Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷി: കൊച്ചിയുടെ ബിഗ് ബിസിനസ്

terrace-farming

കൊച്ചി ∙ വീടിനു ചുറ്റും വിവിധയിനം ചെടികൾ ചട്ടിയിലും മണ്ണിലുമായി വളർത്തി, പൂക്കൾ കണ്ടു മനം കുളിർത്തിരുന്നവരായിരുന്നു മിക്ക മലയാളികളും. നാട്ടിലെ നഴ്സറികളിൽ പൂച്ചെടികൾ നിറഞ്ഞുനിന്ന കാലം. എന്നാൽ, സ്ഥിതി പതിയെ മാറിത്തുടങ്ങി. ഒരു പൂച്ചട്ടി നിന്നിരുന്ന സ്ഥാനത്ത് ഇന്ന് രണ്ട് പച്ചക്കറിച്ചട്ടികൾ സ്ഥാനം പിടിച്ചു. പൂക്കൾക്കു പകരമോ, പൂക്കൾക്കൊപ്പമോ മുറ്റത്തും ടെറസിലും സിറ്റൗട്ടിൽ പോലും പച്ചക്കറികളും ഹൈബ്രിഡ് ഫലവൃക്ഷങ്ങളും സ്ഥാനം പിടിച്ചു.

അടുക്കള കൃഷി വീട്ടമ്മമാരുടെ മാത്രം ജോലിയെന്ന് ഇപ്പോൾ നഗരവാസികൾ പോലും പറയുന്നില്ല. ഉദ്യോഗസ്ഥരും ബിസിനസുകാരും എന്തിനു താരങ്ങൾ വരെ വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടപാലകരായപ്പോൾ കേരളത്തിൽ തുറക്കുന്നതു വലിയൊരു ബിസിനസ് മേഖലയാണ്. വിത്തുകൾ മുതൽ ഗ്രോ ബാഗിലോ മൺചട്ടിയിലോ വിളഞ്ഞു നിൽക്കുന്ന പച്ചക്കറികളിൽ വരെ എത്തി നിൽക്കുന്ന ഉൽപന്നങ്ങൾ ഇന്ന് ഫാസ്റ്റ് മൂവിങ് കൺസ്യൂർ ഗുഡ് ആണ്.

അതായത് അതിവേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ. ഓർഗാനിക് കാർഷിക കൃഷി ഉപകരണങ്ങൾ എന്നൊരു ബോർഡുള്ള സ്ഥാപനത്തിനു മുന്നിൽ  പൂരപ്പറമ്പിലേതുപോലെ തിരക്കുണ്ട്. വിഷമില്ലാത്ത പച്ചക്കറികളേ കഴിക്കാവൂ എന്നാഹ്വാനം ചെയ്ത ആരോഗ്യ വിപ്ലവം, മുഴുവൻ ഉപഭോക്താക്കളുടെയും വാങ്ങൽ സ്വഭാവം മാറ്റിമറിച്ചു. പച്ചക്കറിച്ചന്തകളിലേക്കാൾ തിരക്ക് ഈ ഓർഗാനിക് കൃഷിക്കടകളിലുണ്ടെന്നു കച്ചവടക്കാർ തന്നെ സമ്മതിക്കുന്നു. 

മണ്ണു മുതൽ ഫലവൃക്ഷം വരെ വിൽപനയ്ക്ക്

വിത്തോ തൈകളോ ലഭിക്കുന്ന നഴ്സറികളല്ല ഓർഗാനിക് അഗ്രി സൂപ്പർ മാർക്കറ്റുകളും സൂപ്പർ സ്റ്റോറുകളും. ആവശ്യമെങ്കിൽ കൃഷി പരിശീലകനെയും കൃഷി ശാസ്ത്രജ്ഞനെയും വരെ നൽകാൻ കെൽപുള്ള വലിയ സ്ഥാപനങ്ങളാണിവ. വിഷം ചേർക്കാത്ത പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ചുണ്ടാക്കിയ വിത്തുകളും സങ്കരയിനം വിത്തുകളും തുടങ്ങി വിത്തു ഗണത്തിൽ മാത്രം നൂറു കണക്കിന് വെറൈറ്റികളുണ്ടാകും. വിത്തു നടാൻ സ്ഥലമില്ലാത്ത ഉപയോക്താക്കൾക്കു  മണ്ണുപോലും വാങ്ങാൻ കിട്ടും. ടെറസിലോ സിറ്റൗട്ടിലോ കൃഷി ചെയ്യാം. ഗ്രോ ബാഗുകളിൽ മണ്ണു നിറച്ചതും വിൽപനയ്ക്കുണ്ട്.

