Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബിടി അക്കൗണ്ടുകൾ ഇന്ന് എസ്ബിഐയിലേക്ക്

sbi-merger

തിരുവനന്തപുരം ∙ ലയനത്തിനു പിന്നാലെ, എസ്ബിടി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്ബിഐയുടെ കംപ്യൂട്ടർ ശൃംഖലയിലേക്കു കൈമാറുന്ന പ്രവൃത്തി ഇന്നും നാളെയുമായി നടക്കും. ലയനത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ ഡേറ്റാ കൈമാറ്റം നടക്കുന്നതിനാൽ എസ്ബിടിയുടെ കീഴിലുണ്ടായിരുന്ന എടിഎമ്മുകളുടെ പ്രവർത്തനം ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ നിർത്തിവയ്ക്കും.

എസ്ബിഐയുടെ ഇടപാടുകൾ ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ ആറു വരെയും രാജ്യവ്യാപകമായി മരവിപ്പിക്കും. കോർപറേറ്റ്, സംസ്ഥാന/കേന്ദ്ര സർക്കാർ അക്കൗണ്ടുകളുടെ ഇടപാടുകൾ ഇന്നു രാത്രി എട്ടു മുതൽ തന്നെ തടസ്സപ്പെടും. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ, അടയ്ക്കൽ തുടങ്ങിയ സേവനങ്ങളൊന്നും ഇൗ 12 മണിക്കൂർ നേരത്തു ലഭിക്കില്ല. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റാ കൈമാറ്റം കഴിയുമ്പോൾ എസ്ബിടി ഇടപാടുകാർക്ക് എസ്ബിഐയുടെ എല്ലാ സേവനങ്ങളും ലഭ്യമാകും.

ഒപ്പം എസ്ബിഐ ഇൗയിടെ ഏർപ്പെടുത്തിയ മിനിമം ബാലൻസില്ലെങ്കിൽ പിഴയെന്ന പരിഷ്കാരവും മറ്റും ഫീസുകളും പഴയ എസ്ബിടി ഇടപാടുകാർക്കും ബാധകമാകും. ഒന്നേകാൽ കോടി എടിഎം കാർഡുകൾ വിതരണം ചെയ്തിട്ടുള്ള എസ്ബിടിക്കു കീഴിൽ സംസ്ഥാനത്തും പുറത്തുമായി 1,368 എടിഎമ്മുകളുണ്ട്.

അഞ്ച് അനുബന്ധ ബാങ്കുകളിൽ എസ്ബിടിയുമായാണ് എസ്ബിഐയുടെ ആദ്യ ഡേറ്റാ കൈമാറ്റം. തുടർന്നുള്ള ആഴ്ചകളിൽ മറ്റു അനുബന്ധ ബാങ്കുകളുടെ ഡേറ്റ എസ്ബിഐയുമായി സംയോജിപ്പിക്കുന്നതിനാൽ മേയ് 27 വരെ എസ്ബിഐ ഇടപാടുകൾ അടിക്കടി തടസ്സപ്പെടും. ലയനം കഴിഞ്ഞ ഒന്നിനു നിലവിൽ വന്നെങ്കിലും ഇന്നത്തെ ഡേറ്റാ കൈമാറ്റത്തോടെയാണ് എസ്ബിടി ഇടപാടുകാരെല്ലാം എസ്ബിഐ ശൃംഖലയുടെ ഭാഗമാകുക.

എസ്ബിടി ശാഖകളുടെ ഐഎഫ്എസ്‌സി കോഡും ബ്രാഞ്ച് കോഡും എസ്ബിഐ ശ്രേണിയിൽ ഉൾപ്പെടുത്തുന്നതിനായി അടുത്തഘട്ടത്തിൽ മാറ്റും. എസ്ബിടിയിലും എസ്ബിഐയിലും ഒരേ അക്കൗണ്ട് നമ്പർ ഉണ്ടായിരുന്ന ചുരുക്കം പേർക്കു ഡേറ്റ കൈമാറ്റം മുന്നിൽക്കണ്ട് പുതിയ അക്കൗണ്ട് നമ്പർ കഴിഞ്ഞ മാസം തന്നെ നൽകിയിരുന്നു. ഇരു ബാങ്കുകളിലും അക്കൗണ്ടുണ്ടായിരുന്നവർക്ക് അവ ലയിപ്പിച്ച് ഒറ്റ അക്കൗണ്ട് നമ്പരാക്കി മാറ്റാനും ഇനി കഴിയും.

