Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബസിനും ബോയിങ്ങിനും ചൈനീസ് എതിരാളി

CHINA-AVIATION/COMAC-FLIGHT സി 919 ആദ്യ പറക്കലിൽ.

ബെയ്ജിങ്∙ ചൈന നിർമിച്ച ആദ്യത്തെ വലിയ യാത്രാ വിമാനം വിജയകരമായി ആദ്യ പറക്കൽ നടത്തി. ബോയിങ്ങും എയർബസും മാത്രമുള്ള ആഗോള വിപണിയിലേക്ക് ചൈനയുടെ ചുവടുവയ്പാണ് ഷാങ്‌ഹായിലെ പുഡോങ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന സി 919.

യാത്രക്കാരില്ലാതെ, അഞ്ച് ജീവനക്കാരുമായി മാത്രം പറന്ന വിമാനം 80 മിനിറ്റ് നീണ്ട ആദ്യ യാത്രയ്ക്കു ശേഷം പുഡോങ്ങിൽത്തന്നെ തിരിച്ചെത്തി. ഉന്നത ഭരണാധികാരികളും കമ്യൂണിസ്റ്റ് നേതാക്കളുമടക്കം ധാരാളം പേർ വിമാനത്താവളത്തിൽ ആദ്യ പറക്കലിനു സാക്ഷ്യംവഹിച്ചു.

ചൈനയുടെയും നിർമാണ കമ്പനിയായ കമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപറേഷൻ ഓഫ് ചൈന (കൊമാക്) യുടെയും ആദ്യ അക്ഷരമെന്ന നിലയ്ക്കാണു വിമാനത്തിന്റെ പേരിൽ ‘സി’ ചേർത്തിരിക്കുന്നത്. 9 ചൈനീസ് വിശ്വാസപ്രകാരം നിത്യതയെ സൂചിപ്പിക്കുന്നു; 19 ആകെ ഉൾക്കൊള്ളാവുന്ന സീറ്റുകളുടെ എണ്ണമായ 190 നെയും.

boing-and-airbus ബോയിങ് 737(മുകളില്‍), എയര്‍ബസ് എ 320

എയർ ബസ് 320, ബോയിങ് 737 വിമാനങ്ങളോടു താരതമ്യപ്പെടുത്താവുന്ന വിമാനമാണ് സി 919.
ചൈന ഇത്തരം വിമാനങ്ങൾ നിർമിക്കാൻ 1970 ൽ ആലോചന തുടങ്ങിയിരുന്നു. 1980 ൽ ആദ്യ വിമാനം നിർമിച്ചെങ്കിലും പിന്നീടു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 2007 ൽ പുതിയ ആലോചന തുടങ്ങിയതാണ് 2015 ൽ സി 919 ജെറ്റിന്റെ പിറവിയിലെത്തിച്ചത്. വിദഗ്ധ പരിശോധനകൾക്കെല്ലാം ശേഷം കഴിഞ്ഞ മാസംപറക്കാൻ അനുമതി ലഭിച്ചു.

വു ഗ്വാൻഹ്വയാണ് മുഖ്യ ഡിസൈനർ. രണ്ടു ലക്ഷത്തിലേറെ ടെക്നീഷ്യന്മാർ പദ്ധതിയിൽ പ്രവർത്തിച്ചു. ആഗോള വിപണിയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിച്ചാണ് പൂർണമായും ചൈനയിൽ രൂപകൽപനയും നിർമാണവും നിർവഹിച്ചത്. ജനറൽ ഇലക്ട്രിക്കും സഫ്രൻ എയർക്രാഫ്റ്റ് എൻജിൻസും ചേർന്നുള്ള സംരംഭത്തിന്റേതാണ് എൻജിൻ.

ഇതിനകം 570 വിമാനങ്ങൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് കൊമാക് അറിയിച്ചു. തുടക്കത്തിൽ ചൈനയിലും സമീപ വിപണികളിലുമാകും ശ്രദ്ധ കേന്ദ്രീകരിക്കുക.

ചൈനീസ് വിപണിയുടെ വലുപ്പം കണക്കിലെടുത്ത് എയർബസും ബോയിങ്ങും ചൈനയിൽ വിമാന അസംബ്ലിങ് നടത്തുന്നുണ്ട്. ചൈനയിൽ നിർമിച്ച ചെറു യാത്രാ വിമാനം എആർജെ 21 കഴിഞ്ഞ ജൂണിൽ വിപണിയിലെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.