Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 മുതൽ ജൂലൈ 31വരെ ട്രോളിങ് നിരോധനം

Trawling.ban

തിരുവനന്തപുരം ∙ സംസ്ഥാനത്തു 15 മുതൽ ജൂലൈ 31വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ ജൂൺ ഒന്നു മുതൽ 62 ദിവസമാണു ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളം ഒഴികെ സംസ്ഥാനങ്ങൾ ഇതു പാലിക്കുന്നു.

കേരളത്തിലെ മൽസ്യത്തൊഴിലാളികൾക്കു തീരത്തുനിന്നു 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) അപ്പുറം പോയി മൽസ്യബന്ധനം നടത്താനാവില്ല. അവിടം കേന്ദ്രത്തിന്റെ പരിധിയിലാണ്. കേരളത്തിൽ 15 വരെ ട്രോളിങ് നിരോധനം ഇല്ലാത്തതിനാൽ ഇവിടത്തെ തീരത്തു തിരക്കേറി. 12 നോട്ടിക്കൽ മൈൽ അപ്പുറം പോയി ആഴക്കടൽ മൽസ്യബന്ധനം നടത്തിയിരുന്ന ബോട്ടുകൾ ഇപ്പോൾ തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ വരെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.

കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കിയുള്ള മൽസ്യബന്ധനമാണ് ഇവരുടേത്. ഇതു പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കും. സംസ്ഥാനത്ത് 3500 ആഴക്കടൽ മൽസ്യബന്ധന ബോട്ടുകൾ ഉണ്ടെന്നാണു പറയുന്നതെങ്കിലും ആറായിരത്തിലധികം ഉണ്ട്.