Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരടു തൊഴിൽ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

engineers

തിരുവനന്തപുരം∙ തൊഴിലാളികളുടെ വേതനം ആധാറുമായി ബന്ധിപ്പിച്ചു വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം നടത്തുന്ന വേതന സുരക്ഷാ പദ്ധതിയും സ്ത്രീസൗഹൃദ തൊഴിൽ അന്തരീക്ഷവും ലക്ഷ്യമിട്ടുകൊണ്ടുള്ള 2017ലെ കരടു തൊഴിൽ നയം മന്ത്രിസഭ അംഗീകരിച്ചു. 

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത ഓൺലൈൻ റജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്താനും ചുമട്ടു തൊഴിലാളി റജിസ്‌ട്രേഷൻ ആധാർ അധിഷ്ഠിതമാക്കാനും ഇതിൽ നിർദേശിച്ചു. തൊഴിലുടമ-തൊഴിലാളി ബന്ധം ഊട്ടിയുറപ്പിക്കും. 

ഗാർഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി ലേബർ ബാങ്ക് രൂപീകരിക്കും. ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി  വ്യാപിപ്പിക്കും. വ്യവസായബന്ധ സമിതികൾ ഇല്ലാത്ത കൃഷി, വിവരസാങ്കേതികം, മത്സ്യസംസ്‌കരണം തുടങ്ങിയ മേഖലകളിൽ സമിതികൾ രൂപീകരിക്കും. മറ്റു നിർദേശങ്ങൾ:

ഐടി മേഖലയിൽ തൊഴിൽ വകുപ്പ് ആരംഭിച്ച സ്വയം സാക്ഷ്യപ്പെടുത്തൽ പദ്ധതി ഇതര മേഖലകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. തൊഴിലിടങ്ങളിൽ കുഞ്ഞുങ്ങൾക്കു മുലയൂട്ടാനുള്ള സൗകര്യവും ശമ്പളത്തോടുകൂടിയ പ്രസവാവധിയും ഉറപ്പാക്കും. സ്ത്രീ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കു ക്രെഷ് സെസ് ഏർപ്പെടുത്തി ക്രെഷ് സംവിധാനം കൊണ്ടുവരും. തൊഴിലിടങ്ങളിൽ ഇരിപ്പിട സൗകര്യം നിർബന്ധമാക്കും. 

തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തും. വിവിധ ഭൂപ്രദേശങ്ങളിൽ തൊഴിലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ഭാഷാടിസ്ഥാനത്തിൽ ശേഖരിക്കും. തോട്ടം മേഖലയിലെ ശോച്യാവസ്ഥ പരിഹരിക്കാൻ വേണ്ട തൊഴിൽ വ്യവസായ ഇടപെടലുകൾ നടത്തും. തൊഴിൽ നൈപുണ്യം നേടുന്നവർക്കു വിദേശത്തു തൊഴിൽ കണ്ടെത്താൻ ഒഡെപെക് വഴി ഏകജാലക സംവിധാനം കൊണ്ടുവരും. 

വിദേശ തൊഴിലന്വേഷകർക്ക് ഓൺലൈനായി ഒറ്റത്തവണ റജിസ്‌ട്രേഷൻ സംവിധാനം ഒരുക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്ത 50-65 പ്രായപരിധിയിലെ മുതിർന്ന പൗരന്മാർക്കും 'നവജീവൻ' എന്ന പേരിൽ സമഗ്ര തൊഴിൽ-പുനരധിവാസ പദ്ധതി ആരംഭിക്കും. സംസ്ഥാന വ്യാപകമായി ഇഎസ്ഐ പദ്ധതി നടപ്പാക്കും.