Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിൽസ തേടി വിദേശിപ്രവാഹം; കേരളം മുൻനിരയിൽ

health-tourism

കൊച്ചി ∙ ഇന്ത്യ സുഖമായിരിക്കുന്നത് അസുഖമുള്ള കുറേ ആളുകൾ മറ്റു രാജ്യങ്ങളിലുള്ളതുകൊണ്ടാണെന്നു പറഞ്ഞാൽ തെറ്റാവില്ല. കാരണം ആരോഗ്യ മേഖലയിലെ കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനവും മെഡിക്കൽ ടൂറിസത്തിൽ നിന്നാണെന്നു വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ ഫലം വ്യക്തമാക്കുന്നു.

രോഗം വന്നിട്ടു ചികിത്സിക്കാനോ സ്വന്തം രാജ്യത്തു പറ്റാത്ത ശസ്ത്രക്രിയകൾ ചെയ്യാനോ അതുമല്ലെങ്കിൽ സുഖ ചികിത്സയ്ക്കായോ ഇന്ത്യയിലെത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്നത് വൻ കുതിച്ചുചാട്ടം. പക്ഷേ വിദേശ രോഗികൾ അമേരിക്കക്കാരോ യൂറോപ്പുകാരോ അല്ല. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ ‘രോഗി സഞ്ചാരികളുടെ’ സ്വർഗമാണ്  ഇന്ത്യയിലെ ആശുപത്രികൾ.

നിലവിൽ 25,000 കോടി രൂപയുടെ (400 കോടി ഡോളർ) മെഡിക്കൽ ടൂറിസം വിപണി 2020ൽ 50,000 കോടി കടക്കുമെന്നാണ് പ്രവചനങ്ങൾ.

1346 ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് വാണിജ്യ മന്ത്രാലയം സർവേ തയാറാക്കിയത്. കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല ചികിത്സ, മികച്ച ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം, ഉന്നത സാങ്കേതിക വിദ്യ എന്നിവയാണ് ഇന്ത്യയിലേക്കു രോഗികളെ ആകർഷിക്കാനുള്ള കാരണങ്ങളെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

ആയുർവേദം, യോഗ പോലുള്ള ഇന്ത്യയുടെ തനതു ചികിത്സാ രീതികളും വിനോദ സഞ്ചാരികളെയും രോഗികളെയും ആകർഷിക്കുന്നുണ്ട്.

കുറഞ്ഞ ചെലവിൽ മികച്ച ചികിൽസ

ചികിത്സാച്ചെലവുകൾ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും മികച്ച ചികിത്സ ഏറ്റവും  കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന സംസ്ഥാനം കേരളവും. മെഡിക്കൽ ടൂറിസം ഹബ് ആയി കൊച്ചി മാറിയതിന്റെ കാരണവും ഇതു തന്നെ. ചികിത്സ തേടി ഗൾഫിൽ നിന്നു പറക്കുന്ന കൂടുതൽ പേരും നേരെ വിമാനമിറങ്ങുന്നത് നെടുമ്പാശേരിയിലേക്കാണ്.

റോബട്ടിക് സർജറിയും ഹൈ എൻഡ് റേഡിയേഷൻ ചികിത്സയും തുടങ്ങി മെഡിക്കൽ സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ച ആശുപത്രികളും കോട്ടയ്ക്കൽ പോലെ പേരുകേട്ട ആയുർവേദ ആശുപത്രികളുമുള്ള  കേരളമാണ് വിദേശ മെഡിക്കൽ ടൂറിസ്റ്റുകളുടെ സ്വപ്ന ഡെസ്റ്റിനേഷൻ.

രാജ്യത്തിന്റെ മെഡിക്കൽ ടൂറിസം വരുമാനത്തിൽ നിർണായക സ്ഥാനവും കേരളത്തിനാണ്. പ്രധാനമന്ത്രി 2015ൽ പുറത്തിറക്കിയ മെഡിക്കൽ ടൂറിസം പോർട്ടലിൽ കേരളത്തിലെ ഒട്ടേറെ ആശുപത്രികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയിൽ നിന്നു മാത്രം 20 ആശുപത്രികൾ പട്ടികയിലുണ്ട്.

