Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴകാത്ത് കേരളത്തിലെ സമ്പദ്‌വ്യവസ്ഥയും

India Monsoon

കൊച്ചി ∙ മഴയുടെ അളവ് ഇത്തവണ സാധാരണ നിലയിലായിരിക്കുമെന്ന ദേശീയ കാലാവസ്‌ഥ വകുപ്പിന്റെ പ്രവചചനം സമ്പദ്‌മേഖലയ്‌ക്കു പ്രത്യാശ നൽകുന്നു. കാർഷികോൽപാദനത്തിലെ മുന്നേറ്റം മുതൽ വ്യവസായ, വാണിജ്യ മേഖലകളിലെ കുതിപ്പു വരെ മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളാണു പ്രതീക്ഷിക്കുന്നത്.

കോർപറേറ്റ് മേഖലയിലെ പല സ്‌ഥാപനങ്ങളും കാലാവസ്‌ഥ നിരീക്ഷണത്തിന് ആശ്രയിക്കുന്ന സ്‌കൈമെറ്റ് വെതർ സർവീസസിന്റെ പ്രവചനവും തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ തോത് ഏറെക്കുറെ സാധാരണ നിലയിലായിരിക്കുമെന്നാണ്.

രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം തികച്ചും തൃപ്‌തികരമായ നിലയിലാണിപ്പോൾ. സാധാരണ തോതിൽ മഴ ലഭിച്ചാൽ പയർ വർഗങ്ങൾ, പച്ചക്കറി എന്നിവയുടെ ഉൽപാദനവും തൃപ്‌തികരമായ നിലവാരം കൈവരിക്കും. ഭക്ഷ്യോൽപന്ന വിലക്കയറ്റത്തിന് അതോടെ വിരാമമാകുമെന്നാണു വിപണിയുടെ പ്രതീക്ഷ.

പയർവർഗങ്ങൾ, പഞ്ചസാര, സസ്യ എണ്ണ തുടങ്ങിയ ധാന്യേതര ഭക്ഷ്യോൽപന്നങ്ങൾക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ട സ്‌ഥിതി ഒരു പരിധി വരെ ഒഴിവാകുമെന്ന നേട്ടവുമുണ്ട്.

നാണ്യപ്പെരുപ്പത്തിന്റെ തോത് ഉയരുന്നതിനു പ്രധാന കാരണം ഭക്ഷ്യോൽപന്ന വിലക്കയറ്റമാണ്. ഭക്ഷ്യോൽപന്നങ്ങളുടെ വില നിയന്ത്രണാധീനമാകുന്നതോടെ നാണ്യപ്പെരുപ്പവും നിയന്ത്രണത്തിലാകും.അതാകട്ടെ വായ്‌പ നിരക്കുകൾ കുറയ്‌ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യ്‌ക്കു സഹായകമാകും.

കാലാവസ്‌ഥ പ്രവചനം ഫലിച്ചാൽ ഓഗസ്‌റ്റിൽ ആർബിഐ 0.25% നിരക്കിളവു പ്രഖ്യാപിച്ചേക്കുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ചിന്റെ അനുമാനം.

കാർഷികോൽപാദനത്തിലെ വർധന കയറ്റുമതി മെച്ചപ്പെടാൻ ഇടയാക്കും. മെച്ചപ്പെട്ട കയറ്റുമതിയും ധാന്യേതര ഭക്ഷ്യോൽപന്ന ഇറക്കുമതിയിലെ ഇടിവും മൂലം കറന്റ് അക്കൗണ്ട് കമ്മി കുറയും. കർഷകർക്കുള്ള സർക്കാരിന്റെ ആശ്വാസ നടപടികളിൽ നല്ലൊരളവ് ഒഴിവാക്കാനാകുമെന്നതിനാൽ ധന കമ്മിയും കുറയും.

മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) മെച്ചപ്പെടുമെന്നതാണു നേട്ടം. സാധാരണ തോതിൽ മഴ ലഭിച്ചാൽ കാർഷിക ജിഡിപിയിൽ 3 – 4 ശതമാനം വർധന പ്രതീക്ഷിക്കാമെന്നാണു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ടിൽ കാണുന്നത്.

കാർഷികോൽപാദനത്തിലെ വർധന ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു കരുത്തുപകരും. അവശ്യ സാധനങ്ങളുടെ മുതൽ ആഡംബര വസ്‌തുക്കളുടെ വരെ വിപണികൾ ഉഷാറാകും.  പൊതുമേഖലയിലെ പല ബാങ്കുകളും കൃഷി വായ്‌പയായി കോടികളാണു വിതരണം ചെയ്‌തിട്ടുള്ളത്.

കാർഷികോൽപാദനം മെച്ചപ്പെട്ടാൽ വായ്‌പകളുടെ തിരിച്ചടവിൽ കർഷകർ താൽപര്യം കാട്ടുമെന്ന പ്രതീക്ഷയാണു ബാങ്കർമാർ പങ്കുവയ്‌ക്കുന്നത്.സാധാരണ തോതിൽ മഴ ലഭിക്കുമെന്ന പ്രവചനത്തിൽ പ്രതീക്ഷയർപിക്കുന്നവരുടെ കൂട്ടത്തിൽ സ്വർണവ്യാപാരികളുമുണ്ട്.