Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലായിപ്പുഴ നവീകരണം: സമഗ്ര മാസ്റ്റർപ്ലാൻ ഉടൻ തയാറാക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്

kallayi മലയാള മനോരമ കോഴിക്കോട്ടു നടത്തിയ കല്ലായിപ്പുഴ രക്ഷാ സെമിനാർ ‘കല്ലായിക്കനവത്ത്’ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ, മോഡറേറ്റർ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, കലക്ടർ യു.വി. ജോസ് തുടങ്ങിയവർ സമീപം.

കോഴിക്കോട് ∙ കല്ലായിപ്പുഴ നവീകരണത്തിനുള്ള സമഗ്രമായ മാസ്റ്റർപ്ലാൻ ഉടൻ തയാറാക്കുമെന്നു മന്ത്രി മാത്യു ടി. തോമസ്. മലയാള മനോരമ സംഘടിപ്പിച്ച ‘കല്ലായിക്കനവത്ത്’ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുഴ മാത്രമായല്ല, നീർമറി മേഖലാധിഷ്ഠിത പരിപാലനം (വാട്ടർഷെഡ് മാനേജ്മെന്റ്) എന്ന നിലയിൽ വേണം പദ്ധതി തയാറാക്കാൻ.

ഇതിനായുള്ള വിശദമായ പദ്ധതിരേഖ രൂപപ്പെടുത്താൻ യോഗ്യതയുള്ള കൺസൽറ്റൻസിയെ നിയോഗിക്കാവുന്നതാണ്. പദ്ധതി നടപ്പാക്കാനായി പ്രത്യേക നിർവഹണ സംവിധാനം (സ്പെഷൽ പർപ്പസ് വെഹിക്കിൾ) രൂപീകരിക്കുന്ന കാര്യം സർക്കാരിനു മുൻപിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കല്ലായിപ്പുഴയെ അല്ല, ഏതു പുഴയെ രക്ഷിക്കാനും ശക്തമായ ജനമുന്നേറ്റമുണ്ടാകണം. നാട്ടുകാർ മുന്നിട്ടിറങ്ങിയാൽ തടസ്സങ്ങൾ ഇല്ലാതാകും. പത്തനംതിട്ട–ആലപ്പുഴ ജില്ലകളിലായി ഒഴുകിയിരുന്ന വരട്ടാർ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇതിനുദാഹരണമാണ്. 

കല്ലായിപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചേ മതിയാകൂ. അതേസമയം, പുഴയോരത്തു താമസിക്കുന്ന പാവപ്പെട്ടവരുണ്ടെങ്കിൽ അവർക്കായി പുനരധിവാസ പദ്ധതി നടപ്പാക്കേണ്ട ചുമതല സർക്കാരിനുണ്ട്. കനോലി കനാൽ ഉൾപ്പെട്ട ഗതാഗത ജലപാത യാഥാർഥ്യമാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

അതിനാൽ കനാലിനായി പദ്ധതികൾ നടപ്പാക്കുമ്പോൾ ജലപാത വികസനവുമായി ഒത്തുപോകാൻ ശ്രദ്ധിക്കണം. കല്ലായിപ്പുഴ– കനോലി കനാൽ സംരക്ഷണത്തിനായി കർമ സമിതി രൂപീകരിക്കണമെന്ന നിർദേശം എം.കെ. രാഘവൻ എംപി മുന്നോട്ടുവച്ചു. കല്ലായിപ്പുഴ നവീകരണത്തിനായി സംയോജിത എംഎൽഎ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് എംഎൽഎമാരായ എം.കെ. മുനീർ, എ. പ്രദീപ്കുമാർ, പി.ടി.എ. റഹീം എന്നിവർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത്, കോഴിക്കോട്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകൾ, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകൾ എന്നിവയുടെ സംയോജിത ഫണ്ട് ഉപയോഗിച്ച് മാമ്പുഴ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും അറിയിച്ചു.

പുഴയുമായി ബന്ധപ്പെട്ട സർവേ സ്കെച്ചുകൾ പരിശോധിച്ചു ജണ്ട സ്ഥാപിക്കുന്ന ജോലികൾ അടുത്തയാഴ്ച തുടങ്ങുമെന്ന് കലക്ടർ യു.വി. ജോസും അറിയിച്ചു.