Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഠം 1: സാമ്പത്തിക സാക്ഷരത

wallet

സാമ്പത്തിക തട്ടിപ്പുകളും നിക്ഷേപ പദ്ധതികളുമായി ജനങ്ങളെ പറ്റിക്കാനിറങ്ങുന്നതിൽ മിക്കവരും വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാത്തവരാണ്. എന്നാൽ തട്ടിപ്പു കമ്പനികളിലും പോൺസി 

സ്‌കീമുകളിലും വൻതുകകൾ നിക്ഷേപിച്ച് മണ്ടന്മാരാകുന്നവരിൽ ഭൂരിഭാഗവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത മാത്രമല്ല, ഭേദപ്പെട്ട ഉദ്യോഗങ്ങളും ഉള്ളവരാണ്. വ്യക്തിഗത സാമ്പത്തിക കാര്യങ്ങളിൽ നമ്മുടെ ഇടയിൽ 10 ൽ ഏഴു പേർക്കും വേണ്ടത്ര സാക്ഷരതയില്ലെന്ന് വിവിധ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

മിക്ക വികസിത രാജ്യങ്ങളിലും മൂന്നിൽ രണ്ടുപേരും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഭേദപ്പെട്ട വിവരങ്ങൾ മനസ്സിലാക്കിയിട്ടുള്ളവരാണെന്നും കാണാം. 

ഇക്കാരണത്താൽ സാമ്പത്തിക സാക്ഷരത രാഷ്ട്ര വികസനവുമായി മാത്രമല്ല, പണം നഷ്ടപ്പെടാതിരിക്കാനും അത്യാവശ്യമാണ്. ഓരോരുത്തരുടെയും സാക്ഷരത പരിശോധിക്കുന്നതിനുള്ള ലളിതമാർഗവും സാക്ഷരത വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സാമ്പത്തിക വിവരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്:

അറിയുക 10 അടിസ്ഥാന വിവരങ്ങൾ 

1. വരുമാനം താരതമ്യം ചെയ്ത് നിക്ഷേപം നടത്തണം

നിക്ഷേപിക്കുന്ന പണം എത്ര കൊല്ലംകൊണ്ട് ഇരട്ടിയാകുമെന്ന് അറിയാമെങ്കിൽ ലഭിക്കുന്ന വാർഷിക പലിശനിരക്ക് എളുപ്പത്തിൽ മനസ്സിലാക്കാം. 72-നെ വർഷം കൊണ്ട് ഭാഗിച്ചാൽ നിരക്ക് ലഭിക്കും. കൂടാതെ 72-നെ ലഭിക്കുന്ന പലിശനിരക്കുകൊണ്ട് ഭാഗിച്ചാൽ തിരിച്ച് എത്ര കൊല്ലം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്നും മനസ്സിലാക്കാം. കണക്കു കൂട്ടിയെടുക്കാനാണെങ്കിൽ, ഒരുലക്ഷം രൂപ അഞ്ചുവർഷത്തേക്ക് എട്ട് ശതമാനം വാർഷിക നിരക്കിൽ നിക്ഷേപിച്ചാൽ നിക്ഷേപാന്ത്യത്തിൽ മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും എന്നറിയാൻ എക്‌സൽ കംപ്യൂട്ടർ പ്രോഗ്രാമിൽ ഉപയോഗിക്കേണ്ട ഫോർമുല =10000*(1+0.08)^5. കൂടാതെ, അഞ്ചുവർഷം കഴിഞ്ഞ് രണ്ടു ലക്ഷം രൂപ തിരികെ കിട്ടാൻ എട്ട് ശതമാനം പലിശനിരക്കിൽ ഇപ്പോൾ എത്ര തുക നിക്ഷേപിക്കണമെന്ന് കണക്കുകൂട്ടാനുള്ള ഫോർമുല =20000*(1/(1+0.08)^5).