കൂടുതൽ രോഗികൾ ബംഗ്ലദേശിൽനിന്ന്

മെഡിക്കൽ ടൂറിസം വരുമാനത്തിന്റെ 60 ശതമാനവും നൽകുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. അമേരിക്കക്കാരിൽ നിന്ന് 14 ശതമാനം, യൂറോപ്യൻ യൂണിയനിൽ നിന്ന് 11 ശതമാനം എന്നിങ്ങനെയാണ് വരുമാനത്തിന്റെ കണക്ക്.  

രോഗികളുടെ എണ്ണത്തിൽ 70 ശതമാനവും ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. അമേരിക്ക–9.3 ശതമാനം. ആഫ്രിക്ക–1.5 ശതമാനം. യൂറോപ്യൻ യൂണിയൻ, മറ്റ് കോമൺവെൽത് രാജ്യങ്ങൾ–1.5 ശതമാനം. 

ഏഷ്യൻ രാജ്യങ്ങളിലെ രോഗികളുടെ എണ്ണമെടുത്താൽ 35 ശതമാനവുമെത്തുന്നത് ബംഗ്ലദേശിൽ നിന്ന്. ഇറാഖ്, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളാണ് തൊട്ടു പുറകിൽ. 

അസ്ഥിക്കു പിടിച്ച വിശ്വാസം

ആശുപത്രികളിലെ അസ്ഥിരോഗ വിദഗ്ധരെത്തേടിയാണ് രോഗികളേറെയുമെത്തുന്നത്. 2015–16 വർഷത്തിൽ മാത്രം അസ്ഥിരോഗ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശികളുടെ എണ്ണം 38,500. ഓങ്കോളജി, പീഡിയാട്രി, കാർഡിയോളജി, ന്യൂറോ സർജറി, ആയുർവേദം, പ്ലാസ്റ്റിക് സർജറി എന്നിങ്ങനെയാണ് വിദേശ രോഗികളാശ്രയിക്കുന്ന മറ്റു വിഭാഗങ്ങൾ. 

വളർച്ച നൂറു ശതമാനം

വിദേശത്തു നിന്നെത്തുന്ന രോഗികളെയും അവരുടെ കൂടെയെത്തുന്നവരെയും സ്വീകരിക്കാനുള്ള സൗകര്യങ്ങളിൽ കുതിച്ചുചാട്ടമുണ്ടായതോടെ മെഡിക്കൽ ടൂറിസം രംഗത്ത് കൊച്ചിക്കുണ്ടായത് ഇരട്ടി വളർച്ച.

അറബ് രാജ്യങ്ങളിൽ നിന്നെത്തുന്ന രോഗികൾക്കായി കൊച്ചിയിലെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം വെള്ളം പോലെ അറബിക് സംസാരിക്കുന്ന ജീവനക്കാരുണ്ട്. വിദേശ രോഗികൾക്കു വേണ്ടി പ്രത്യേകം ഡിപ്പാർട്മെന്റുള്ള ആശുപത്രികൾ പോലുമുണ്ട്. 

ഒമാൻ കേമൻ

പനി വന്നാൽ പോലും മരുന്നു വാങ്ങാൻ കേരളത്തിൽ വരണമെന്നു ചിന്തിക്കുന്നവർ കുറവല്ല ഇപ്പോൾ ഒമാനിൽ. കേരളത്തിൽ ചികിത്സയ്ക്കെത്തുന്ന ഒമാൻകാരുടെ എണ്ണം പ്രതിദിനം വർധിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളിലെ താരതമ്യേന ദരിദ്ര രാഷ്ട്രമായ ഒമാൻ, ചികിത്സയ്ക്കായി ഇവിടം തിരഞ്ഞെടുക്കുന്നതിന് കാരണങ്ങൾ പലതുണ്ട്.

ആദ്യത്തെ കാരണം ഒമാനിലുള്ള മലയാളികൾ തന്നെ. ഒമാനിലെ ആശുപത്രിയിൽനിന്ന് അറബിഭാഷയിലുള്ള പരിശോധനാ ഫലവുമായി വന്നാലും കേരളത്തിലെ ആശുപത്രികൾക്കു പ്രശ്നമല്ല. വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയെയും യൂറോപ്പിനെയും മലേഷ്യ, സിംഗപ്പൂർ പോലുള്ള രാജ്യങ്ങളെയും ആശ്രയിക്കുന്നത് ഒമാനിലെ അതിസമ്പന്നർ മാത്രമാണ്.

