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ അറിയിച്ചു. ഈ മാസം 31ന് ഇതു പൂർത്തിയാകും.

ആന്റി റാബീസ് ക്യാംപെയ്നിന്റെ ഭാഗമായി ലഭിച്ച അഞ്ചു കോടി രൂപയ്ക്കുള്ള പ്രതിരോധ മരുന്നുകളുടെ സംഭരണത്തിനു മെഡിക്കൽ സർവീസസ് കോർപറേഷൻ നടപടി തുടങ്ങി. മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ മരുന്ന് പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽ സ്ഥാപനത്തിൽ നിർമിക്കും.

പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്, തിരുവല്ലയിലെ റീജനൽ ലാബ്, കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവിടങ്ങളിൽ മൃഗങ്ങളിലെ പേവിഷ നിർണയത്തിനു സൗകര്യമുണ്ട്. പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഇതിനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

∙ തെരുവുനായ്ക്കളുടെ സംരക്ഷണത്തിനു 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ഷെൽട്ടർ സ്ഥാപിക്കും. കടിയേൽക്കുന്നവർക്കുള്ള ചികിൽസാ സഹായം തുടരും. ഇവർക്കു പ്രത്യേക ധനസഹായം നൽകുന്നതു പരിഗണനയിലാണ്.

∙ സർക്കാർ ആശുപത്രികളോടു ചേർന്ന് 300 ജൻ ഔഷധി സ്റ്റോറുകൾ തുടങ്ങും. ഇതിനായി കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് ഫാർമയും ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ഓഫ് കേരളയുമായി ധാരണയായിട്ടുണ്ട്.

∙ ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ടിനു വിരുദ്ധമായ പരസ്യങ്ങൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപടി സ്വീകരിക്കും. ആയുർവേദ മരുന്നുകളുടെ പരസ്യം നിയന്ത്രിക്കാൻ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തിൽ ഭേദഗതിക്കു കരടു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പ്രാബല്യത്തിൽ വരുന്ന മുറയ്ക്കു നടപടി സ്വീകരിക്കും. ഇതുവരെ 147 കേസെടുത്തു.

മൂന്നു മാസത്തിനിടെ കടിയേറ്റത് 31,114 പേർക്ക്

തിരുവനന്തപുരം∙ കഴിഞ്ഞ മൂന്നു മാസത്തിനിടെ തെരുവുനായ്കളുടെ കടിയേറ്റത് 31,114 പേർക്ക്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുപ്രകാരം തലസ്ഥാന ജില്ലയിലാണ് ഏറ്റവുമധികം പേർക്കു കടിയേറ്റത്– 6,042 പേർ.

പാലക്കാട് 4,305 പേർക്കും കൊല്ലത്ത് 4,123 പേർക്കും കടിയേറ്റു. വയനാട്, കാസർകോട് ഒഴികെ ജില്ലകളിൽ ആയിരത്തിലേറെ പേർക്കു കടിയേറ്റെന്നും മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ രേഖാമൂലം അറിയിച്ചു.

തെരുവുനായ്ക്കളെ കൊല്ലാനും പാടില്ല, പിടിക്കാനും പാടില്ല എന്ന നിലപാടു സാധ്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരുവുനായ്ക്കളെ ആരെങ്കിലും പിടിച്ചു സംരക്ഷിക്കാൻ തയാറാകുന്നെങ്കിൽ പ്രോൽസാഹിപ്പിക്കും.

എന്നാൽ, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇതിനുണ്ടാകണമെന്നു വയനാട്ടിൽ ഗ്രാമപഞ്ചായത്തിന്റെ റജിസ്ട്രേഷൻ ഇല്ലാതെ ബോബി ചെമ്മണൂർ തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനെക്കുറിച്ചുള്ള സി.കെ.ശശീന്ദ്രന്റെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകി. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നു മന്ത്രി ശൈലജയും പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.