2. കോംപൗണ്ടിങ് എന്ന മാജിക്

1000 രൂപ വച്ച് 20 കൊല്ലത്തേക്ക് എട്ട് ശതമാനം വാർഷിക പലിശ നിരക്കിൽ നടത്തുന്ന നിക്ഷേപം ഓരോ വർഷവും മുതലിനോടു കൂട്ടി വീണ്ടും പലിശ കണക്കാക്കുന്ന കോംപൗണ്ടിങ് രീതിയിൽ വളരുമ്പോൾ നിക്ഷേപാവസാനം 50,000 രൂപയോളം ലഭിക്കും. എന്നാൽ നേർപകുതിയായ പത്തുവർഷം മാത്രം ഇതേ തുക നിക്ഷേപിച്ചാൽ ലഭിക്കുന്നത് 15,000 രൂപയോളം മാത്രമാണ്. 20 വർഷത്തെ കാലാവധിയിൽ എട്ട് ശതമാനം പലിശനിരക്കിനു പകരം രണ്ടു ശതമാനം ഉയർന്ന നിരക്ക് ലഭിച്ചാൽ നിക്ഷേപാവസാനം ലഭിക്കുന്ന തുകയിൽ 13,000 രൂപയുടെ വർദ്ധനയാണ് ഉണ്ടാകുക. നിക്ഷേപ കാലാവധി കൂടുന്നതിനനുസരിച്ച് തുക വീണ്ടും വർധിക്കും. ഇക്കാരണത്താലാണ് ദീർഘകാല നിക്ഷേപം നടത്തുമ്പോൾ ജീവിതത്തിൽ നേരത്തെ തന്നെ തുടങ്ങണമെന്ന് നിഷ്‌ക്കർഷിക്കുന്നത്.

3. നോമിനേഷൻ നിർബന്ധം

ബാങ്ക് അക്കൗണ്ടുകൾ, മ്യുച്ച്വൽ ഫണ്ടുകൾ എന്നിവയിലെ നിക്ഷേപം, ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ തുടങ്ങിയവ അക്കൗണ്ടുടമകളുടെ മരണശേഷം അനന്തരാവകാശികൾക്ക് നൽകുന്നതിൽ നടപടിക്രമങ്ങളിലെ നൂലാമാലകളും തർക്കങ്ങളുണ്ടാകാനുള്ള സാധ്യതകളും കാരണം വളരെയധികം കാലതാമസമുണ്ടാകുന്നുണ്ട്. ഉടമയുടെ മരണശേഷം സാമ്പത്തിക ആസ്തികളിലെ പണം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ആർക്ക് നൽകണം എന്നുള്ളതിനെക്കുറിച്ച് ഉടമ ജീവിച്ചിരിക്കുമ്പോൾ തന്നെ നോമിനേഷൻ നൽകി അതാത്

സ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിയമപരമായി പണവും ആസ്തികളും അവകാശികൾക്കുവേണ്ടി സ്വീകരിക്കാനുള്ള അധികാരം മാത്രമേ നോമിനേഷനിലൂടെ നോമിനിക്ക് ലഭിക്കുന്നുള്ളൂ. നോമിനി അവ യഥാർഥ അവകാശികൾക്ക് നിയമപരമായി വീതിച്ചു നൽകാൻ ബാധ്യസ്ഥരാണ്.

4. ചെക്കുകൾക്കും ഡ്രാഫ്റ്റുകൾക്കും കാലാവധിയുണ്ട്

ചെക്കുകളും ഡ്രാഫ്റ്റുകളും പണം കൈമാറ്റം സാധ്യമാക്കുന്നതിനുള്ള പേപ്പർ സംവിധാനങ്ങളാണ്. അതീവ സുരക്ഷാ ഘടകങ്ങൾ ഒന്നിപ്പിച്ചിട്ടുള്ള ഇവ രണ്ടും ഡിജിറ്റൽ പതിപ്പുപയോഗിച്ച് ട്രങ്കേഷൻ സംവിധാനത്തിലൂടെ ക്ലിയറിങ് നടത്തിയാണ് കാലതാമസമില്ലാതെ പണമിടപാടുകൾ പൂർത്തീകരിക്കുന്നത്. തീയതി ഒഴിച്ച് ചെക്കുകളിൽ തിരുത്തലുകൾ നടത്തുന്നതിനോ ചെക്കുകളുടെ താഴെയായി വെളുത്ത ഭാഗത്ത് എഴുതുന്നതിനോ അനുമതിയില്ല. അത്തരം ചെക്കുകൾ സ്വീകരിക്കില്ല. ചെക്ക് അല്ലെങ്കിൽ ഡ്രാഫ്റ്റ് എഴുതിയ തീയതി മുതൽ മൂന്നുമാസം വരെയാണ് കാലാവധി. അതിനുശേഷം അവ അസാധുവാണ്.

