Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധവിമാനങ്ങൾ നിർമിക്കാനും ഇനി വിദേശ നിക്ഷേപത്തോടെ സ്വകാര്യ പങ്കാളിത്തം

flight-plane

ന്യൂഡൽഹി ∙ പ്രതിരോധ മേഖലയിൽ യുദ്ധ വിമാനങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനു വിദേശ നിക്ഷേപത്തോടെയുള്ള സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനുവദിക്കുന്ന നയത്തിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകി. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടാങ്കുകൾ ഉൾപ്പെടെയുള്ള കവചിത വാഹനങ്ങൾ, അന്തർവാഹിനികൾ എന്നിങ്ങനെ നാലു വിഭാഗങ്ങളിലെ നിർമാണത്തിനാണ് തന്ത്രപരമായ പങ്കാളിത്തത്തിന് അനുമതി നൽകിയത്.

ഓരോ വിഭാഗത്തിലും കാര്യക്ഷമതയുള്ള ഒരു സ്വകാര്യം പങ്കാളിയും പൊതുമേഖലാ സ്ഥാപനവും ചേർന്നാകും ഉൽപാദനം നടത്തുക. ആഭ്യന്തര ആവശ്യത്തിൽ അധികം ഉൽപാദനം നടത്തിയാൽ വിദേശ രാജ്യങ്ങൾക്കു വിൽപന നടത്താനും അനുവാദമുണ്ടാകും.

പ്രതിരോധ മേഖലയിലെ ഉൽപാദനത്തിൽ സഹകരിക്കാവുന്ന സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും പങ്കാളിയെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികളുടെ ഉൽപന്നങ്ങൾ സൈന്യത്തിനായി വാങ്ങുമെന്ന ഉറപ്പു നൽകും.

ഇന്ത്യൻ കമ്പനികളായ എൽ ആൻഡ് ടി, മഹീന്ദ, ടാറ്റ, റിലയൻസ്, അഡാനി ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ സ്വകാര്യ പങ്കാളികളാകാനുള്ള മൽസരത്തിൽ ഭാഗമാകുമെന്നാണു സൂചന. വിദേശ കമ്പനികളായ ലോക്കീഡ് മാർട്ടിൻ, ബോയിങ്, ബിഎഇ സിസ്റ്റംസ്, എയർബസ് തുടങ്ങിയ സ്ഥാപനങ്ങളുമായി സാങ്കേതിക, വിദേശ നിക്ഷേപ സഹകരണത്തോടെയാകും ഇന്ത്യൻ സംരംഭങ്ങൾ. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെയും ഭാഗമായാണ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ രാജ്യത്തു വൻതോതിൽ നിർമിക്കാനുള്ള നീക്കം. 

പ്രതിരോധ ഇടപാടുകൾക്കു മുൻതൂക്കം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ പര്യടനത്തിനു മുൻപാണു നിർണായകമായ നയതീരുമാനം. അടുത്തയാഴ്ച ജർമനി, സ്പെയിൻ, റഷ്യ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന നരേന്ദ്ര മോദി ജൂണിൽ യുഎസിലേക്കും പോകുന്നുണ്ട്.