Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളനാട് സന്തുഷ്ടമാണോ? ഉത്തരം തേടി മനോരമ ന്യൂസ്

manorama-news

കൊച്ചി∙ കേരളം സന്തുഷ്ടമാണോ? അതിന്റെ ആഴമെത്ര? ഈ സന്തോഷത്തിന്റെ അളവറിയാൻ മനോരമ ന്യൂസ് നടത്തുന്ന സർവേയിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കു പങ്കെടുക്കാം. ജൂൺ മൂന്നിനു കൊച്ചിയിൽ നടക്കുന്ന മനോരമ ന്യൂസ് കോൺക്ലേവിനു മുന്നോടിയായാണു സർവേ.

വിദ്യാഭ്യാസത്തിലും സമ്പത്തിലും സാമൂഹികബോധത്തിലും താരതമ്യേന മുന്നിലുള്ള, സംസ്കാരസമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾ പൊതുഇടങ്ങളിൽ സമൂഹതാൽപര്യങ്ങൾക്കു വിരുദ്ധമായി എന്തുകൊണ്ടു പെരുമാറുന്നു. വീട്ടിലും നാട്ടിലും സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ്? സ്ത്രീകൾക്കു തുല്യപദവി ലഭിക്കുന്നുണ്ടോ?

വെള്ളം, വൈദ്യുതി, റോ‍ഡ്, പൊതുശുചിത്വം തുടങ്ങിയ സർക്കാർ സേവനങ്ങളിൽ മലയാളികൾക്ക് എത്രത്തോളം തൃപ്തിയുണ്ട്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണു ഹാപ്പിനെസ് ഇൻഡക്സ് സർവേയിലൂടെ മനോരമ ന്യൂസ് തേടുന്നത്. ലോക ഹാപ്പിനെസ് ഇൻഡക്സ് സർവേയിൽ 122 ആണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യയിലെ നഗരങ്ങളിലെ സന്തോഷം അന്വേഷിച്ച സർവേയിൽ കൊച്ചിയുടെ സ്ഥാനം പതിമൂന്നും. അതേസമയം, കേരളത്തിന്റെ സന്തോഷം അളക്കുന്ന സർവേ ഇതുവരെ നടന്നിട്ടില്ല. വികസിത രാജ്യങ്ങളിൽ ഹാപ്പിനെസ് സർവേ ആണു പലപ്പോഴും അവരുടെ ഭരണമികവിന്റെ അളവുകോലായി കണക്കാക്കപ്പെടുന്നത്.

നോർവെ, ഡെന്മാർക്ക്, ഐസ്‌ലൻഡ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളാണു ഹാപ്പിനെസ് സർവേയിൽ നിലവിൽ മുന്നിലുള്ള രാജ്യങ്ങൾ. കേരളത്തിന്റെ സന്തോഷം അളക്കുന്ന സർവേയിൽ പങ്കെടുക്കാൻ www.manoramanews.comൽ ലോഗിൻ ചെയ്യുക.