മണ്ണിര കംപോസ്റ്റ്, ചാണകപ്പൊടി, തുടങ്ങി ജൈവ വളങ്ങൾ ചേർത്ത മണ്ണു മിശ്രിതമാണു വാങ്ങുന്നതെങ്കിൽ വില കൂടും. ഗ്രോ ബാഗുകൾ പോലെ മൺചട്ടികളുമുണ്ട്. മൺചട്ടികളിലും ഗ്രോ ബാഗുകളിലുമായി തളിർത്തു നിൽക്കുന്ന പച്ചക്കറി ചെടികളായിത്തന്നെ വാങ്ങാം. പൂവിട്ടതോ കായ് പിടിച്ചു തുടങ്ങിയതോ ആയ ചെടികളാണെങ്കിൽ വില കൂടും. ചിലപ്പോൾ പാക്കേജുകളായാണ് പച്ചക്കറിത്തൈകൾ ലഭിക്കുക. പയറും പാവയ്ക്കയും കാരറ്റും ബീറ്റ്റൂട്ടും തുടങ്ങി ഉയർന്ന പോഷക മൂല്യമുള്ള മറുനാടൻ പച്ചക്കറിത്തൈകൾ വരെ വിൽപനയ്ക്കുണ്ട്.

പല വിദേശ ചെടികളും കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച വിധം ‘കസ്റ്റമൈസ്’ ചെയ്തതായിനാൽ വളരുമോ എന്ന പേടി വേണ്ട. ഫലമുണ്ടാകുമെന്ന ഗാരന്റിയോടെയാണു വിൽപന. ജൈവ വളങ്ങൾ, കീടനാശിനികൾ, മണ്ണിളക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം അഗ്രി സ്റ്റോറുകളിൽ ലഭിക്കും. 

പ്രോട്ടീൻ മീഡിയയാണ് കൃഷി വിപണിയിലെ മറ്റൊരുൽപന്നം. മണ്ണും ചകിരിച്ചോറും മാത്രമല്ല, വെള്ളം നിലനിൽക്കാനും വളരാനുമാവശ്യമായ മറ്റു മീഡിയങ്ങളും വിപണിയിൽ കിട്ടും. ഗ്രോ ബാഗിനുള്ളിലെയോ കൃഷിയിടത്തിലെയോ മണ്ണിന്റെ പിഎച്ച് മൂല്യം സന്തുലിതമായി നിലനിർത്താനുള്ള പിഎച്ച് കൺട്രോളിങ് മിക്സ്, ഫംഗൽ, വൈറൽ ബാക്ടീരിയൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ജൈവ മരുന്നുകൾ, കളപൊങ്ങാതിരിക്കാനുള്ള കവറുകൾ, ഹെർബൽ കളനാശിനകൾ, ഓരോ രീതിക്കും അനുയോജ്യമായ ഇറിഗേഷൻ സംവിധാനങ്ങൾ തുടങ്ങി കാർഷികോൽപന്നങ്ങളുടെ നീണ്ട നിരതന്നെയുണ്ട് അഗ്രോ മാർട്ടുകളിൽ.

