Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വകുപ്പ് മാറി കുറ്റപത്രം: കേസ് നടപടി കോടതി റദ്ദാക്കി

video-porn-fb-spam

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു ഫെയ്സ്ബുക്കിൽ അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതിനു സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുപ്രകാരം പത്തനംതിട്ട പൊലീസിന്റെ കുറ്റപത്രം.

സ്ത്രീകൾക്കെതിരെയുള്ള കുറ്റമാണെങ്കിൽ മാത്രമേ ഈ വകുപ്പനുസരിച്ചു പ്രോസിക്യൂഷൻ സാധ്യമാകൂ എന്നു ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രതിയായ കൊല്ലം സ്വദേശി പ്രമോദ് സമർപ്പിച്ച ഹർജിയിൽ പൊലീസിന്റെ അന്തിമ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കിക്കൊണ്ടാണു കോടതി നിർദേശം. 

പ്രതി 2016 ജൂലൈ 10 മുതൽ അശ്ലീലാശയങ്ങൾ നിറഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും ഫെയ്സ്ബുക് വഴി പരാതിക്കാരന് അയച്ചുവെന്നാണു പ്രോസിക്യൂഷൻ കേസ്. എന്നാൽ, പരാതിക്കാരൻ ആൺകുട്ടിയായതിനാൽ ഈ വകുപ്പുപ്രകാരം കുറ്റം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. 

സ്ത്രീയെ അപമാനിക്കുന്നതോ അപമാനിക്കണമെന്ന് ഉദ്ദേശിച്ചുള്ളതോ ആയ നടപടികളാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509–ാം വകുപ്പുപ്രകാരം കുറ്റകരമെന്നു കോടതി ചൂണ്ടിക്കാട്ടി.

മൂന്നുവർഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. എന്നാൽ, കുറ്റകൃത്യത്തിന് ഇരയാകുന്ന വ്യക്തി സ്ത്രീയാകണം. ഇവിടെ പതിനേഴുകാരനായ ആൺകുട്ടിയാണ് ഇരയെന്നതിനാൽ പ്രോസിക്യൂഷൻ നടപടികൾ തുടർന്നാലും വിജയകരമാവില്ലെന്നു കോടതി വ്യക്തമാക്കി.