Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോയിൽ സിനിമ പിടിക്കാം; വാടക ലക്ഷങ്ങൾ

metro-shooting

കൊച്ചി ∙ മുംബൈയ്ക്കു സിഎസ്‌ടിയും ഡൽഹിക്കു പാർലമെന്റ് വളപ്പും ചെന്നൈയ്ക്കു സെൻട്രൽ റെയിൽവേ സ്റ്റേഷനും തിരുവനന്തപുരത്തിനു സെക്രട്ടേറിയറ്റും പോലെ കൊച്ചിക്കു മറൈൻഡ്രൈവിലെ കെട്ടിട സമുച്ചയങ്ങളായിരുന്നു ഇതുവരെ സിനിമകളിലെ മുഖമുദ്ര. പക്ഷേ, മെട്രോ റെയിൽ വന്നതോടെ കൊച്ചിയുടെ ഈ സ്ഥിരം സിനിമാറ്റിക് മുഖമുദ്രകളും മെട്രോയ്ക്കു വഴിമാറുകയാണ്.

ഒരുകാര്യം ഉറപ്പ്; കൊച്ചിയിലെ ഷൂട്ടിങ്ങിന് ഇനി മെട്രോ റെയിലും ഒരു പ്രധാന ലൊക്കേഷനാവും. മെട്രോ സ്റ്റേഷനും  മെട്രോ ട്രെയിനും പുത്തൻ ലൊക്കേഷനുകളായി  മാറുമ്പോൾ  കെഎംആർഎല്ലിനും അതൊരു  മികച്ച വരുമാന മാർഗമാവും.

അക്ഷരാർഥത്തിൽ ഹോട്ട് ലൊക്കേഷനാണു മെട്രോ. സാദാ ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും എയർപോർട്ടിലുമെല്ലാം ഷൂട്ട് ചെയ്യുന്നതിനെക്കാൾ പല മടങ്ങ് ചെലവാകും കൊച്ചിയുടെ മേലാപ്പിലൂടെ സുന്ദരമായ വര പോലെ നീളുന്ന ഈ ലോക്കേഷനിൽ ഷൂട്ട് ചെയ്യാൻ. ഒരു മണിക്കൂർ ഷൂട്ടിങ്ങിനു മെട്രോ സ്റ്റേഷനിൽ രണ്ടു ലക്ഷം രൂപയും മെട്രോ ട്രെയിനിനുള്ളിൽ മൂന്നു ലക്ഷം രൂപയുമാണു ഷൂട്ടിങ് നിരക്ക്. ഒപ്പം 18% നികുതിയുമുണ്ട്.  

നിക്ഷേപം കെട്ടിവച്ചു മാത്രമേ ഷൂട്ടിങ് അനുവദിക്കൂ. സ്റ്റേഷനുള്ളിൽ ഷൂട്ടിങ്ങിനു നാലു ലക്ഷം രൂപയും ട്രെയിനിനുള്ളിലെ ഷൂട്ടിങ്ങിന് ആറു ലക്ഷം രൂപയും രണ്ടിനും കൂടി 10 ലക്ഷം രൂപയുമാണു നിക്ഷേപം. ഷൂട്ടിങ് പൂർത്തിയായ ശേഷം വാടക ഒഴിച്ച് നിക്ഷേപം തിരിച്ചുനൽകും. ഷൂട്ടിങ്ങിനിടെ സ്റ്റേഷനിലോ ട്രെയിനിലോ കേടുപാടു സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരവും നിക്ഷേപത്തിൽ നിന്നീടാക്കും.

മെട്രോയിലെ കൊമേഴ്സ്യൽ ഫൊട്ടോഗ്രഫിക്കു വേറെ നിരക്കാണ്. സ്റ്റേഷന് അകത്തും പുറത്തും ഫോട്ടോ ഷൂട്ടിന് മണിക്കൂറിന് ഒരു ലക്ഷമാണു നിരക്ക്. ട്രെയിനിനുള്ളിൽ ഇത് ഒന്നര ലക്ഷം. ഇതിനകം ഒരു പരസ്യചിത്രം മെട്രോ സ്റ്റേഷനുള്ളിൽ ചിത്രീകരിച്ചു കഴിഞ്ഞു. ഒരു മണിക്കൂർ ആയിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് നടക്കുന്ന മണിക്കൂറുകൾക്കാണു നിരക്ക്. മുന്നൊരുക്കങ്ങൾക്കായി ഒരു മണിക്കൂർ ഫീസില്ലാതെ അനുവദിക്കും.

