Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വമ്പന്‍ ബ്രാന്‍ഡുകളില്‍ ഖാദി

khadi-by-raymond

ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുന്നവർക്ക് ബ്രാൻഡിൽനിന്ന് തിരിച്ചുപോക്ക് എളുപ്പമാകില്ല. ചിലരുടെ വാർഡ്രോബുകളിൽ ഇടംപിടിക്കുന്നതു രണ്ടോ മൂന്നോ ബ്രാൻഡ് മാത്രമാകാം. ഒരു ബ്രാൻഡിന്റെ ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവരുമുണ്ടാകും. ഇങ്ങനെ ബ്രാൻഡ് പ്രിയം കൂടുമ്പോൾ കമ്പനി എന്തു തരുന്നോ അതു മാത്രമായിപ്പോകും ചോയ്സ്. വിട്ടുപിടിക്കാൻ പറ്റില്ലല്ലോ. ഐഡന്റിറ്റി ആ ബ്രാൻഡ് ആയിപ്പോയില്ലേ. അതുകൊണ്ടു പരീക്ഷണങ്ങളെല്ലാം വേണ്ടെന്നുവച്ച് ഒരേ പാറ്റേണിൽ നടക്കും.

സർക്കാർ ഓഫിസുകളിൽ ആഴ്ചയിൽ ഒരു ദിവസം ഖാദി എന്നു പറഞ്ഞപ്പോഴും പലരും മുഖം തിരിച്ചത് ഈ ബ്രാൻഡ് ചിന്തകൾ കൊണ്ടായിരുന്നു. ഖാദി ഒക്കെ ബ്രാൻഡ് ആണോ എന്നു ചോദിച്ചവരോട് ഇനി ഒരു മറുചോദ്യം ആവാം. ഖാദി ബൈ റെയ്മണ്ട് എന്നു കേട്ടാലോ, പീറ്റർ ഇംഗ്ലണ്ട് ഖാദി എന്നു കേട്ടാലോ. അർവിന്ദിന്റെ ഖാദി ജാക്കറ്റാണെങ്കിലോ.. അതെ; ഖാദിക്കു രാജ്യാന്തര മുഖം വരുകയാണ്. ഒരു ബ്രാൻഡഡ് കോർപറേറ്റ് മുഖം.

പ്രമുഖ ബ്രാൻഡുകളുടെ മികച്ച ഫാക്ടറികളിൽ വിദഗ്ധർ തയാറാക്കുന്ന ബ്രാൻഡഡ് ഖാദി വസ്ത്രങ്ങൾ വിപണികളിലെത്തിക്കഴിഞ്ഞു. ഖാദി സ്റ്റോറുകളിൽ മാത്രമല്ല,  ഈ ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളിലും  ഖാദിക്കായി ഒരു ഏരിയ തന്നെ മാറ്റിവച്ചിട്ടുണ്ടാകും. ഇന്നുവരെ കണ്ട ഖാദിയല്ല ഇനി. ഖാദി ക്ലാസ് ആണ്.

ഖാദി ബൈ റെയ്മണ്ട്

പ്രധാനമന്ത്രിയുടെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു റെയ്മണ്ട് ഖാദി ബൈ റെയ്മണ്ട് എന്ന സബ് ബ്രാൻഡ് തുടങ്ങുന്നത്. ഷർട്ടുകളും ജാക്കറ്റുകളും മാത്രമല്ല ഇന്ത്യൻ വസ്ത്രങ്ങളും റെയ്മണ്ടിന്റെ ഖാദി ബ്രാൻഡിലുണ്ട്. രാജ്യാന്തര വിപണിയിലേക്കുള്ള ഖാദിയുടെ പ്രവേശനം റെയ്മണ്ടിലൂടെ എളുപ്പമാകും.  ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനും ചെറുകിട വ്യവസായ മന്ത്രാലയവും ചേർന്നു റെയ്മണ്ടുമായി ഉണ്ടാക്കിയിരിക്കുന്നത് അഞ്ചു വർഷത്തെ കരാറാണ്. കഴിഞ്ഞയാഴ്ച ഖാദി റെയ്മണ്ട് തുണിത്തരങ്ങൾ വിപണികളിലെത്തിക്കഴിഞ്ഞു. കെവിഐസി ഔട്‌ലെറ്റുകൾക്കു പുറമെ റെയ്മണ്ടിന്റെ 350  ‘ദ് റെയ്മണ്ട് ഷോപ്പുകളി’ൽനിന്നും ഖാദി ഉൽപന്നങ്ങൾ വാങ്ങാം. 