ഓൺലൈനായി ഉൽപന്നങ്ങൾ വാങ്ങുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനും കൂടുതൽ സ്വീകാര്യത എസ്ബിഐക്ക് ആയതിനാൽ ഇൗ സൗകര്യങ്ങളും ഇനി എസ്ബിടിയിൽ നിന്നെത്തിയവർക്കു ലഭിക്കും. ഇതുവരെ എസ്ബിടി ഇടപാടുകാർ പണമടയ്ക്കാനും മറ്റും എസ്ബിടി ഓപ്ഷനാണു തിരഞ്ഞെടുത്തിരുന്നതെങ്കിൽ നാളെ മുതൽ എസ്ബിഐ തിരഞ്ഞെടുക്കണം.

എസ്ബിടിയും അനുബന്ധ ബാങ്കുകളും മൊബൈൽ ബാങ്കിങ്ങിനായി നൽകിയിരുന്ന ‘എസ്ബി എനിവേർ’ എന്ന ആപ്ലിക്കേഷൻ ‘എസ്ബി എനിവേർ പഴ്സനൽ’ എന്നാക്കി മാറ്റിയിട്ടുണ്ട്. പഴയ എസ്ബിടി ഇടപാടുകാർ ഇനി മൊബൈൽ ബാങ്കിങ്ങിനായി ‘എസ്ബി എനിവേർ പഴ്സനൽ’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം. ഇപ്പോഴുള്ള യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചുതന്നെ ലോഗിൻ ചെയ്യാം.

എസ്ബിടി ഇടപാടുകാരായിരുന്നവർ എസ്ബിഐയിലേക്ക് ഓൺലൈനായി പണം കൈമാറുമ്പോൾ ‘മറ്റു ബാങ്കുകൾ’ എന്ന ഓപ്ഷനാണ് ഇപ്പോഴും തിരഞ്ഞെടുക്കേണ്ടി വരുന്നത്. ഡേറ്റ സംയോജനത്തോടെ ഇത് ഒറ്റ ബാങ്കിനുള്ളിലെ ഇടപാടായി മാറും.

സ്റ്റേറ്റ് ബാങ്ക് ബഡ്ഡി, എസ്ബിഐ ആധാർ പേ, എസ്ബിഐ ക്വിക്ക്, എസ്ബിഐ പേ, സ്റ്റേറ്റ് ബാങ്ക് മൊബി ക്യാഷ്, സ്റ്റേറ്റ് ബാങ്ക് നോ ക്യൂ, എസ്ബിഐ ലോൺസ്, സ്റ്റേറ്റ് ബാങ്ക് എം ക്യാഷ്, എസ്ബിഐ ഡിജി വൗച്ചർ തുടങ്ങിയ എസ്ബിഐ ആപ്ലിക്കേഷനുകളും ഇനി എസ്ബിടിക്കാർക്കു സ്വന്തം. അഞ്ച് അനുബന്ധ ബാങ്കുകളുമായുള്ള ഡേറ്റാ സംയോജനത്തിനു ശേഷം എസ്ബിഐ ഇടപാടുകാരുടെ എണ്ണം 50 കോടി കവിയും.

രാജ്യത്തെ ഏറ്റവും വലിയ ഓറക്കിൾ ഡേറ്റാബേസും (500 ടെറാബൈറ്റ്) ഇതോടെ എസ്ബിഐക്കു സ്വന്തമാകും.