Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10,000 രൂപയ്ക്കുമേൽ ചെക്കേ കൊടുക്കാവൂ; 2 ലക്ഷത്തിൽ താഴെയേ പണമായി വാങ്ങാവൂ

currency

പണം കൊടുക്കുന്നതിലും വാങ്ങുന്നതിലും കേന്ദ്ര സർക്കാർ ഈയിടെ ചില കർശന മാറ്റങ്ങൾ വരുത്തിയല്ലോ. ഇത് എന്തൊക്കെയാണ്? ഇത് ആർക്കൊക്കെ ബാധകമാണ്?

പണമിടപാടുകൾ പരിമിതപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ഈയിടെ സ്വീകരിച്ച വിവിധ നടപടികളോടനുബന്ധിച്ച് ആദായ നികുതി നിയമത്തിൽ ചില കർശന നിബന്ധനകൾ വരുത്തി. 2017 ലെ ധനകാര്യ നിയമം വഴി ആദായ നികുതി നിയമത്തിൽ കൂട്ടിചേർത്ത വകുപ്പ് 269 എസ്റ്റി പണം സ്വീകരിക്കുന്നതിനു പരിധിയും കർശന നിബന്ധനകളും വീഴ്ച വരുത്തിയാൽ ഭീമമായ പിഴയുമാണു നിർദേശിച്ചിരിക്കുന്നത്.

ആരായാലും പണമായി സ്വീകരിക്കാവുന്നതു 2 ലക്ഷം രൂപയിൽതാഴെ മാത്രം.

ആദായ നികുതി നിയമത്തിലെ പുതിയ ഭേദഗതിയെത്തുടർന്നു 2 ലക്ഷം രൂപയോ അതിനു മേലോ പണമായി സ്വീകരിച്ചാൽ പിഴ നൽകേണ്ടിവരും. ഇതിനു വ്യക്തികളോ സ്ഥാപനങ്ങളോ വ്യാപാരിയോ സാധാരണക്കാരനോ കർഷകനോ നികുതിദായകനോ എന്ന വ്യത്യാസമില്ല.

2017 ഏപ്രിൽ ഒന്നു മുതൽ പ്രതിദിനം മൊത്തത്തിൽ ഏതെങ്കിലും ഒരു ഇടപാടിനായോ ഏതെങ്കിലും ചടങ്ങുമായോ സംഭവവുമായോ ബന്ധപ്പെട്ട് രണ്ടു ലക്ഷം രൂപയിൽത്താഴെ മാത്രമേ പണമായി സ്വീകരിക്കാൻ പാടുള്ളു. അതിനു മീതെ ആണെങ്കിൽ അക്കൗണ്ട് പേയീ ചെക്കോ ബാങ്ക് ഡ്രാഫ്റ്റോ ഇലക്ട്രോണിക് ട്രാൻസ്ഫറോ ആയി മാത്രമേ നൽകാവൂ.

ചില ഇളവുകൾ

രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിക്കുന്നതിനു താഴെ പറയുന്ന ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സർക്കാർ, റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, ബാങ്കിങ് നിയമമനുസരിച്ചുള്ള പ്രാഥമിക വായ്പാ സംഘങ്ങൾ,  പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക്, സർക്കാർ കമ്പനികൾ, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ രൂപീകരിച്ചിരിക്കുന്ന കോർപറേഷനുകൾ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, സർക്കാർ ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവ സ്വീകരിക്കുന്ന തുകയ്ക്കു രണ്ടു ലക്ഷം രൂപയുടെ പരിധി ബാധകമല്ല. 

കാർഷിക, വന, ക്ഷീരോൽ‌പന്നങ്ങൾ, മൽസ്യങ്ങളും മൽസ്യോൽപന്നങ്ങളും, പൂന്തോട്ടം, തേനീച്ച അഥവാ കോഴി വളർത്തൽ മുതലായവയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഉൽപാദകർക്കു നൽകുന്ന പണത്തിനും പരിധിയൊന്നും ബാധകമല്ല.

