Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്റ്റ് ഓഫിസുകൾക്കും ബാങ്കുകൾക്കും റദ്ദാക്കിയ നോട്ടുകൾ ജൂലൈ 20 വരെ മാറ്റാം

Banned 500 rupees note

ന്യൂഡൽഹി ∙ ജില്ലാ സഹകരണ ബാങ്കുകളടക്കം എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫിസുകളും ശേഖരിച്ചിട്ടുള്ള പഴയ 500, 1000 രൂപ നോട്ടുകൾ ജൂലൈ 20 വരെ റിസർവ് ബാങ്കിൽ തിരികെ നൽകാമെന്നു കേന്ദ്ര സർക്കാർ.

2016 നവംബർ എട്ടിന്റെ നോട്ടു റദ്ദാക്കലിനു ശേഷം വാണിജ്യ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും ഡിസംബർ 30 വരെയും ജില്ലാ, സെൻട്രൽ സഹകരണ ബാങ്കുകളിൽ നവംബർ 14 വരെയും ഇടപാടുകാർ നിക്ഷേപിച്ച പഴയനോട്ടുകളാണ് ഇങ്ങനെ മാറാൻ കഴിയുക. നോട്ടു മാറ്റത്തിനുള്ള അവസാന അവസരമാണിത്. 

നോട്ടുകൾ ഇതുവരെ എന്തുകൊണ്ടു മാറിയില്ല എന്നതിന് ബാങ്കുകളും പോസ്റ്റ് ഓഫിസുകളും വ്യക്തമായ കാരണം നൽകണമെന്ന് ധനമന്ത്രാലയം നിർദേശിച്ചു. വിശദീകരണം റിസർവ് ബാങ്കിന് സ്വീകാര്യമാകുകയും വേണം. പഴയ നോട്ടുകളുടേതിനു തുല്യമായ തുക അക്കൗണ്ടിലേക്കാണ് ആർബിഐ നൽകുക. പകരം കറൻസി ലഭിക്കില്ല. റിസർവ് ബാങ്കിന്റെ എല്ലാ ഓഫിസിലും നോട്ടുകൾ നൽകാം. 

അതേസമയം, കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിരോധിച്ച നോട്ടുകളൊന്നും ബാക്കിയില്ലെന്ന് സഹകരണ റജിസ്ട്രാർ വ്യക്തമാക്കി. സർക്കാർ നിർദേശിച്ച കാലയളവിനുള്ളിൽ തന്നെ പഴയ നോട്ടുകൾ കൈമാറിയിരുന്നു.