പ്രിയമേറി റംബൂട്ടാൻ

പച്ചക്കറികൾക്കൊപ്പം ഫലവൃക്ഷങ്ങളും വിപണിയിൽ സുലഭമാണ്. റംബൂട്ടാനാണ് കൂടുതൽ വിറ്റുപോകുന്ന തൈ. ഏറ്റവും ആരോഗ്യം നൽകുന്നതും മികച്ച രോഗപ്രതിരോധ ശേഷിയുള്ളതുമായ ഫലങ്ങളുടെ തൈകൾക്കാണ് ആവശ്യക്കാരേറെ. വൻമരമായി മാറുന്ന റംബൂട്ടാനല്ല ഓർഗാനിക് വിപണിയിൽ വിൽപനയ്ക്കുള്ളത്. മൂന്നോ നാല വർഷത്തിനുള്ളിൽ ഫലം തരുന്ന റംബൂട്ടാനും സപ്പോട്ടയും മാംഗോസ്റ്റിനും മാതതളനാരകവും അവക്കാഡോയുമെല്ലാം ഇന്നു സുലഭമാണ്. വ്യത്യസ്ത തരത്തിലുള്ള മാവിനും പേരക്കയ്ക്കും ആവശ്യക്കാരേറെയുണ്ടെന്ന് നഴ്സറി, ഫാം ഉടമകൾ പറയുന്നു. 

വിദേശികൾക്കു വിലയേറും

മികച്ച സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുക്കുന്ന ബഡ് തൈകൾ മാത്രമല്ല, വിദേശ തൈകളും ഫാമുകളിൽ ലഭിക്കും. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ഹാർഡനിങ് പ്രക്രിയയിലൂടെ വളർത്തിയെടുക്കുന്നതാണ് വിദേശ തൈകൾ. റംബൂട്ടാൻ മാത്രം അഞ്ച് വിദേശ ഇനങ്ങൾ ഇന്നു കേരളത്തിലെ വിപണികളിൽ ലഭ്യമാണ്, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റംപൂട്ടാൻ ഇനങ്ങളാണിവ. വിദേശ ചക്കയുടെ വിത്തും തൈകളും വരെ കേരള വിപണിയിൽ സുലഭമാണ്. പുലാസൻ, മിറക്കിൾ ഫ്രൂട്ട്, മിൽക് ഫ്രൂട്ട് തുടങ്ങിയ ഉയർന്ന പോഷക മൂല്യമുള്ള ഫലങ്ങളുടെ തൈകളും വിപണികളിൽ നിറഞ്ഞു.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ജൈവകൃഷി ഉപകരണങ്ങളും ഇവിടെക്കിട്ടും. കൊച്ചിയിൽ നിന്നു വിദേശത്തേക്കു കൃഷി ഉൽപന്നങ്ങൾക്കു കയറ്റുമതിയുമുണ്ട്. കേരളത്തിൽ കൃഷി ചെയ്യുന്ന ഓർഗാനിക് പച്ചക്കറികൾ നിലവിൽ യുഎഇയിലേക്കു കയറ്റി അയയ്ക്കുന്നുണ്ടെന്ന് വേഫാം കർഷക സംഘടനയുടെ നടത്തിപ്പുകാരനായ കെ. ആന്റണി പറയുന്നു. ഓസ്ട്രേലിയയിലേക്ക് ഉടൻ പച്ചക്കറികൾ കയറ്റി അയച്ചു തുടങ്ങും. ലുലുവിലും റിലയൻസ് ഫ്രഷിലും ഓർഗാനിക് സ്റ്റോറുകൾ ഉടൻ തുടങ്ങുമെന്നും ആന്റണി പറയുന്നു. 

വളരുന്നു അനുബന്ധ തൊഴിൽ മേഖലയും

 പല ഫാമുകൾക്കും സ്റ്റോറുകൾക്കും സ്വന്തമായി ഗവേഷണ വിഭാഗവുമുണ്ട്. ബയോ ടെക്നോളജിയിലും ബയോ ഇൻഫർമാറ്റിക്സിലും എൻജിനീയറിങ് ബിരുദമുള്ളവരും അഗ്രികൾച്ചറിൽ ബിരുദവും ബിരുദാനന്ത ബിരുദവുമുള്ളവർ തുടങ്ങി കൃഷി ശാസ്ത്രജ്ഞർ വരെ ഗവേഷണ വിഭാഗത്തിലുണ്ട്. കടുത്ത മത്സരം നിലനിൽക്കുന്ന വിപണിയിൽ കുറഞ്ഞ കാലം കൊണ്ടു കൂടുതൽ ഫലം തരുന്ന വിത്തുൽപാദിപ്പിക്കുന്നതും ചെടികൾക്കു വരാവുന്ന രോഗങ്ങളും പരിഹാര മാർഗങ്ങളും കണ്ടെത്തുന്നതുമാണ് ഗവേഷകരുടെ ജോലി.