അതുപോലെ വൈദ്യുതി ഉപയോഗിക്കാതെയുള്ള കുടിൽ വ്യവസായങ്ങളുടെ ഉൽപന്നങ്ങൾക്കു നൽകുന്ന തുക, ബാങ്കിങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിലുള്ളവർക്കു നൽകുന്ന തുക, ബാങ്ക് അവധിയോ പണിമുടക്കോ ഉള്ളപ്പോൾ നൽകുന്ന തുക എന്നിവയ്ക്കും നിബന്ധനകളൊന്നുമില്ല. ജീവനക്കാർക്കു സേവനകാലം കഴിഞ്ഞു നൽകുന്ന ഗ്രാറ്റുവിറ്റി, നഷ്ടപരിഹാരം തുടങ്ങിയവ 50000 രൂപ വരെ പണമായി നൽകാം.

വീഴ്ചയ്ക്കു കനത്ത പിഴ

മേൽപറ‍ഞ്ഞ ഇളവുകൾ അനുവദിച്ചിരിക്കുന്ന അവസരങ്ങൾ ഒഴികെ എപ്പോഴെങ്കിലും രണ്ട് ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാൽ അങ്ങനെ പണം സ്വീകരിക്കുന്നവരുടെ മേൽ തത്തുല്യമായ തുക പിഴയായി ഈടാക്കും. എന്നാൽ ശരിക്കും തക്കതായ കാരണങ്ങൾ ബോധ്യപ്പെടുത്താനായാൽ പിഴ ചുമത്തണമെന്നില്ല.

ചെലവ് 10,000 രൂപയ്ക്കു മേൽ എങ്കിൽ ചെക്കായി മാത്രം

പുതിയ ഭേദഗതിപ്രകാരം 10,000 രൂപയ്ക്കു മേൽ ബിസിനസിലോ അഥവാ പ്രഫഷനിലോ ചെലവിനത്തിൽ പണമായി നൽകിയാൽ അത്തരം ചെലവ് ലാഭ നഷ്ടം നിർണയിക്കുമ്പോൾ അനുവദിക്കുകയില്ല.

നിലവിൽ ഇതു 20000 രൂപയായിരുന്നു. ഒരു ചെലവിനത്തിൽ ഒരു വ്യക്തിക്ക് അഥവാ സ്ഥാപനത്തിന് ഒരു ദിവസം പണമായി കൊടുത്ത ആകെ തുകയാണു 10,000 രൂപയുടെ പരിധി നിർണയിക്കാൻ കണക്കിലെടുക്കുന്നത്. 10,000 രൂപയ്ക്കു മുകളിലുള്ള എല്ലാവിധ ബിസിനസ് സംബന്ധമായ ചെലവുകളും അക്കൗണ്ട് പേയീ ചെക്കോ ബാങ്ക് ‍ഡ്രാഫ്റ്റോ, ബാങ്ക് ട്രാൻസ്ഫർ ആയോ മാത്രമേ നൽകാൻ പാടുള്ളൂ.

10000 രൂപയ്ക്കു മേൽ ആസ്തികൾക്കും പണം കൊടുക്കാനാവില്ല

നിലവിൽ ആസ്തികൾ വാങ്ങുമ്പോൾ എത്ര വേണമെങ്കിലും പണമായി കൊടുത്തു വാങ്ങാമായിരുന്നു. എന്നാൽ 2017 ലെ ധനകാര്യ നിയമം വഴി ആസ്തികളിന്മേൽ തേയ്മാന കിഴിവു കിട്ടണമെങ്കിൽ ഒരു ദിവസം ആകെ 10000 രൂപയ്ക്കു മേൽ പണം കൊടുത്ത് ആസ്തികൾ വാങ്ങാൻ പാടില്ല.

അല്ലാത്തപക്ഷം പണംകൊടുത്തു വാങ്ങിയ ആസ്തിയുടെ തുക തേയ്മാന കിഴിവിനായി കണക്കിലെടുക്കില്ല. ചുരുക്കത്തിൽ വ്യാപാരത്തിലോ പ്രഫഷനിലോ ഏർപെട്ടിരിക്കുന്നവർ 10,000 രൂപയ്ക്കു മേൽ ആസ്തികൾ വാങ്ങുമ്പോൾ തുക ചെക്കോ ബാങ്ക് ഡ്രാഫ്റ്റോ, ബാങ്ക് ട്രാൻസ്ഫർ ആയോ മാത്രമേ കൊടുക്കാൻ പാടുള്ളൂ. തേയ്മാന കിഴിവു തേടാത്തവരെ സംബന്ധിച്ച് ആസ്തികൾ വാങ്ങുമ്പോൾ പരിധിയൊന്നുമില്ല.