Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4ജി തുടങ്ങാൻ സ്പെക്ട്രം വേണം: ബിഎസ്എൻഎൽ

bsnl-logo

ന്യൂഡൽഹി ∙ 4ജി സേവനത്തിനും ബ്രോഡ്ബാൻഡ് സേവനത്തിനും ഉപയോഗിക്കാവുന്ന 700 മെഗാഹെട്സ് റേഡിയോ തരംഗങ്ങൾ (സ്പെക്ട്രം) അനുവദിക്കണമെന്ന് ബിഎസ്എൻഎൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

സ്വകാര്യ ടെലികോം കമ്പനികളിൽനിന്നുള്ള മൽസരം നേരിടാൻ ഇത് അത്യാവശ്യമാണെന്ന് ബിഎസ്എൻഎൽ വിവിധ മന്ത്രിമാർ ഉൾപ്പെട്ട പ്രത്യേക സമിതിയെ അറിയിച്ചു.ടെലികോം രംഗത്തെ പ്രശ്നങ്ങൾ പഠിക്കുന്ന സമിതിയാണിത്. സർക്കാരിന്റെ ഓഹരി നിക്ഷേപമായി പരിഗണിച്ചു വേണം സ്പെക്ട്രം നൽകാനെന്നു ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

യൂണിറ്റിന് 11485 കോടി രൂപ കഴിഞ്ഞ തവണ സ്പെക്ട്രം ലേലത്തിൽ സർക്കാർ വിലയിട്ടിരുന്ന 700 മെഗാഹെട്സ് സ്പെക്ട്രം ഏറ്റെടുക്കാൻ ഒരു സ്വകാര്യമേഖലാ കമ്പനിയും തയാറായിരുന്നില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നക്സൽ ആക്രമണ മേഖലകളിലും സർക്കാർ നിർദേശപ്രകാരം മൊബൈൽ സേവനം ആരംഭിച്ചതിന് സ്പെക്ട്രം ലൈസൻസ് ഫീസും യൂസേജ് നിരക്കുകളും രണ്ടു വർഷത്തേക്ക് ഈടാക്കരുതെന്നും ബിഎസ്എൻഎൽ ആവശ്യപ്പെട്ടു. സിഡിഎംഎ സ്പെക്ട്രം തിരികെ നൽകിയ വകയിൽ 1520 കോടി രൂപ സർക്കാർ തിരികെ നൽകണമെന്നും ബിഎസ്എൻഎൽ പറഞ്ഞു.