Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈൻ ബിസിനസ് ഐഡിയ മൽസരം: അമൽജ്യോതി ടീമിന് ഒന്നാം സമ്മാനം

big-business-idea-winners മനോരമ ഓൺലൈൻ–സൗത്ത് ഇന്ത്യൻ ബാങ്ക് ‘ബിസിനസ് ഐഡിയ’ പുരസ്കാര സമർപ്പണത്തിൽ ജേതാക്കളായ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ടീം ഡയമെൻഷൻലെസിന് സമ്മാനത്തുക കൈമാറുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ജോൺ തോമസ്, വി–ഗാർഡ് സ്ഥാപക ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കൊച്ചി വിമാനത്താവളക്കമ്പനി എംഡി വി.ജെ.കുര്യൻ, അഹമ്മദാബാദ് ഐഐഎമ്മിലെ പ്രഫസറും ജൂറി ചെയർമാനുമായ ഏബ്രഹാം കോശി, ഒന്നാം സ്ഥാനം നേടിയ സംഘത്തിലെ ആദർശ് ഡേവി‍ഡ് ലാൽ, ഡാൻ ജോസ്, കെ. ചന്ദുദാസ്, അലൻ ജോസ് സാബു, എസ്.എസ്. അനൂപ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ എന്നിവർ. ചിത്രം. മനോരമ

കൊച്ചി∙ കേരളത്തിൽ കാലഘട്ടത്തിന്റെ ആവശ്യമായ പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണം സംബന്ധിച്ച പ്രോജക്ടിന് മനോരമ ഓൺലൈൻ ബിസിനസ് ഐഡിയ മൽസരത്തിൽ ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ ചേർന്നുള്ള ടീം ഡയമെൻഷൻലെസാണ് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന തരം ഇന്ധനം നിർമ്മിക്കുന്ന ആശയം അവതരിപ്പിച്ച്  ഒരു ലക്ഷം രൂപയും ട്രോഫിയും കരസ്ഥമാക്കിയത്.

രണ്ടാം സമ്മാനം കുട്ടികളെ ദത്തെടുക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ച ടീം എക്സ്പ്ളോറേഴ്സിനാണ്. സ്വർണപ്പണയ വായ്പയെക്കാൾ വേഗത്തിൽ വസ്തു ഈടുവച്ചു വായ്പയെടുക്കാനുള്ള ആശയം അവതരിപ്പിച്ച ടീം ക്ളിയർ ടൈറ്റിൽസ് മൂന്നാം സമ്മാനം നേടി.

ഇന്നു ലോകത്തെത്തന്നെ നയിക്കുന്നതു കണ്ടുപിടിത്തങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സിയാൽ എംഡി വി.ജെ.കുര്യൻ പറഞ്ഞു. എന്താണ് സമൂഹത്തിനും രാഷ്ട്രത്തിനും അനിവാര്യമായതെന്നു മനസിലാക്കി അത്തരം കണ്ടുപിടിത്തങ്ങളാണു നടത്തേണ്ടത്.

ബിസിനസ് ആശയങ്ങൾ ഫലപ്രദമാകാനുള്ള സാഹചര്യം മുന്‍പ് ഇല്ലായിരുന്നെങ്കിലും ഇന്ന് സമൂഹത്തിന്റേയും സർക്കാരിന്റേയും പിന്തുണ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യ സംസ്ക്കരണവും കൃഷിയിലെ യന്ത്രവൽക്കരണവും നൂതന സാങ്കേതികവിദ്യകളും ചെറുപ്പക്കാരുടെ കണ്ടുപിടിത്തങ്ങൾക്ക് വിഷയമാകേണ്ടതാണ്.

ബിസിനസ് വിജയിക്കാൻ ആശയം മാത്രം പോരെന്നും പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ടെന്നും വി–ഗാർഡ് സ്ഥാപക ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഉത്പന്നവും സാങ്കേതിക വിദ്യകളും ഉപഭോക്താവിന്റെ അഭിരുചികൾക്കനുസരിച്ചു മാറിവരണം.

ആശയം വെറും ഒരു ശതമാനം മാത്രമാണെന്ന് അവാർഡ് ജൂറി ചെയർമാനും അഹമ്മദാബാദ് ഐഐഎം മാർക്കറ്റിങ് വിഭാഗം പ്രഫസറുമായ ഏബ്രഹാം കോശി ചൂണ്ടിക്കാട്ടി. വിജയത്തിന്റെ ബാക്കി 99% അതെങ്ങനെ നടപ്പാക്കി എന്നതിലാണ്. ആരെങ്കിലും വന്നു വൻ തുക മുടക്കി തങ്ങളുടെ  കമ്പനിയെ വാങ്ങും എന്ന മോഹം മാത്രം വച്ച് സ്റ്റാർട്ടപ് ബിസിനസ് നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. ബിസിനസ് ആശയ മൽസരത്തിന്റെ സ്പോൺസറായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ ജോൺ തോമസ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ പ്രസംഗിച്ചു. 

വിജയികൾക്ക് വി.ജെ.കുര്യനും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഏബ്രഹാം കോശിയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനമായ 75000 രൂപ, മൂന്നാം സമ്മാനമായ 50000 രൂപ എന്നിവയ്ക്കുള്ള ചെക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ജോൺ തോമസ് കൈമാറി.

ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ടീം ബിഡ് എ റൈഡ്, ടീം ബോട്സ്, ടീം സിഒഎസ്‌സി, ടീം ഗ്രീൻ കേരള, ടീം ജിപ്നെസ്റ്റ്, ടീം മാക്സ്‌വെൽ എന്നിവർക്ക് ഏബ്രഹാം കോശി ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

ജൂറി അംഗവും ജാക്ക്ഫ്രൂട്ട് 365 സ്ഥാപകനുമായ ജയിംസ് ജോസഫ് സംരംഭകത്വം സംബന്ധിച്ച ചർച്ച നയിച്ചു. സ്റ്റാർട്ടപ് വില്ലേജ് സ്ഥാപക സിഇഒ സിജോ കുരുവിള, സ്റ്റാർട്ടപ് വില്ലേജ് കലക്ടീവ് ചെയർമാൻ സഞ്ജയ് വിജയകുമാർ, സർവേ സ്പാരോ സിഇഒ ഷിഹാബ് മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.