ബ്രാൻഡ് ഖാദി ഓൺലൈനിലും

ഔട‌്‌ലെറ്റിൽനിന്നു മാത്രമല്ല ഓൺലൈനായും  ബ്രാൻഡഡ് ഖാദി ഉൽപന്നങ്ങൾ വാങ്ങാം. റെയ്മണ്ടിന്റ ഖാദി വസ്ത്രങ്ങൾ ഓഗസ്റ്റ് മുതൽ പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ലഭ്യമാകും. പീറ്റർ ഇംഗ്ലണ്ട് ഖാദിയും ഏതാനും മാസങ്ങൾക്കുള്ളിൽ വിരൽത്തുമ്പിലെത്തും. എല്ലാ തരത്തിലുള്ള ആളുകൾക്കും ഇഷ്ടപ്പെടുന്ന  രീതിയിൽ ഖാദി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൂടുതൽ ജനകീയമാക്കുമെന്ന് റെയ്മണ്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഹരി സിംഘാനിയ പറയുന്നു.

പദ്ധതി 2016 ൽ

ഖാദിയിൽനിന്നു രണ്ടു കോടി രൂപയ്ക്കു കഴിഞ്ഞ മാർച്ചിൽ റെയ്മണ്ട് തുണിത്തരങ്ങൾ വാങ്ങിയിരുന്നു. 98,000 മീറ്റർ തുണി. ഖാദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡർ. 2016 ഡിസംബറിൽതന്നെ റെയ്മണ്ട് എന്ന വലിയ ബ്രാൻഡിന്റെ തണലിൽ ഖാദി ഉൽപന്നങ്ങൾ വിൽക്കാമെന്ന കരാറിൽ കെവിഐസിയുമായി ധാരണയായി. റെയ്മണ്ടിന്റെ ബ്രാൻഡ് മൂല്യവും ഗുണമേൻമയും ചേരുമ്പോൾ ഖാദിക്കു വരുന്നതു രാജ്യാന്തര നിലവാരം.

പീറ്റർ ഇംഗ്ലണ്ട് ഖാദി

ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് ആണു ഖാദിയുമായുള്ള പങ്കാളിത്തവുമായി രണ്ടാമതു രംഗത്തെത്തിയത്. അഞ്ചു വർഷത്തേക്കു ഖാദി ഉൽപന്നങ്ങൾ ആദിത്യ ബിർളയുടെ പീറ്റർ ഇംഗ്ലണ്ട് ബ്രാൻഡിലൂടെ വിൽക്കുമെന്നാണു ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനുമായുള്ള കരാർ.  ആദിത്യ ബിർളയുടെ മധുര ഫാഷൻസ് ആൻഡ് ലൈഫ് സ്റ്റൈലിനു പീറ്റർ ഇംഗ്ലണ്ടിനെ കൂടാതെ വാൻ ഹൂസൻ, ലൂയിസ് ഫിലിപ്, പാന്തലൂൺസ് തുടങ്ങിയ ബ്രാൻഡുകളുമുണ്ട്. പീറ്റർ ഇംഗ്ലണ്ടിൽ തുടങ്ങുന്ന ഖാദി ബ്രാൻഡ് വിപ്ലവം ഭാവിയിൽ മറ്റു ബ്രാൻഡുകളിലേക്കു കൂടി പടർന്നേക്കാം.

ഒരിക്കലും ട്രെൻഡ് ഔട്ട് ആകാത്ത ഫാഷൻ– ഖാദിയെക്കുറിച്ച് എബിഎഫ്ആർഎൽ ബിസിനസ് വിഭാഗം മേധാവി പറയുന്നതിങ്ങനെയാണ്. എത്‌നിക് ഇന്ത്യൻ ഫാഷനിലേക്കുള്ള കമ്പനിയുടെ വൻ ചുവടുവയ്പായും ഖാദിയുമായുള്ള കരാറിനെ വിശേഷിപ്പിക്കുന്നുണ്ട്. 

കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ അവസാനിച്ച പാദത്തിൽ പീറ്റർ ഇംഗ്ലണ്ട് ബ്രാൻഡിനു മികച്ച നേട്ടം കൈവരിക്കാനായി. ബ്രാൻഡിനു മാത്രം 21.83 കോടിയാണു ലാഭം. ഖാദിയുടെ ജനകീയത കൂടി വരുമ്പോൾ  ബ്രാൻഡിന്റെ സ്വീകാര്യത ഇനിയും ഉയരും.

പീറ്റർ ഇംഗ്ലണ്ട് ഖാദി ഒക്ടോബറിൽ

പീറ്റർ ഇംഗ്ലണ്ടിന്റെ ഖാദി വസ്ത്രങ്ങൾ ഖാദി ബൈ പീറ്റർ ഇംഗ്ലണ്ട് എന്ന ലേബലിൽ ഈ ഒക്ടോബർ മുതൽ എല്ലാ ഔട്‌ലെറ്റുകളിലും ലഭ്യമാകും. 1000 മുതൽ 3000 രൂപ വരെയാകും വില. പീറ്റർ ഇംഗ്ലണ്ടിന്റെ സാധാരണ വിലനിലവാരത്തിൽ തന്നെയാണു ഖാദി ഉൽപന്നങ്ങളും ലഭിക്കുക. രാജ്യത്ത 150 ടൗണുകളിലായി  700 എക്സ്ക്ലൂസീവ് സ്റ്റോറുകളും 2000 മൾട്ടി ബ്രാൻഡ് സ്റ്റോറുകളും വിദേശത്ത് 15 സ്റ്റോറുകളുമാണ് ബ്രാൻഡിനുള്ളത്. കൂടാതെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെല്ലാം പീറ്റർ ഇംഗ്ലണ്ട് ഖാദി ലഭ്യമാകും. 

കൂടുതൽ തിളക്കം

കൂടുതൽ നിറങ്ങളിലും പുതിയ ഡിസൈനിലുമാകും ബ്രാൻഡഡ് ഖാദി എത്തുന്നത്. പുതുലതമുറയ്ക്കു വേണ്ടി ഖാദിയെ പ്രത്യേകമായി ഡിസൈൻ ചെയ്യും. ബ്രാൻഡിന്റെ ഡിസൈനർമാരെ ഇതിനായി ഉപയോഗിക്കും.

 ബ്രാൻഡ് ഫിനിഷിൽ എത്തുന്ന ഖാദിക്ക് പുതിയ മുഖമായിരിക്കും. ഖാദി അർവിന്ദ് മില്ലിൽ നിന്നും അർവിന്ദ് മിൽസാണ് കെവിഐസിയുമായി കരാറിലെത്തിയ മറ്റൊരു ബ്രാൻഡ്. അഹമ്മദാബാദിലെ ഏറ്റവും പ്രമുഖ ടെക്സൈറ്റൽ ഗ്രൂപ്പിൽ നിന്ന് ഇനി കൈകൊണ്ട് നെയ്തെടുത്ത അർവിന്ദ് ഖാദി ഷർട്ടുകളും കിട്ടും. അർവിന്ദുമായുള്ള കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്നു ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ചെയർമാൻ വി.കെ.സക്സേന പറഞ്ഞു. 

ഫാഷന്‍ സ്റ്റേറ്റ്മെന്റ്

ഇത്തരം കൂട്ടുകെട്ടുകളിലൂടെ ഇനി ബ്രാൻഡഡ് ഷോപ്പുകളിലും ഷോപ്പിങ് മാളുകളിലും ഖാദിയുണ്ടാകും. ബ്രാൻഡുകളോടൊപ്പം ചേർന്നു പുതുതലമുറയുടെ ഫാഷൻ സ്റ്റേറ്റ്മെന്റായി ഖാദി മാറും. ഖാദി ഉൽപന്നങ്ങൾക്കു രാജ്യാന്തര വിപണി ആവശ്യപ്പെട്ടു കേന്ദ്ര സർക്കാർ ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിട്ടുണ്ട്. യോഗായ്ക്ക് രാജ്യാന്തര പദവി കിട്ടിയതുപോലെ ഇന്ത്യയുടെ തനതു വസ്ത്രമെന്ന രീതിയിൽ ഖാദിയെ രാജ്യാന്തര വിപണിയിലവതരിപ്പിക്കുകയാണു ലക്ഷ്യം.