Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവേശന പരീക്ഷകളുടെ കടമ്പ കടക്കാൻ ‘എൻട്രി’

startup ‘എൻട്രി’യുടെ അണിയറക്കാർ

കൊച്ചി ∙ നമ്മുടെ നാട്ടിൽ പരിഹരിക്കാൻ ധാരാളം പ്രശ്നങ്ങളുണ്ട്.  പിന്നെന്തിനു സിലിക്കൻവാലിയിലേക്കു നോക്കണമെന്ന ചോദ്യം ഉള്ളിലുയർന്നപ്പോൾ എൻജിനീയറിങ് ബിരുദധാരികളായ രാഹുൽ രമേഷും മുഹമ്മദ് ഹിസാമുദ്ദീനും ആലോചിച്ചു: എന്തു ചെയ്യണം. 

ആ ചോദ്യത്തിന് ഉത്തരം ഒരു എജ്യു ടെക് സ്റ്റാർട്ടപ്പായിരുന്നു; എൻട്രി (www.entri.me). പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രവേശന പരീക്ഷകളുടെ കടമ്പ കടക്കാൻ സഹായിക്കുന്ന മൊബൈൽ, വെബ് ആപ്പുകളാണ് എൻട്രി സൃഷ്ടിച്ചതും. 

കഷ്ടിച്ചു രണ്ടുവർഷം പ്രായമുള്ള എൻട്രി ഇപ്പോൾ അംഗീകാരത്തിളക്കത്തിലാണ്. യുഎസ്എയിലെ ബോസ്റ്റണിലെ വിഖ്യാത ആക്സിലറേറ്റർ പ്രോഗ്രാമായ ലേൺ ലോഞ്ചിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് എൻട്രി. വൈ കോംബിനേറ്റർ പ്രോഗ്രാം ഫൈനലിലും ഇടംപിടിച്ചു.

വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരായ പിയേഴ്സൺ ലേണിങ്, എസ് ചന്ദ് തുടങ്ങിയവ രാജ്യത്തെ മികച്ച 10 എമേർജിങ് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തപ്പോൾ ആ പട്ടികയിലുമുണ്ടായിരുന്നു, എൻട്രി. 

∙ ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ 

ഒരേ പരീക്ഷയാണെങ്കിലും അധ്യാപകരും പഠനവഴികളും വ്യത്യസ്തം. പൊതുപ്രവേശന പരീക്ഷകളുടെ പൊതുരീതി ഓരോ വിദ്യാർഥിക്കും ഓരോ തരത്തിലാകും അനുഭവപ്പെടുക. 

ഓരോരുത്തരുടെയും അറിവും അഭിരുചികളും വ്യത്യസ്തമായിരിക്കും. അതെല്ലാം തിരിച്ചറിഞ്ഞുവേണം അവരെ പരിശീലിപ്പിക്കാൻ.  സ്വാഭാവികമായും ഓരോ വിദ്യാർഥിയുടെയും കഴിവും  കഴിവില്ലായ്മയും കണ്ടറിഞ്ഞു പരിശീലനം നൽകാൻ അധ്യാപകർക്കു കഴിഞ്ഞുവെന്നു വരില്ല. 

അവിടെയാണു സാങ്കേതികവിദ്യയുടെ പ്രസക്തി. കുട്ടികൾക്കു പരീക്ഷാ പരിശീലനം നൽകാനും അവരുടെ ദുർബലവശങ്ങൾ കണ്ടെത്തി കൂടുതൽ ശ്രദ്ധ നൽകാനും എൻട്രി ആപ്പിനു കഴിയും.  

ചീഫ് ടെക്നോളജി ഓഫിസറായ രാഹുൽ രമേഷിന്റെ വാക്കുകൾ. മുഹമ്മദ് ഹിസാമുദ്ദീനാണു സിഇഒ. 

∙ എൻട്രൻസ്, പിഎസ്‌സി 

മെഡിക്കൽ – എൻജിനീയറിങ്, പിഎസ്‌സി പരീക്ഷാ പരിശീലനമാണ് എൻട്രി ആപ്പിലൂടെ ലഭിക്കുന്നത്. വൈകാതെ ബാങ്ക് പരീക്ഷാ പരിശീലനവും ലഭ്യമാകും. അധ്യാപകരെ ഒഴിവാക്കിയുള്ള പരിശീലനമല്ല, എൻട്രി മുന്നോട്ടുവയ്ക്കുന്നത്. അധ്യാപകരുടെ മേൽനോട്ടത്തിലുള്ള പരിശീലനമാണ്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ആപ് ഉപയോഗിക്കാമെന്നു രാഹുൽ പറയുന്നു. കുട്ടികൾക്ക് എത്ര തവണ വേണമെങ്കിലും ടെസ്റ്റുകൾ എഴുതാം. 

സംശയമുള്ള ഭാഗങ്ങളെക്കുറിച്ചു വിദഗ്ധരോടു ചോദിക്കാം. വിദഗ്ധരായ അധ്യാപക സംഘമാണു ചോദ്യോത്തരങ്ങൾ തയാറാക്കുന്നത്. 

ആപ്പിനെക്കുറിച്ച് ഓസ്ട്രേലിയയിൽ നിന്ന് അന്വേഷണം എത്തിയതിന്റെ ത്രില്ലിലാണ് എൻട്രി ടീം. പ്രതീക്ഷ പോലെ കാര്യങ്ങൾ നീങ്ങിയാൽ ഓസ്ട്രേലിയൻ വിദ്യാർഥികളെയും പ്രവേശനപരീക്ഷാ കടമ്പ കടക്കാൻ എൻട്രി സഹായിക്കുന്ന കാലം വരും. 

∙ ടിപ് ബൈ രാഹുൽ 

പലരും സ്റ്റാർട്ടപ് ലോകത്തിന്റെ ഗ്ലാമർ കണ്ടാണു വരുന്നത്. യാഥാർഥ്യം പക്ഷേ, മറ്റൊന്നാണ്. ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങുന്നതുവരെ കഷ്ടപ്പെടാൻ തയാറുള്ളവർക്കു മാത്രമേ സ്റ്റാർട്ടപ് വിജയിപ്പിക്കാനാകൂ. ദൃഢനിശ്ചയമില്ലാതെ മുന്നോട്ടുപോകാനാവില്ല.