ചില സാഹചര്യങ്ങളിൽ ഉപയോക്താക്കളുടെ കൃഷിത്തോട്ടങ്ങളിലും പോകേണ്ടതായി വരും. വിപണിക്കു വ്യാപ്തി കൂടിയതോടെ ഓർഗാനിക് കൃഷി തുറന്നിടുന്നതു വൻ സാധ്യതകളുള്ള തൊഴിൽ മേഖല കൂടിയാണ്.

ഹൈടെക് പച്ചക്കറികൾക്ക് യൂസർ മാനുവൽ

കൃഷിയിലേക്ക് ആദ്യമായെത്തുന്നവരാണെങ്കിൽ ഉപയോക്താക്കൾക്കു യൂസർ മാനുവൽ നൽകും. ഓരോ ആഴ്ചയിലും വളർച്ചയുടെ ഘട്ടങ്ങൾ, പൂവിടേണ്ട സമയം, കായ് പിടിക്കുന്ന സമയം, ഓരോ സീസണിലും ആവശ്യമായ വളങ്ങൾ, വെള്ളത്തിന്റെ അളവ്, വരാൻ സാധ്യതയുള്ള രോഗങ്ങൾ, പരിഹാര മാർഗങ്ങൾ ഇവയെല്ലാം മാനുവലിലുണ്ടാകും. അടിയന്തര ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ കസ്റ്റമർ കെയർ സർവീസിന്റെ ഫോൺ നമ്പരുമുണ്ടാകും. പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുടെ സേവനവും ചെടികളുടെ റീപ്ലേസ്മെന്റും നൽകുന്ന സ്റ്റോറുകളും നഗരത്തിലുണ്ട്.

കൃഷി ഓൺലൈനിലും

മണ്ണിൽ മാത്രമല്ല, ഓർഗാനിക് കൃഷി ഓൺലൈനിലുമുണ്ട്. ഫലവൃക്ഷങ്ങൾക്ക് കൊച്ചിയിൽ ഡെലിവറിയുള്ള ഒട്ടേറെ നാഷനൽ ഓർഗാനിക് ഫാം സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ചെടികൾ വീട്ടിലെത്തിച്ചു കൊടുക്കുന്നതാണ് സൈറ്റുകൾ. ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും ഓരോ സീസൺ അനുസരിച്ച് ഓഫറുകളുമുണ്ട്.

പാക്കേജുകളായാണ് തൈകൾ ലഭിക്കുന്നത്. ഫലവൃക്ഷത്തൈകളുടെ പായ്ക്കിന് വില 1000 കടക്കും. പച്ചക്കറി വില 100 മുതൽ തുടങ്ങും. സങ്കരയിനമാണെങ്കിൽ വില കൂടും. വിത്തും ഗ്രോ ബാഗുകളും, പായ്ക്കു ചെയ്ത മണ്ണും, ജൈവ വളങ്ങളും കീടനാശിനികളും കൃഷി ഉപകരണങ്ങളും ഓൺലൈനായി വാങ്ങാം.

 ആശ്വാസം, ഓർഗാനിക് കൃഷി

കുരുമുളക്, റബർ തുടങ്ങി പ്രധാന വിളകളുടെയല്ലാം വില ഇടിഞ്ഞതോടെ കാർഷികോപകരണ മാർക്കറ്റിനെ പിടിച്ചു നിർത്തിയത് ഓർഗാനിക് പച്ചക്കറി കൃഷിയാണെന്ന് ആഞ്ഞിപ്പറമ്പിൽ അഗ്രോ മാർട്ട് ഉടമ ജീമോൻ പോൾ പറയുന്നു. നഗരത്തിൽ കൃഷി ചെയ്യുന്നവരുടെ എണ്ണം അദ്ഭുതകരമാംവിധം ഉയർന്നു. സ്വന്തമായി മണ്ണില്ലാത്തവർ പോലും ഇപ്പോൾ കൃഷിക്കാരാണ്. കൃഷി ഉൽപന്നങ്ങൾക്കു മാത്രമായി ഷോപ്പിങ് മാളുകൾ ഉടൻ നഗരത്തിലുണ്ടാകുമെന്നും ജീമോൻ പറയുന്നു.