5. ആരോഗ്യപോളിസികൾ മെച്ചമാകുന്നു

health

അസുഖമുണ്ടാകുമ്പോൾ ചികിത്സാ ചെലവുകൾ നിർവ്വഹിക്കുന്നതിന് പരിരക്ഷ നൽകുന്നവയാണ് മെഡിക്കൽ പോളിസികൾ. ആശുപത്രികളിൽ പ്രവേശിക്കുമ്പോൾ പണം നൽകാതെ കാഷ്‌‌ലെസ് ആയി സേവനം നൽകുന്നവയാണ് മിക്ക ആരോഗ്യ പോളിസികളും. ആശുപത്രികൾക്കും ഇൻഷുറൻസ് കമ്പനികൾക്കുമിടയിൽ മധ്യവർത്തികളായി പ്രവർത്തിക്കുന്ന ടിപിഎകൾ ക്ലെയിം നിരസിക്കുക, അനുവദിക്കുന്ന തുക കുറയ്ക്കുക തുടങ്ങി പല രീതിയിൽ പോളിസി ഉടമകളെ വലയ്ക്കാറുണ്ട്. ആശുപത്രികൾക്ക് പണം നൽകാനുള്ള ചുമതല മാത്രമായി ടിപിഎകളുടെ അധികാരപരിധി കുറച്ചിട്ടുണ്ട്.

ക്ലെയിമിനോടൊപ്പം നൽകേണ്ട രേഖകൾ എല്ലാം കൂടി ഒരുമിച്ചു കമ്പനികൾ ആവശ്യപ്പെടണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, ക്ലെയിം നൽകി കഴിഞ്ഞാൽ പണം നൽകുന്നതിന് 30 ദിവസത്തിനുള്ളിൽ വീഴ്ച വരുന്ന അവസരങ്ങളിൽ പോളിസി ഉടമയ്ക്ക് പലിശ ലഭിക്കുന്നതിനും അർഹതയുണ്ടാകും. പോളിസിയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അർഹതയില്ലാത്ത ചെലവുകളും അനുവദനീയമായ ചെലവുകളുടെ പരിധിയും വ്യക്തമാക്കിക്കൊണ്ട് ഒറ്റ പേജിൽ തയാറാക്കിയ വിവരരേഖ ഓരോ തവണ പോളിസി നൽകുമ്പോഴും പോളിസി ഉടമയ്ക്ക് നൽകിയിരിക്കണമെന്നതും നിയമമാണ്.

6. ലൈഫ് ഇൻഷുറൻസ് പോളിസിയിൽ ക്ലെയിം നിരസിക്കില്ല

ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ കമ്പനിക്ക് തെറ്റായ വിവരങ്ങൾ നൽകി, ഗൗരവകരമായ വിവരങ്ങൾ മറച്ചുവച്ചു, കൃത്രിമം കാണിച്ചു എന്നൊക്കെ കത്ത് എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കുന്നതിനും ക്ലെയിം നിരസിക്കുന്നതിനും കമ്പനികൾക്ക് നേരത്തെ സാധിച്ചിരുന്നു. ഇത്തരം എന്തെങ്കിലും കാരണങ്ങളുണ്ടെ‌ങ്കിൽ കമ്പനികൾ പോളിസി കൊടുത്ത് മൂന്നു വർഷത്തിനുള്ളിൽ റദ്ദാക്കൽ നടപടികൾ എടുക്കേണ്ടതാണെന്ന് പരിഷ്‌ക്കരിച്ച 45-ാം വകുപ്പ് വ്യക്തമാക്കുന്നു. കൃത്യമായി പ്രീമിയം അടച്ച് മൂന്നുവർഷം കഴിഞ്ഞ പോളിസികളിൽ ക്ലെയിം ഉണ്ടാകുമ്പോൾ അത് നിരസിക്കാനുള്ള കമ്പനികളുടെ അധികാരത്തെ പൂർണമായും ഇല്ലാതാക്കിയിട്ടുണ്ട്.

