Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലിയർ ഐഎഎസ്: വീടു തന്നെ ഓഫിസ്

statrt-up

കൊച്ചി ∙ ആലപ്പുഴ എടത്വക്കാരൻ അലക്സ് ആൻഡ്രൂസ് ജോർജെന്ന യുവാവ് നാലഞ്ചു കൊല്ലം മുൻപു ടിസിഎസിനോടു ടാറ്റ പറഞ്ഞിറങ്ങിയതു സിവിൽ സർവീസെന്ന സ്വപ്നത്തെ എത്തിപ്പിടിക്കാനാണ്. പ്രിലിമിനറി, െമയിൻ പരീക്ഷകൾ വിജയിച്ചുവെങ്കിലും അവസാനഘട്ട കൂടിക്കാഴ്ചയെന്ന കടമ്പയിൽ ആ മോഹം തട്ടിയുടഞ്ഞു; ഒന്നല്ല, രണ്ടു വട്ടം. ഒരിക്കൽക്കൂടി ശ്രമിക്കുന്നതിനു പകരം അലക്സ് ചെയ്തതു മറ്റൊന്നാണ്.

അലക്സ് ആൻഡ്രൂസ് ജോർജ് അലക്സ് ആൻഡ്രൂസ് ജോർജ്

നേരേ പോയി ഒരു വെബ്സൈറ്റ് തുറന്നു; പിന്നാലെ ഒരാപ്പും. ഒരു മാസം 10 -15 ലക്ഷം പേരാണ് ആ വെബ്സൈറ്റിന്റെ ഹോം പേജ് സന്ദർശിക്കുന്നത്. ആപ് ഡൗൺലോഡ് ചെയ്തവർ നാലു ലക്ഷം കവിഞ്ഞു. സിവിൽ സർവീസിനു സ്വയം പഠിക്കാനുള്ള പരിശീലന പദ്ധതിയാണു സൈറ്റിന്റെയും ആപ്പിന്റെ ഉള്ളടക്കം. ആർക്കും പഠിക്കാം, സൗജന്യമായി! കേരളത്തിൽ നിന്ന് ഇത്തരത്തിലെ ആദ്യ സംരംഭമാണിത്. അലക്സ് പറയുന്നു.

∙ ക്ലിയർ ഐഎഎസ്
സിവിൽ സർവീസിനു പഠിച്ചപ്പോൾ അലക്സ് ഉപയോഗിച്ചിരുന്ന പഠനക്കുറിപ്പുകൾ തന്നെയായിരുന്നു ക്ലിയർ ഐഎഎസ് ഡോട് കോമിലെയും ആപ്പിലെയും ആദ്യ സ്റ്റഡി മെറ്റീരിയൽ. സിവിൽ സർവീസ് പരീക്ഷയിലെ ടോപ്പർമാരുമായുള്ള ഇന്റർവ്യൂ, ഐഐടികളിലെയും ഐഐഎമ്മുകളിലെയും മറ്റും ഫാക്കൽറ്റികളുടെ മാർഗനിർദേശങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങളുടെ വിശദാംശങ്ങൾ, ഇ ബുക്സ് തുടങ്ങി ഉള്ളടക്കം വലുതായി. 31 മോക് ടെസ്റ്റുകൾ ഉൾപ്പെട്ട പഠനപദ്ധതിയാണ് ക്ലിയർ ഐഎഎസിലുള്ളത്. സിവിൽ സർവീസ് പഠനകാലത്തെ സൗഹൃദക്കൂട്ടായ്മകളായിരുന്നു ക്ലിയർ ഐഎഎസിന്റെ പിന്തുണ.

∙ സോഷ്യൽ സ്റ്റാർട്ടപ്
തനിക്കു കഴിയാതിരുന്നതു നേടിയെടുക്കാൻ മറ്റുള്ളവർക്കു വഴികാട്ടുന്ന സംരംഭത്തെ അലക്സ് വിളിക്കുന്നതു സോഷ്യൽ സ്റ്റാർട്ടപ് എന്നാണ്. ആർക്കും സൈറ്റും ആപ്പും സൗജന്യമായി ഉപയോഗിക്കാം. എന്റേത് ഒരു ലാപ്ടോപും കംപ്യൂട്ടറുമായി ഒറ്റയ്ക്കു തുടങ്ങിയ സംരംഭമാണ്. ‘ബെഡ്റൂം സ്റ്റാർട്ടപ്’ എന്നും പറയാം. ഇപ്പോഴും, ഓഫിസില്ല എനിക്ക്. വീടു തന്നെയാണ് ഓഫിസ്- ചിരിയോടെ അലക്സ്. സിവിൽ സർവീസിനപ്പുറം, മറ്റു മൽസര പരീക്ഷകൾക്കായും ഓൺലൈൻ പരിശീലനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് അലക്സ്.

∙ ടിപ് ബൈ അലക്സ്
സ്റ്റാർട്ടപ് തുടങ്ങും മുൻപേ ആ ആശയത്തിന് എത്രത്തോളം സാധ്യതയുണ്ടെന്നു പഠിക്കണം. ജനങ്ങളുടെ എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന, അല്ലെങ്കിൽ അവരുടെ ജീവിതം കൂടുതൽ സുഖകരമാക്കുന്ന ആശയങ്ങളാണു വിജയിക്കുക.

Your Rating: