Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി: കേരളത്തിൽ കാര്യമായ തൊഴിൽ നഷ്ടമില്ല

it

കൊച്ചി ∙ ഐടി രംഗത്തെ ഓട്ടമേഷനും മറ്റു മാറ്റങ്ങളും മൂലം വൻ നഗരങ്ങളിലെ ബഹുരാഷ്ട്ര ഐടി കമ്പനികളിലെ നൂറു കണക്കിനു പ്രഫഷനലുകൾക്കു തൊഴിൽ നഷ്ടപ്പെട്ടെങ്കിലും കേരളത്തിൽ കാര്യമായ തൊഴിൽ നഷ്ടമില്ല. ഇവിടെ നാട്ടിൽ തന്നെ വളർന്നു വന്ന ചെറുകിട കമ്പനികളാണു കൂടുതൽ എന്നതും ഒരു കമ്പനിയിൽ തന്നെ പതിനായിരക്കണക്കിനു പ്രഫഷനലുകൾ ജോലി ചെയ്യുന്ന സ്ഥിതി ഇല്ല എന്നതുമാണു പ്രധാന കാരണങ്ങൾ.

അതിനാൽ തന്നെ തൊഴിൽ നഷ്ടത്തെ ചെറുക്കാനായി രൂപംകൊണ്ട ഫോറം ഫോർ ഐടി എംപ്ലോയീസ് (എഫ്ഐടിഇ) കേരളത്തിൽ കാര്യമായ പരാതികൾ നേരിടുന്നില്ല. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം ഐടി ജീവനക്കാരുണ്ടെങ്കിലും ഫോറത്തിൽ അഞ്ഞൂറോളം പേർ മാത്രമാണ് അംഗങ്ങൾ. കേരളത്തിൽ വൻ തോതിലുള്ള പിരിച്ചു വിടലുകൾ ഇതുവരെ നേരിട്ടിട്ടില്ലെന്ന് എഫ്ഐടിഇ വക്താവും അറിയിച്ചു. എന്നാൽ, പ്രവർത്തന മികവു പോരെന്ന കാരണത്താൽ ഒഴിവാക്കലുകളുണ്ടാകുന്നുണ്ട്. അവരുടെ എണ്ണം കുറവാണെന്നതിനാൽ വൻ പ്രതിഷേധം ഉയർത്തേണ്ട ആവശ്യവും വരുന്നില്ല.

സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്ങിലെ കംപ്യൂട്ടർവൽക്കരണമാണ് (ഓട്ടോമേഷൻ) തൊഴിൽ നഷ്ടം സൃഷ്ടിച്ചതിനു പ്രധാന കാരണം. എന്നാൽ, വിദേശത്ത് ആസ്ഥാനമുള്ള ബഹുരാഷ്ട്ര ഐടി കമ്പനികൾ ലാഭം കൂട്ടാനോ, ചെലവു കുറയ്ക്കാനോ വേണ്ടി മാത്രം കുറേപേരെ പിരിച്ചുവിടാൻ തീരുമാനിക്കാറുണ്ട്. ജീവനക്കാരെ വെറും എണ്ണം മാത്രമായി കരുതുന്ന രീതി കേരളത്തിൽ ഇതുവരെ വന്നിട്ടുമില്ല.

ഇൻഫോ പാർക്കിലും ടെക്നോ പാർക്കിലും സ്മാർട് സിറ്റിയിലും പാർക്കുകൾക്കു പുറത്തുള്ള മറ്റ് ഐടി കമ്പനികളിലുമായി ഏകദേശം ഒരു ലക്ഷം പേർക്കാണ് ഐടിയിൽ ഇവിടെ നേരിട്ടു ജോലിയുള്ളത്. രണ്ട് ഐടി പാർക്കുകളിലായി ഏകദേശം 650 കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ പാതിയോളം മലയാളി സംരംഭകരുടേതായി ഇവിടെ വളർന്നു വന്ന ചെറുകിട കമ്പനികളാണ്. ഓരോ കമ്പനിയിലും ജീവനക്കാരുടെ എണ്ണം 200ൽ താഴെ മാത്രം. അത്തരം കമ്പനികൾക്ക് പെട്ടെന്നു ജീവനക്കാരെ ഒഴിവാക്കാനും കഴിയില്ല.

എന്നാൽ, പ്രവർത്തന മികവിന്റെ പേരിൽ വർഷം തോറും വിലയിരുത്തൽ കഴിയുമ്പോൾ ഏറ്റവും താഴെയുള്ള കുറച്ചു പേർ ഒഴിവാക്കപ്പെടുന്ന പതിവു പണ്ടേയുണ്ട്. മൂന്നു മാസത്തെ നോട്ടിസ് സമയമോ, അത്രയും കാലത്തെ ശമ്പളമോ അവർക്കു നൽകുന്നു. അവരെ പിരിച്ചുവിട്ടുവെന്നതിന് എങ്ങും രേഖയുണ്ടാവില്ല. രാജിവച്ചു എന്നു മാത്രമേ പറയൂ. അവർ എത്രയും വേഗം മറ്റു കമ്പനികളിൽ ജോലിക്കു കയറുകയാണു പതിവ്. മറ്റൊരു കമ്പനി ഇവരെക്കുറിച്ചു റഫറൻസ് ചോദിച്ചാലും പഴയ കമ്പനി നല്ല കാര്യം മാത്രമേ പറയൂ. വൻകിട കമ്പനിയിൽ നിന്ന് ഇടത്തരം കമ്പനിയിലേക്കു മാറിയാലും മിക്കപ്പോഴും മികച്ച തസ്തികയും ശമ്പളവും ലഭിക്കുന്നതിനാൽ ആരും പരാതി പറയുന്നില്ല.

ഇതാണ് ഇവിടെ ഐടി രംഗത്തു യൂണിയൻ പ്രവർത്തനം പച്ചപിടിക്കാത്തതിനു പ്രധാന കാരണം. എന്നാൽ, ബാംഗ്ളൂരിലും ചെന്നൈയിലും പോലെ ഐടി വ്യവസായം ശക്തമായ മെട്രോ നഗരങ്ങളിൽ പിരിച്ചുവിടൽ ഉണ്ടാകുന്നുണ്ട്. എഫ്ഐടിഇ അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കലും ലേബർ കമ്മിഷണർക്ക് പരാതി നൽകലും അവിടെ നിത്യേനയെന്നോണം നടക്കുന്നു.

ഓട്ടമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പോലെ ഐടിയിൽ വൻ മാറ്റത്തിനു കളമൊരുക്കുന്ന പുത്തൻ സാങ്കേതികവിദ്യകൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കാമെങ്കിലും ഐടി ബിസിനസ് വളരുക തന്നെയാണ്. ബാങ്കുകളിലും റീട്ടെയിൽ സ്ഥാപനങ്ങളിലും മറ്റും കംപ്യൂട്ടർവൽക്കരണം നടത്താനുള്ള ജോലികളും ഐടി കമ്പനികൾ തന്നെയാണു ചെയ്യുന്നത്. 2020 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള ഐടി കയറ്റുമതി 20000 കോടി ഡോളർ (13 ലക്ഷം കോടി രൂപ) ആകുമെന്നാണു കണക്കാക്കിയിട്ടുള്ളത്.

‌ കമ്പനിക്കുള്ളി‍ൽ ഓട്ടോമേഷൻ വന്നു തൊഴിലവസരം കുറഞ്ഞാലും അവരെ മറ്റു പ്രോജക്ടുകളിലേക്കു മാറ്റി നിലനിർത്തുകയാണു കേരളത്തിൽ നടക്കുന്നത്. വൻ തോതിൽ പിരിച്ചുവിടുകയല്ല. എന്നാൽ, മികവില്ലാത്തവരെ നിലനിർത്താൻ കഴിയില്ലെന്നും അല്ലെങ്കിൽ കമ്പനിയിലെ മറ്റു ജീവനക്കാർക്ക് ഇവർ ബാധ്യതയായി മാറുമെന്നും ഐടി കമ്പനി വക്താക്കളും ചൂണ്ടിക്കാട്ടി.

തൊഴിൽ നഷ്ടവും പിരിമുറുക്കവും: ആധിയും വ്യാധിയും 

മെട്രോ നഗരങ്ങളിൽ തൊഴിൽ നഷ്ടം ഉണ്ടായേക്കുമോ എന്ന ആശങ്ക വ്യാപകം. മനഃശാസ്ത്രജ്ഞന്റെ ചികിൽസയും കൗൺസലിങ്ങും തേടി വരുന്ന ഐടി പ്രഫഷനലുകൾ അനേകമാണ്. ആധി മൂത്തു വിഷാദരോഗം ഉൾപ്പെടെ പലർക്കും വ്യാധികളും വരുന്നു. മറ്റു പല കമ്പനികളിലും കൂട്ടത്തോടെ പിരിച്ചു വിടൽ കണ്ടിട്ടാണ് ആധി മൂത്ത് ഡോക്ടറെ തേടി വരുന്നത്. ഇവരിൽ ഭൂരിപക്ഷവും യുവാക്കളാണ്. യുവതികൾക്കു ഭർത്താവിനു വേറേ ജോലി കാണുമെന്നതിനാലും സാമ്പത്തിക ഉത്തരവാദിത്തം ചുമലിൽ ഇല്ലാത്തതിനാലും ആധി കുറവായിട്ടാണു കാണുന്നത്.

ഇങ്ങനെ ആധി മൂത്തു മനഃശാസ്ത്രജ്ഞന്റെയും മനോരോഗ വിദഗ്ധന്റെയും സഹായം തേടുന്നവരിൽ വലിയൊരു വിഭാഗം വായ്പകളുടെ തിരിച്ചടവു കൂടിയുള്ളവരാണ്. ഫ്ലാറ്റ് വാങ്ങിയതിന്റെയോ, വീട്ടുപകരണങ്ങളും കാറോ ബൈക്കോ വാങ്ങിയതിന്റെയോ തിരിച്ചടവു നടക്കുകയായിരിക്കും. പെട്ടെന്നുള്ള ജോലി നഷ്ടം അവർക്കു താങ്ങാവുന്നതല്ല.

കേരളത്തിൽ ഇത്തരം തൊഴിൽ നഷ്ടം വ്യാപകമായിട്ടില്ലാത്തതിനാൽ ആധി കുറവാണ്. എന്നാൽ, ഇവിടെയും ഐടി രംഗത്തു പ്രവർത്തന മികവിന്റെയും പ്രോജക്ട് സമയത്തിനു തീർക്കാൻ കഴിയാത്തതിന്റെയും കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊത്തു സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിന്റെയും പേരിൽ പിരിമുറുക്കം വ്യാപകമാണെന്നു മനഃശാസ്ത്രജ്ഞർ പറയുന്നു. മറ്റു പലതരം ശാരീരിക–മാനസിക പ്രശ്നങ്ങളിലേക്കും അതു നയിക്കുന്നുണ്ട്. വിവാഹ മോചനങ്ങളുടെ ഒരു പ്രധാന കാരണവും ഇതാണ്.