Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ നൽകുന്നത് ഉപാധിരഹിത പട്ടയം

തിരുവനന്തപുരം∙ ഇടുക്കിയിൽ വിതരണം ചെയ്യുന്നത് ഉപാധിരഹിത പട്ടയമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. പട്ടയങ്ങൾ സോപാധികമാണെന്ന വിമർശനം വ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്. ഏകദേശം 5500 പട്ടയമാണ് ഇന്ന് ഇടുക്കിയിൽ വിതരണം ചെയ്യുന്നത്.

ഇതിൽ 3500 പട്ടയങ്ങളും 1993ലെ ഭൂമി പതിവു ചട്ടങ്ങൾ പ്രകാരം 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ കർഷകർക്കാണ്. കേന്ദ്രാനുമതിയോടെ നൽകുന്ന ഈ പട്ടയങ്ങൾ ഉപാധിരഹിതമാണ്. ഉപാധികൾ നിഷ്കർഷിച്ചിട്ടുള്ളത് 1964 ലെ ഭൂപതിവു ചട്ടങ്ങൾ പ്രകാരം നൽകുന്ന പട്ടയങ്ങൾക്കാണ്.

പതിച്ചു നൽകാമെന്നു കണ്ടെത്തിയ റവന്യൂ ഭൂമിയിലെ കൈവശക്കാർക്കും ചട്ടത്തിൽ പറയുന്ന അർഹത ഉറപ്പാക്കിയിട്ടുള്ള ഭൂരഹിതർക്കുമാണ് 1964 ലെ ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുനൽകുന്നത്. കൃഷിക്ക് ഒരു ഏക്കറും ഭവന നിർമാണത്തിന് 15 സെന്റുമാണ് ഇത്തരത്തിൽ പതിച്ചുനൽകാൻ കഴിയുക.

ഇങ്ങനെ പട്ടയം കിട്ടുന്നവർക്കു ഭൂമി കൈമാറാൻ 25 വർഷം കഴിഞ്ഞേ സാധ്യമാകുമായിരുന്നുള്ളു. ഇതു 12 വർഷമായി റവന്യൂ വകുപ്പ് കുറച്ചിട്ടുണ്ട്. അതോടൊപ്പം, ഭൂമി പണയപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ ഇളവു ചെയ്തിട്ടുമുണ്ട്. വീട് വയ്ക്കാനോ കൃഷി ആവശ്യത്തിനോ ഭൂമി അഭിവൃദ്ധിപ്പെടുത്തുന്നതിനോ സർക്കാരിനോ ധനകാര്യ സ്ഥാപനത്തിനോ പണയം വയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഇതുകൂടാതെ 1986 ലെ വൃക്ഷസംരക്ഷണ നിയമത്തിന്റെ 22-ാം വകുപ്പ് അനുസരിച്ച് ഏതു മരം മുറിക്കാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി വേണമെന്ന നിബന്ധനയിൽ ഇളവുവരുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ലഭ്യമാകുന്ന ഇളവ് ഇന്നു നൽകുന്ന പട്ടയങ്ങൾക്കു കൂടി ബാധകമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.