Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗത്ത് ഇന്ത്യൻ ബാങ്ക് 392 കോടി ലാഭം നേടി

കൊച്ചി ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 392.50 കോടി രൂപയുടെ ലാഭം. മുൻ വർഷത്തെക്കാൾ 17.78% വർധന. പ്രവർത്തന ലാഭത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 38.14 ശതമാനം വർധനയുണ്ടായി. പലിശ വരുമാനം 10.9 ശതമാനം ഉയർന്നു. ഇതര വരുമാനത്തിൽ 38.29 ശതമാനമാണു വർധന.

ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 3.77 ശതമാനത്തിൽ നിന്ന് 2.45 ആയി കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്ക്രിയ ആസ്തി 2.89 ശതമാനത്തിൽ നിന്ന് 1.45 ആയി കുറഞ്ഞു. കറൻസി നിരോധനത്തിനിടയിലും ബാങ്ക് നൽകിയ വായ്പകളിൽ കഴിഞ്ഞ വർഷം 12.68 ശതമാനം വർധനയുണ്ടായി. 47,084 കോടി രൂപയുടെ വായ്പ കഴിഞ്ഞ വർഷം നൽകാനായി. കാർഷിക, വാഹന, ചെറുകിട സംരംഭ വായ്പകളാണ് കൂടുതൽ.

നിക്ഷേപങ്ങളിൽ 18.66 ശതമാനമാണു വർധന. 10,397 കോടിയുടെ വർധനയോടെ ആകെ നിക്ഷേപം 66,117 കോടിയായി ഉയർന്നു. ആകെ ബിസിനസ് 1,13,201 കോടി രൂപയായി. 16.10 ശതമാനമാണു വർധന. കറന്റ്– സേവിങ്സ് അക്കൗണ്ടുകളിൽ 26.39 ശതമാനം വർധനയുണ്ട്.  പ്രവാസി നിക്ഷേപവും മുൻ വർഷത്തേക്കാൾ കൂടി. 17.60 ശതമാനമാണു വർധന.

മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ ബാങ്കിന്റെ ലാഭം 75.54 കോടിയാണ്. മുൻ വർഷത്തിലെ നാലാം പാദത്തിൽ ഇത് 72.97 കോടിയായിരുന്നു. ചില്ലറവ്യാപാര വായ്പാ രംഗത്തും കറന്റ്–സേവിങ്സ് അക്കൗണ്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചതെന്ന് എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ 25 പുതിയ ശാഖകളും 150 എടിഎമ്മുകളും സ്ഥാപിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.