Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിവത്സര പദ്ധതി നടപ്പാക്കാന്‍ നിതി ആയോഗ്: ഇന്ന് യോഗം ചേരും

niti-aayog

ന്യൂഡൽഹി ∙ ആസൂത്രണക്കമ്മിഷനും പഞ്ചവത്സര പദ്ധതികളും അവസാനിച്ചതോടെ നിതി ആയോഗിന്റെ നേതൃത്വത്തിൽ ത്രിവത്സര പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും. രാഷ്ട്രപതി ഭവനിൽ നിതി ആയോഗിന്റെ ഗവേണിങ് കൗൺസിൽ യോഗം ചേരും. നിതി ആയോഗ് ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗത്തിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.

ത്രിവത്സര പദ്ധതിക്കു പുറമേ ഏഴു വർഷത്തെ വികസന നയരേഖയ്ക്കും 15 വർഷത്തെ വീക്ഷണ രേഖയ്ക്കും ഇന്ന് അംഗീകാരം നൽകും.    2017–18 മുതൽ 2019–20 വരെയാണു ത്രിവത്സര പദ്ധതി. 2024 വരെയുള്ളതാണ് ഏഴു വർഷത്തെ വികസന തന്ത്രം. 2030 വരെയുള്ളതാണ് 15 വർഷത്തെ ദേശീയ വികസന അജൻഡയുടെ വിഷൻ ഡോക്യുമെന്റ്. 

2014–ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായി നടപ്പാക്കിയ തീരുമാനങ്ങളിലൊന്നാണ് ആസൂത്രണക്കമ്മിഷൻ പിരിച്ചു വിടുക എന്നത്. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതി മാർച്ചില്‍ അവസാനിച്ചു. നിതി ആയോഗിന്റെ ഭരണ സമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും അംഗങ്ങളാണ്. ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കാനായി തയാറാക്കിയിരിക്കുന്ന ത്രിവത്സര നയരേഖയിൽ ഏഴ് അധ്യായങ്ങളാണുള്ളത്.

കൃഷി, വ്യവസായം, സേവന മേഖല എന്നിവയ്ക്കു പ്രത്യേക ഊന്നൽ നൽകും. ഒപ്പം നീതിന്യായം, പൊലീസ്, ഉദ്യോഗസ്ഥ ഭരണം എന്നിവ സംബന്ധിച്ചു നടപ്പാക്കേണ്ട പരിഷ്കാരങ്ങളും ഉണ്ട്.    വിവിധ മേഖലകളിൽ നടപ്പാക്കേണ്ട വികസന പരിപാടികളുടെ രൂപരേഖ തയാറാക്കാൻ പ്രധാനമന്ത്രി കർമ സേനകളെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടുകളും ഇന്ന് വിലയിരുത്തും. 

related stories