Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമയ്ക്കും ദ് വീക്കിനും അഞ്ച് ഏഷ്യൻ പുരസ്കാരം

wan-infra പുരസ്കാരത്തിളക്കം: ക്വാലലംപൂരിൽ നടന്ന ചടങ്ങിൽ വാൻ ഇഫ്ര ഏഷ്യൻ മീഡിയ പുരസ്കാരം ഏറ്റുവാങ്ങിയ മലയാള മനോരമ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ, സീനിയർ ഫൊട്ടോഗ്രഫർ സമീർ.എ.ഹമീദ്, ദ് വീക്ക് ഡപ്യൂട്ടി ഫോട്ടോ എഡിറ്റർ സലിൽ ബേറ, അസിസ്റ്റന്റ് ആർട് എഡിറ്റർ ബിനേഷ് ശ്രീധരൻ, ഡെപ്യൂട്ടി ഫോട്ടോ എഡിറ്റർ ഭാനുപ്രകാശ് ചന്ദ്ര എന്നിവർ വാൻ ഇഫ്ര വേൾഡ് എഡിറ്റേഴ്സ് ഫോറം പ്രസിഡന്റ് മാർസെലാ റെഷ്, ഏഷ്യ പസഫിക് ചെയർമാൻ പാട്രിക് ഡാനിയൽ എന്നിവർക്കൊപ്പം.

ക്വാലലംപുർ (മലേഷ്യ) ∙ പത്രസ്ഥാപനങ്ങളുടെ രാജ്യാന്തര സംഘടനയായ വാൻ ഇഫ്രയുടെ ഏഷ്യൻ മീഡിയ അവാർഡുകളിൽ രണ്ടെണ്ണം മലയാള മനോരമയും മൂന്നെണ്ണം ദ് വീക്കും നേടി. മലയാള മനോരമയുടെ നേതൃത്വത്തിൽ മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി നടപ്പാക്കിയ ആർദ്രകേരളം പദ്ധതി, സാമൂഹികസേവന വിഭാഗത്തിൽ രജതപുരസ്കാരം നേടി.

മനോരമ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ പുരസ്കാരം ഏറ്റുവാങ്ങി. സ്പോർട്സ് ഫൊട്ടോഗ്രഫി വിഭാഗത്തിൽ സീനിയർ ഫൊട്ടോഗ്രഫർ സമീർ എ.ഹമീദിന്റെ ‘മഡ് സോക്ക് വണ്ടർ’ രജതപുരസ്കാരം നേടി.

ന്യൂസ് ഫൊട്ടോഗ്രഫി വിഭാഗത്തിൽ ദ് വീക്ക് ഡെപ്യൂട്ടി ഫോട്ടോ എഡിറ്റർ ഭാനുപ്രകാശ് ചന്ദ്രയുടെ ‘ബുൾ ബൈ ദ് ഹോൺസ്’ സുവർണപുരസ്കാരവും ഡെപ്യൂട്ടി ഫോട്ടോ എഡിറ്റർ സലിൽ ബേറയുടെ ‘നേപ്പാൾസ് ഇല്ലീഗൽ കിഡ്നി റാക്കറ്റ്’ വെങ്കലവും നേടി.

മാഗസിൻ കവർ ഡിസൈനിലെ വെള്ളി പുരസ്കാരം ദ് വീക്കിലെ അസിസ്റ്റന്റ് ആർട് എഡിറ്റർ ബിനേഷ് ശ്രീധരൻ ഒരുക്കിയ ‘മോഡീസ് ഔട്ട്‌ഡേറ്റഡ് ആർമി’ക്കാണ്. ക്വാലലംപുരിൽ നടന്ന പബ്ലിഷ് ഏഷ്യ കോൺഫറൻസിനോടനുബന്ധിച്ചു നടന്ന പുരസ്കാരവിതരണച്ചടങ്ങ് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് ഉദ്ഘാടനം ചെയ്തു.