7. എടിഎം പറ്റിച്ചാൽ പരിഹാരം

atm

എടിഎമ്മുകളിൽ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പലവിധ കാരണങ്ങളാൽ തുക ലഭിക്കാതെയും എന്നാൽ അക്കൗണ്ടുകളിൽ തുക കുറവു ചെയ്യുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സാങ്കേതിക തകരാറു മൂലം എടിഎമ്മുകളിൽ ഇടപാടു നടത്തി പണം നഷ്ടപ്പെടുന്ന കുടുക്കുകളായി എടിഎമ്മുകൾ മാറുന്നതിനെ തടയാനായി റിസർവ് ബാങ്ക് പല നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. പണം നഷ്ടപ്പെടുമ്പോൾ ബാങ്കുകളിൽ നേരിട്ട് പരാതി നൽകണം. പരാതി ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ തുക ഇടപാടുകാരന് തിരികെ നൽകിയിരിക്കണമെന്നാണു നിയമം.

ഇതിനു മുകളിൽ ഓരോ ദിവസത്തിനും 100 രൂപ വീതം പിഴയായി നൽകാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. സാങ്കേതിക തകരാറു മൂലമോ പണമില്ലാതെയോ സാധാരണ നിലയിൽ പ്രവർത്തിക്കാത്ത എടിഎമ്മുകൾക്ക് മുറിയുടെ മുമ്പിൽ തന്നെ അക്കാര്യം സൂചിപ്പിച്ച് ബോർഡ് എഴുതിവയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. എടിഎം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമ്പോഴും ഫീസ് വർധിപ്പിക്കുമ്പോഴും അവയുടെ സുരക്ഷിതത്വവും പ്രവർത്തനശേഷിയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ അവഗണിക്കപ്പെടുന്നതിന് പരിഹാരമാകും.

8. മ്യൂച്വൽ ഫണ്ടുകളിൽ ഡയറക്ട് നിക്ഷേപം

mutual

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന പണം പൂർണമായും നിക്ഷേപമായി തീരുന്നില്ല. ബാങ്കുകൾ, ഓൺലൈൻ മധ്യവർത്തികൾ, ഡിസ്ട്രിബ്യുട്ടർമാർ എന്നിങ്ങനെ നിക്ഷേപകനും ഫണ്ട് ഹൗസുകൾക്കും ഇടയിൽ പ്രവർത്തിക്കുന്ന വിവിധ കണ്ണികളുടെ നിലനിർത്തൽ ചെലവിലേക്കായി അതിലൊരുഭാഗം മാറ്റി വിനിയോഗിക്കുകയാണ്. സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ഡയറക്ട് നിക്ഷേപ സംവിധാനത്തിൽ ചെറുകിട നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഡിസ്ട്രിബ്യുട്ടർ കമ്മിഷൻ, നിക്ഷേപം പിൻവലിക്കുമ്പോൾ നൽകേണ്ട ഫീസ് എന്നിങ്ങനെ നിക്ഷേപത്തിൽ നിന്നു ചോർന്നുപോകുന്ന വിവിധ ചെലവുകളിലായി അര

ശതമാനം മുതൽ ഒരു ശതമാനം വരെ കുറവുണ്ടാകും. നിക്ഷേപത്തുക അത്രകണ്ട് ഉയരുമ്പോൾ വട്ടമെത്തുമ്പോൾ ലഭിക്കുന്ന തുകയിൽ കാര്യമായ വർധനയുണ്ടാകും. എൻഎവി എന്നറിയപ്പെടുന്ന മ്യുച്ച്വൽ ഫണ്ട് യൂണിറ്റുകളുടെ അറ്റ ആസ്തി മൂല്യത്തിൽ കൂടുതലായി ഇന്ന് പ്രതിഫലിക്കും.