എന്നാൽ അതിസമ്പന്നരായ വിദേശികളെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ നഗരത്തിലെ ന്യൂജനറേഷൻ ആശുപത്രികൾ ഒരുക്കിയതോടെ ഈ സ്ഥിതിയിലും മാറ്റം വന്നു തുടങ്ങി. 

ആശുപത്രി–കം–ടൂറിസ്റ്റ് ഹോം

വിദേശത്തു ജോലി ചെയ്തു പരിചയമുള്ള വിദേശ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ജീവനക്കാരെ നിയമിച്ചും എല്ലാ സൗകര്യങ്ങളുമുള്ള എസി റൂമുകൾ ഒരുക്കിയുമാണ് കൊച്ചിയിലെ ആശുപത്രികൾ വിദേശികളെ സ്വീകരിക്കുന്നത്. 

ഒമാനിൽ നിന്നാണ് ഏറ്റവും അധികമാളുകൾ എത്തുന്നതെങ്കിലും മാലദ്വീപ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിൽനിന്നു സ്ഥിരമായി രോഗികളെത്തുന്നുണ്ടെന്ന് രാജഗിരി ഹോസ്പിറ്റൽ സിഇഒ ഫാ. ജോൺസൺ വാഴപ്പള്ളി പറയുന്നു.  

എണ്ണത്തിൽ കുറവാണെങ്കിലും യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നുമുള്ള രോഗികളും കൊച്ചിയിലെത്താറുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ വിദേശത്തുനിന്ന് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ 100 ശതമാനത്തിലേറെ വർധനയുണ്ടായതായി ആസ്റ്റർ മെഡ്സിറ്റി ചീഫ് ബിസിനസ് ഡവലപ്മെന്റ് ഓഫിസർ വൈ.ആർ. വിനോദ് പറയുന്നു. 

വിദേശ രോഗികൾക്കായി പ്രത്യേക സൗകര്യങ്ങൾ ആശുപത്രികൾ ഒരുക്കുന്നുണ്ട്. ഓരോ രാജ്യക്കാർക്കും അവരവരുടെ ഭക്ഷണം ലഭിക്കുന്ന റസ്റ്ററന്റുകൾ, ആഡംബര താമസ സൗകര്യം, പ്രത്യേക പ്രാർഥനാ മുറികൾ എന്നിവയൊക്കെയുണ്ട്. ചികിത്സ കഴിഞ്ഞു പോകുന്നവർ വീണ്ടുമെത്തുന്നത് ഇന്ത്യയിലെ ആശുപത്രികളിൽ വിദേശികൾക്കുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നത്. മെഡിക്കൽ റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും ഓരോ രാജ്യക്കാർക്കും അവരുടെ ഭാഷകളിൽ നൽകും.  

ബൈസ്റ്റാൻഡേഴ്സിനായി ആശുപത്രി കോംപൗണ്ടിൽ തന്നെ  പ്രത്യേക ആയുർവേദ സുഖ ചികിത്സാ കേന്ദ്രമുള്ള ആശുപത്രികളുമുണ്ട്. 

ചികിത്സ കഴിഞ്ഞ് ആയുർവേദ ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം അടക്കം ചെയ്തുകൊടുക്കുമെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രി സിഇഒ എസ്.കെ. അബ്ദുള്ള പറയുന്നു. 

ടൂറിസത്തെയും മെഡിക്കൽ ടൂറിസത്തെയും ബന്ധിപ്പിച്ചുള്ള പാക്കേജുകളും വിദേശ സഞ്ചാരികൾക്കു കൃത്യമായി സേവനങ്ങൾ ലഭ്യമാക്കാനുള്ള ഏകജാലക സംവിധാനങ്ങളും വരേണ്ടതുണ്ട്. സർക്കാരിനും സ്വകാര്യ സംരംഭകർക്കും ഈ രംഗത്ത് ഇനിയുമേറെ ചെയ്യാനാവും.