Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

3 ഡി ചിത്ര ഗാലറി ചെന്നൈയിൽ

statue ഇഞ്ചമ്പാക്കത്തെ സിലിക്കൺ മ്യൂസിയത്തിലെ ജീവൻ തുടിക്കുന്ന പ്രതിമകൾ. ചിത്രം–വിബി ജോബ്

ചിത്രകലാ ഗാലറിയിലെത്തി അവിടത്തെ ചിത്രങ്ങളുമായി സംവദിക്കുന്ന ബാലികയുടെ കഥ നമ്മളിൽ പലരും കേട്ടിട്ടുണ്ടാവും. ആ കഥ യാഥാർഥ്യമാക്കിയിരിക്കുകയാണ് എ.പി.ശ്രീധർ എന്ന കലാകാരൻ. ചിത്രകലയെ സ്‌നേഹിക്കുന്നവർക്കു മാത്രമല്ല സാധാരണക്കാർക്കും ആസ്വദിക്കാവുന്ന തലത്തിലേക്ക് ആർട് ഗാലറി എന്ന സങ്കൽപത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണു ട്രിക്ക് ആർട് എന്ന വ്യത്യസ്ത ഗാലറി. ചെന്നൈ വിജിപി സ്‌നോ കിങ്ഡത്തിൽ രാജ്യത്തെ ആദ്യത്തെ ത്രീഡി ആർട് ഗാലറി തുറന്നതു വഴി ട്രിക്ക് ആർട് എന്ന ചിത്രകലാ സാങ്കേതത്തെ ഇന്ത്യയിൽ പരിചയപ്പെടുത്തിയിരിക്കുകയാണു ശ്രീധർ.

ചുമരിൽ പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെ അടുത്തു പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തുനിന്നു ഫോട്ടോഎടുത്താൽ കാഴ്ചക്കാരനും ചിത്രത്തിന്റെ ഭാഗമായി മാറും. പ്രത്യേകരീതിയിൽ തയാറാക്കിയ ചിത്രങ്ങൾ കാണാനും ചിത്രങ്ങൾക്കരികെനിന്നു ഫോട്ടോയെടുക്കാനും കുട്ടികളുടെയും മുതിർന്നവരുടെയും തിരക്കാണ് ഇപ്പോൾ ശ്രീധറിന്റെ ആർട് ഗാലറിയിൽ.

കാഴ്ചക്കാരന്റെ പങ്കാളിത്തം ഉറപ്പാക്കി ഓരോ സന്ദർശകർക്കും മറ്റൊരിടത്തും ലഭിക്കാത്ത നവ്യാനുഭവം പകരുക എന്നതാണു ലക്ഷ്യമെന്നു ശ്രീധർ പറയുന്നു. ഇല്ല്യൂഷൻ പെയിന്റിങ്ങിനു രാജ്യത്തു പ്രചാരം നൽകുന്നതിന്റെ ഭാഗമായി ഹൈദരാബാദിലും ഇത്തരം ഗാലറി ആരംഭിച്ചിട്ടുണ്ട്. താമസിയാതെ രാജ്യത്തെ വിവിധയിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കാനാണു ശ്രീധറിന്റെ പദ്ധതി.

ഡിജിറ്റൽ ആർട് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഓരോചിത്രവും തയാറാക്കിയിരിക്കുന്നത്. യഥാർഥ ചിത്രങ്ങളുടെ പ്രിന്റഡ് മാതൃകകളാണ് ഗാലറിയിൽ ഉപയോഗിച്ചിരിക്കുന്നത്. യഥാർഥ പെയിന്റിങ്ങുകൾ കേടുവന്നാൽ പുനർ നിർമിക്കുന്നതു ചെലവേറിയ കാര്യമായതിനാലാണിത്. സന്ദർശകരുടെ ക്രിയാത്മകതയെക്കൂടി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇത്തരം പെയിന്റിങ്ങുകളുടെ പ്രത്യേകത. വെറും കാഴ്ചയ്ക്കപ്പുറം ചിത്രങ്ങളുടെ ലോകത്തിലേക്കു സന്ദർശകരെയും കൂട്ടിക്കൊണ്ടുപോവുകയാണു ട്രിക്ക് ആർട് മ്യൂസിയം.

ലോകത്തിലെ ആദ്യത്തെ ലൈവ് ആർട് സിലിക്കൺ മ്യൂസിയവും ചെന്നൈയ്ക്കു സമ്മാനിച്ചിരിക്കുകയാണു ശ്രീധർ. ഒരുകൂട്ടം കലാകാരൻമാരുടെ മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമാണു മ്യൂസിയത്തിലെ ഓരോ പ്രതിമയുമെന്നു ശ്രീധർ പറയുന്നു. മദർ തെരേസ, അമിതാഭ് ബച്ചൻ, ചാർലി ചാപ്ലിൻ, ജാക്കി ചാൻ, മൈക്കൽ ജാക്‌സൺ, എം.എസ്. ധോണി, അർണൾഡ് ഷ്വാസ്നെഗർ, ഷിർദി സായി എന്നിവരുടെ, ജീവൻ തുടിക്കുന്ന സിലിക്കൺ പ്രതിമകളാണ് ലൈവ് ആർട് മ്യൂസിയത്തിന്റെ പ്രത്യേകത. ഗാലറി തുറന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ ഒരുലക്ഷത്തിലധികം പേർ ഗാലറി സന്ദർശിച്ചുകഴിഞ്ഞു.

പ്രതിമകൾ രൂപകൽപന ചെയ്തിരിക്കുന്നതു ശ്രീധറാണ്, ശിൽപി രവിയാണു സിലിക്കൺ പ്രതിമകൾ നിർമിച്ചത്. ദക്ഷ ദയാളൻ, വിനോദ്, സുധീർ, രാഹുൽ എന്നിവരാണു സംഘത്തിലെ മറ്റുള്ളവർ. കൂടുതൽ താരങ്ങളുടെയും വിശ്വപൗരൻമാരുടെയും സിലിക്കൺ പ്രതിമകൾ താമസിയാതെ ലൈവ് ആർടിൽ എത്തിക്കുമെന്ന് ഇവർ പറയുന്നു. സ്റ്റൈൽ മന്നൻ രജനീകാന്തിന്റെയും ഉലക നായകൻ കമൽഹാസന്റെയും പ്രതിമകൾ നിർമിക്കുന്ന തിരക്കിലാണു ശ്രീധറും സംഘവും.

പതിനാലാം വയസ്സു മുതൽ ചിത്രകലയിൽ സജീവമാണു ശ്രീധർ. 20 വയസ്സിൽ സിനിമകൾക്കു പോസ്റ്ററുകൾ രൂപകൽപന ചെയ്തുതുടങ്ങിയ ശ്രീധർ 1985 മുതൽ 95 വരെ ഈ മേഖലയിൽ സജീവമായിരുന്നു. സാങ്കേതികവിദ്യ പോസ്റ്റർ നിർമാണത്തിലും കൈകടത്തിയതോടെ രംഗംവിട്ട ശ്രീധർ ചിത്രകലയിലേക്കു വീണ്ടും തിരിയുകയായിരുന്നു.