9. വായ്പ നിരസിച്ചാലും കത്തു ലഭിക്കും

വിവിധ വായ്പകൾക്ക് ബാങ്കുകളെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് പലവിധ കാരണങ്ങൾ നിരത്താറുണ്ട്. വായ്പയ്ക്കായി സമർപ്പിച്ച അപേക്ഷ കിട്ടിയതായി ബാങ്കുകൾ രസീത് നൽകേണ്ടതാണ്. ഇങ്ങനെ നൽകുന്ന രസീതുകളിൽ അപേക്ഷയിന്മേൽ എത്ര ദിവസത്തിനുള്ളിൽ തീർപ്പുണ്ടാകുമെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകണം. അധികമായി എന്തെങ്കിലും രേഖകളോ

വിവരങ്ങളോ ആവശ്യമെങ്കിൽ താമസം കൂടാതെ ആ വിവരം അപേക്ഷകനെ അറിയിച്ചിരിക്കണമെന്നതും ബാങ്കുകളുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. എന്തു കാരണങ്ങളാലാണ് വായ്പ നിരസിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് അപേക്ഷകന് കത്തു നൽകാനുള്ള മര്യാദയും ബാങ്കുകൾക്കുണ്ടാകണമെന്ന് പെരുമാറ്റച്ചട്ടങ്ങളെ സംബന്ധിച്ച് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങളിൽ വ്യക്തമാണ്. അപേക്ഷ അനുവദിക്കുമ്പോൾ നൽകുന്ന വായ്പാ പരിധി, വായ്പാ നിബന്ധനകൾ, പലിശ നിരക്കുകൾ, മറ്റു ചെലവിനങ്ങൾ, ജാമ്യവ്യവസ്ഥകൾ എന്നിവയെല്ലാം വ്യക്തമായി രേഖപ്പെടുത്തിയ അനുമതിപത്രം നൽകിയിരിക്കണമെന്നുമുണ്ട്.

10. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യണം

ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ വ്യാപകമായതോടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള മാർഗങ്ങളും വർധിച്ചിരിക്കുന്നു. ഇതോടൊപ്പം തന്നെ ഡിജിറ്റൽ സംവിധാനങ്ങളുടെ ദുരുപയോഗം മൂലം അക്കൗണ്ടുകളിൽ അനധികൃത ഇടപാടുകൾ നടക്കാനുള്ള സാധ്യതയും മുമ്പെന്നത്തെക്കാളും കൂടുതലാണ്. എല്ലാ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലും അക്കൗണ്ടുടമയുടെ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യേണ്ടതാണ്. അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകൾ അപ്പപ്പോൾ ഹ്രസ്വസന്ദേശങ്ങളായി ലഭിക്കാനായാൽ പണം നഷ്ടപ്പെടുന്നതും നിയമ നടപടികളും ഒഴിവാക്കാം.

അക്കൗണ്ടുടമ അധികാരപ്പെടുത്തിയിട്ടില്ലാത്ത ഇടപാടുകൾ നടന്നതായി സന്ദേശം ലഭിച്ചാൽ ഉടൻ തന്നെ ബാങ്കിൽ വിളിച്ച് അപായസൂചന നൽകാനുള്ള അവസരം ലഭിക്കും. ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായതോടെയും അച്ചടിച്ച പാസ് ബുക്കുകൾ വിതരണം ചെയ്യാൻ ബാങ്കുകൾ കാണിക്കുന്ന മടിയും അതിനായി നൽകേണ്ട ഫീസും കണക്കാക്കുമ്പോൾ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുക തന്നെയാണ് പരിഹാരം.