 കാർഷിക വിപ്ലവത്തിനു പിന്നിൽ ആരോഗ്യ വിപ്ലവം

ജീവിതശൈലീ രോഗങ്ങളുടെ നിരക്കിൽ കുത്തനെയുണ്ടായ വളർച്ചയാണ് ഓർഗാനിക് പച്ചക്കറി വിപണിയുടെയും ഓർഗാനിക് കൃഷി ഉൽപന്ന വിപണിയുടെയും കുതിപ്പിനു കാരണം. കാൻസർ പോലും ജീവിതശൈലീ രോഗങ്ങളുടെ വിഭാഗത്തിൽ പെട്ടതോടെ വിഷം ചേർത്തുണ്ടാക്കുന്ന പച്ചക്കറികൾ പലരും ഉപേക്ഷിച്ചു.

ഓർഗാനിക് എന്ന പേരിൽ ലഭിക്കുന്ന പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും ഉയർന്ന വിലയും വിശ്വസ്യതക്കുറവുമാണ് സ്വയം ഓർഗാനിക് കൃഷി എന്ന ആശയത്തിലേക്കു നഗരവാസികളെപോലും മാറ്റിയത്. സ്വന്തമായി ഭൂമിയില്ലെങ്കിലും കഴിക്കാനുള്ള പച്ചക്കറികൾ ഫ്ലാറ്റിലും മട്ടുപ്പാവിലും വിളയിക്കുന്നതാണ് പുതിയ കൃഷി രീതികൾ.

വിഎഫ്പിസികെ @ ഹോം

സ്വകാര്യ കമ്പനികൾ ഓർഗാനിക് കൃഷി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചപ്പോൾ സർക്കാർ സംവിധാനവും നിലവാരമുയർത്തി. കാക്കനാട്ടുള്ള വിഎഫ്പിസികെയുടെ ഓഫിസസിലും ജൈവകൃഷി ഉൽപന്നങ്ങളെല്ലാം ലഭിക്കും. ടെറസിലെ കൃഷിക്കും മുറ്റത്തെ കൃഷിക്കും തോട്ടത്തിലെ കൃഷിക്കും പ്രത്യേകമായി സർക്കാരിന്റെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന് പാക്കേജുകളുണ്ട്. കാക്കനാട്ടെ ഓഫിസിന് 10 കിലോമീറ്റർ പരിധിയിലുള്ള വീടുകളിലേക്കു ഹോം ഡെലിവറി സൗജന്യമാണ്.

ഗ്രോ ബാഗിൽ വളരുന്ന 25 പച്ചക്കറികളുടെ പാക്കേജിന് 3500 രൂപയാണ് വില. മണ്ണും ജൈവവളവും നിറച്ച 25 ഗ്രോ ബാഗുകൾക്ക് 2500 രൂപയാണ് വില. ഗ്രോ ബാഗിൽ നടാനുള്ള വിത്തുകൾ ഇഷ്ടാനുസരണം തിര​ഞ്ഞെടുക്കാം. ചെടികളുടെ പാക്കേജിലും ഏതു പച്ചക്കറികളാണ് വേണ്ടതെന്ന് ഉപയോക്താവിനു തീരുമാനിക്കാം. വിൽപന മാത്രമല്ല, വിദഗ്ധരുടെ സേവനവും വിഎഫ്പിസികെ നൽകുന്നുണ്ട്. കാക്കനാടിനു പുറത്തേക്കും വിഎഫ്പിസികെയ്ക്ക് ഹോം ഡെലിവറിയുണ്ട്. സൗജന്യമായിരിക്കില്ലെന്നു മാത്രം.

കൃഷി വകുപ്പ് 25 ഗ്രോ ബാഗുകൾ 500 രൂപയ്ക്കാണ് നൽകുന്നത്. 30 പച്ചക്കറികൾ ഗ്രോബാഗോടു കൂടിയുള്ള തിരിനന സംവിധാനത്തിന് 2000 രൂപയാണ്. 8000 രൂപയുടെ സംവിധാനമാണ് സർക്കാർ 2000 രൂപയ്ക്കു നൽകുന്നത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനായി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥ റോസ് മേരി പറയുന്നു.