Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂചിക അടിസ്ഥാനമാക്കിയ ഫണ്ടുകൾ

സാധാരണ ഇക്വിറ്റി പദ്ധതികളേക്കാൾ ചെലവു കുറഞ്ഞവയാണ് സൂചികാടിസ്ഥാനമാക്കിയ, ഇംഗ്ലിഷിൽ ‘ഇൻഡക്സ് ഫണ്ടു’കൾ എന്നറിയപ്പെടുന്ന വിഭാഗം. സാധാരണ അക്വിറ്റി പദ്ധതികൾ 2–2.5% ചെലവു നിരക്കെഴുതുമ്പോൾ സൂചികാടിസ്ഥിത പദ്ധതികൾ 1% മാത്രമാണ് ഈടാക്കുന്നത്. ഗവേഷണ ചെലവുകൾ, നടത്തിപ്പു ചെലവുകൾ എല്ലാം തുലോം കുറവാണ് സൂചികാടിസ്ഥിത പദ്ധതികളിൽ.

എന്നാൽ ഇവയിൽ തന്നെ വിപണിതാളങ്ങൾ അപ്പപ്പോൾ പ്രതിഫലിക്കുന്ന ഇടിഎഫുകളും സാധാരണ ഇക്വിറ്റികളുടേതു പോലെ പിറ്റേ ദിവസം എൻഎവി തരുന്ന സൂചികാടിസ്ഥിത പദ്ധതികളും ലഭ്യമാണ്. 

സാധാരണക്കാർക്ക് സൂചികാ പദ്ധതികൾ പ്രിയങ്കരമാകുവാൻ കാരണങ്ങൾ ഏറെയുണ്ട്.

വിപണിയുടെ ദിശ നോക്കി നേരം പാഴാക്കണ്ട. പ്രത്യേകിച്ച് ദീർഘകാല നിക്ഷേപങ്ങൾക്കു പറ്റിയ നിക്ഷേപ സ്രോതസ്സാണ്. നിഫ്റ്റി കഴിഞ്ഞ 1, 3, 5, 10 വർഷങ്ങളിൽ നൽകിയ ആദായ നിരക്ക്  (16–5–17) 21.12%, 9.75%, 14.40%, 8.6% എന്നു കാണുന്നു. ബിഎസ്ഇ സെൻസെക്സ് ഇതേ സമയം നൽകിയത് 19.45%, 8.31%, 13.83%, 8.05% എന്നിങ്ങനെയും ആണ്. സൂചികാ പദ്ധതികളിൽ പിഎസ്‌യു, ബാങ്കിങ്, സിഎൻഎക്സ് 500 എന്നിങ്ങനെയൊക്കെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഇടിഎഫുകളും ഇൻഡക്സ് ഫണ്ടുകളും ഉണ്ട്.

ചുരുക്കം ചില വർഷങ്ങളിൽ മൈനസ് ആദായ നിരക്ക് നൽകിയിട്ടുണ്ടെങ്കിലും മൊത്തത്തിൽ  സൂചികാടിസ്ഥിത പദ്ധതികൾ ദീർഘകാല ജീവിതാവശ്യങ്ങളുടെ നി‍ർവഹണത്തിനായി ഉപയോഗിക്കാവുന്നവയാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്, റിട്ടയർമെന്റിന്, വീട് വയ്ക്കുന്നതിന് എന്നിങ്ങനെ യുവജനതയ്ക്ക് സ്വപ്നമെന്നു കരുതുന്ന ഓരോന്നിനും മ്യൂച്വൽ ഫണ്ടുകളിൽ പര്യാപ്തമായ പദ്ധതികളുണ്ട്. ഏതു പ്രായത്തിലുള്ളവർക്കും സൂചികയോടടുത്ത ആദായ നിരക്ക് കിട്ടിയാൽ മതി എന്ന് കരുതുന്നവർക്ക് വ്യാപക അടിത്തറയുള്ള നിഫ്റ്റി/സെൻസെക്സ് അടിസ്ഥാനമാക്കിയ സൂചിക പദ്ധതികൾ ഇന്ന് ലഭ്യമാണ്.

വിപണി എല്ലാം അറിയുന്നു; എല്ലാത്തിനും വിലയും നൽകുന്നു – എന്നതാണ് ഈ പദ്ധതികളുടെ ഉൾക്കരുത്ത്.