Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ബാങ്കുകൾക്ക് ബിസിനസ് വർധന

banks

കൊച്ചി ∙ കറൻസി നിയന്ത്രണം ഉൾപ്പെടെ പ്രതികൂല സാഹചര്യങ്ങൾ പ്രബലമായിരുന്നിട്ടും കേരളം ആസ്‌ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകളുടെ മൊത്തം ബിസിനസിൽ 18% വർധന. കിട്ടാക്കടത്തിന്റെ തോതു കുറയ്‌ക്കാൻ ഈ ബാങ്കുകൾ നടത്തിയ ശ്രമങ്ങൾക്കും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം കാര്യമായ ഫലമുണ്ടായി.

ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും കാത്തലിക് സിറിയൻ ബാങ്കും ബിസിനസിൽ മുന്നേറിയപ്പോൾ ധനലക്ഷ്‌മി ബാങ്കിനു മാത്രമാണു നേട്ടമുണ്ടാക്കാൻ കഴിയാതിരുന്നത്. കിട്ടാക്കടത്തിന്റെ തോതു ഗണ്യമായി കുറയ്‌ക്കുന്നതിൽ ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്‌മി ബാങ്കും ഏറെ വിജയിച്ചപ്പോൾ കാത്തലിക് സിറിയൻ ബാങ്കിന്റെ കണക്കുകൾ നിരാശപ്പെടുത്തുന്നതായി. മുൻ വർഷം നഷ്‌ടത്തിലായിരുന്ന ധനലക്ഷ്‌മി ബാങ്കിനും കാത്തലിക് സിറിയൻ ബാങ്കിനും ലാഭത്തിന്റെ കണക്കുകൾ കാഴ്‌ചവയ്‌ക്കാനായെന്നതും ശ്രദ്ധേയം.

കേരള ബാങ്കുകളുടെ മൊത്തം ബിസിനസ് 3,24,972.35 കോടി രൂപയായിരിക്കുന്നു. മുൻ വർഷത്തെക്കാൾ 49,607.02 കോടിയുടേതാണു വർധന. ഫെഡറൽ ബാങ്കിന്റെ ബിസിനസ്  1,37,261.85 കോടിയിൽനിന്ന് 1,71,000.83 കോടിയിലേക്കാണ് എത്തിയിരിക്കുന്നത്. ബിസിനസിൽ ഒന്നാം സ്‌ഥാനവും ഫെഡറൽ ബാങ്കിന് അവകാശപ്പെട്ടതുതന്നെ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് 1,00,000 കോടി രൂപ പിന്നിട്ടു: 97,506 കോടിയായിരുന്ന ബിസിനസ് 1,13,201 കോടിയായി. കാത്തലിക് സിറിയൻ ബാങ്കിന്റെ ബിസിനസ് 22,291.04 കോടിയിൽനിന്ന് 23,030.49 കോടിയിലേക്കു വളർന്നു. ധനലക്ഷ്‌മി ബാങ്കിന്റെ ബിസിനസ് മുൻ വർഷം 18,306.44 കോടിയായിരുന്നെങ്കിൽ 2016 – ’17ൽ 17,740.03 കോടി മാത്രം.

അറ്റാദായത്തിലും ഫെഡറൽ ബാങ്കിനാണ് ഒന്നാം സ്‌ഥാനം: 830.79 കോടി രൂപ. സൗത്ത് ഇന്ത്യൻ ബാങ്ക് 392.50 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം നഷ്‌ടത്തിലായിരുന്ന ധനലക്ഷ്‌മി ബാങ്ക് 12.38 കോടിയും കാത്തലിക് സിറിയൻ ബാങ്ക് 1.55 കോടിയും 2016 – ’17ൽ ലാഭം നേടിയതായാണു കണക്ക്. 

ഫെഡറൽ ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്‌തി 1.28 ശതമാനമായി ചുരുങ്ങി. സൗത്ത് ഇന്ത്യൻ ബാങ്കിന്റേത് 1.45% മാത്രം. ധനലക്ഷ്‌മി ബാങ്ക് 2.58%. കാത്തലിക് സിറിയൻ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 7.25 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്‌തി 5.51 ശതമാനമായും വർധിച്ചു.

കേരള ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 4135.96 കോടി രൂപയായിരുന്നതു 3791.76 കോടിയായി കുറഞ്ഞിരിക്കുന്നു. അറ്റ കിട്ടാക്കടം 2673.61 കോടിയിൽനിന്ന് 2229.88 കോടിയായി ചുരുങ്ങിയിട്ടുമുണ്ട്.

ഓഹരി ഉടമകൾക്കു ലാഭവീതം അനുവദിക്കാൻ ഫെഡറൽ ബാങ്കിനും സൗത്ത് ഇന്ത്യൻ ബാങ്കിനും മാത്രമാണു കഴിഞ്ഞത്. ഫെഡറൽ ബാങ്ക് 45% ലാഭവീതം പ്രഖ്യാപിച്ചു; സൗത്ത് ഇന്ത്യൻ ബാങ്ക് 40 ശതമാനവും.