Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന സർവീസ്: പ്രത്യേക നികുതി കുറച്ചു

Airplane

ന്യൂ‍‍ഡൽഹി∙ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആഭ്യന്തര വിമാന സർവീസുകൾക്ക് സർക്കാർ ഏർപെടുത്തിയ പ്രത്യേക നികുതി കുറച്ചു. ഓരോ സർവീസിനും 8500 രൂപ വരെയാണു ലെവി ഏർപെടുത്തിയിരുന്നത്. ഇത് 5000 രൂപയായി ഏകീകരിച്ചു. ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സർവീസ് ആരംഭിക്കാനുള്ള പദ്ധതിയ്ക്കു (ഉഡാൻ)  പണം സമാഹരിക്കാനാണു ലെവി ചുമത്തിയത്.

ഉഡാൻ നയങ്ങൾ പരിഷ്കരിക്കാൻ സർക്കാർ തയാറെടുക്കുമ്പോഴാണു ലെവി കുറച്ചുകൊണ്ടുള്ള തീരുമാനം. ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ കമ്പനികൾ ഉൾപ്പെടുന്ന  ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ലെവി പിരിക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നു. ഡിസംബർ മുതൽ വ്യോമയാന മന്ത്രാലയം ലെവി പിരിച്ചുതുടങ്ങി.

ഉ‍‍‍ഡാൻ പദ്ധതിയിലെ ആദ്യ സർവീസ് കഴിഞ്ഞ മാസം ഷിംല–ഡൽഹി റൂട്ടിൽ ആരംഭിച്ചു.ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി 2500 രൂപ എന്ന നിരക്കിൽ പകുതി സീറ്റുകളെങ്കിലും നൽകണമെന്ന വ്യവസ്ഥയോടെയാണ് അഞ്ചു കമ്പനികൾക്ക് ‘റീജനൽ കണക്ടിവിറ്റി സ്കീം’(ആർസിഎസ്) പ്രകാരം സർവീസ് അനുമതി നൽകിയത്.