ഇതിനകം മൂന്നു സിനിമകളുടെ ഷൂട്ടിങ്ങിനായി അപേക്ഷ ലഭിച്ചിട്ടുണ്ടെന്നു കെഎംആർഎൽ അധികൃതർ അറിയിച്ചു. അടുത്ത മാസങ്ങളിലായി ഷൂട്ട് ചെയ്യുന്ന സിനിമകൾക്കു വേണ്ടിയാണിത്. ഷൂട്ടിങ്ങിനു വേണമെങ്കിൽ പ്രത്യേക ട്രെയിൻ അനുവദിക്കും. ആവശ്യമെങ്കിൽ സർവീസ് ട്രെയിനുകൾക്കുള്ളിലും ഷൂട്ട് ചെയ്യാം.

ചെലവേറിയ മെട്രോ ഷൂട്ട്

റെയിൽവേയിലും എയർപോർട്ടിലും ബസ് സ്റ്റാൻഡിലുമെല്ലാമുള്ള ഷൂട്ടിങ് മെട്രോയെ അപേക്ഷിച്ചു നോക്കുമ്പോൾ  ‘ചീപ്’ ആണ്. നെടുമ്പാശേരി എയർപോർട്ടിൽ ടെർമിനലിനു പുറത്തു ഷൂട്ട് ചെയ്യുന്നതിനു 40,000 രൂപയും ടെർമിനലിനുള്ളിലെ ഷൂട്ടിന് 50,000 രൂപയുമാണു ചെലവ്. 18% നികുതിയുമുണ്ട്. റൺവേ ഷൂട്ടിങ്ങിനായി ലഭിക്കുക ബുദ്ധിമുട്ടാണ്. ഇതിനായി സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ ഒന്നര മാസം മുൻപ് അപേക്ഷ നൽകി പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. റൺവേയ്ക്ക് അനുബന്ധമായി വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന ഹാംങ്ങറാണ് റൺവേ ആയി മിക്കപ്പോഴും ഷൂട്ട് ചെയ്യുക. ഇതിനു ടെർമിനൽ ഷൂട്ടിങ്ങിന്റെ അതേ നിരക്കു തന്നെ.

വിമാന കമ്പനികളിൽ നിന്നു വിമാനം ഷൂട്ടിങ്ങിനായി എടുക്കുമ്പോൾ  വ്യത്യസ്ത നിരക്കാണ്. ഇതിനു ചെലവേറുമെന്നതിനാൽ പലപ്പോഴും വിമാനത്തിന്റെ ഉൾവശം സെറ്റിട്ടാണു ഷൂട്ട് ചെയ്യുക.

റെയിൽവേയിൽ 2015ൽ പുതുക്കിയ നിരക്കനുസരിച്ചു ഷൂട്ടിങ്ങിനായുള്ള പ്രത്യേക ട്രെയിനിനു കുറഞ്ഞ ദിവസ നിരക്ക് 4.74 ലക്ഷം രൂപയാണ്. അഞ്ച് കോച്ച് ഉൾപ്പെട്ട ട്രെയിൻ 200 കിലോമീറ്റർ വരെ ഷൂട്ടിങ്ങിനായി ഓടിക്കുന്നതിനുള്ള നിരക്കാണിത്. ഓടുന്ന ദൂരം ഏറിയാൽ നിരക്കും കൂടും. നികുതിയുമുണ്ട്. ഒരു കോച്ചിന് 50,000 രൂപ നിരക്കിൽ 2.5 ലക്ഷമാണു കുറഞ്ഞ നിക്ഷേപം.

റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഷൂട്ട് ചെയ്യുന്നതിനു സ്റ്റേഷന്റെ തരംതിരിവ് അനുസരിച്ചാണു നിരക്ക്. തിരുവനന്തപുരവും  എറണാകുളം സൗത്ത് സ്റ്റേഷനും  ഉൾപ്പെടുന്ന എ1 സ്റ്റേഷനുകളിലെ ഷൂട്ടിന് ഒരു ലക്ഷം രൂപയും ബി1 സ്റ്റേഷനുകളിൽ 50,000 രൂപയും റെയിൽവേയുടെ മറ്റു സ്ഥലങ്ങളിൽ 25,000 രൂപയുമാണു ദിവസ വാടക.

മലയാളി പ്രേക്ഷകരുടെ വലിയ നൊസ്റ്റാൾജിയകളിലൊന്നായ കെഎസ്ആർടിസി ബസുകൾ ഷൂട്ടിങ്ങിനായി ദിവസ വാടകയ്ക്കും മണിക്കൂർ വാടകയ്ക്കും നൽകാറുണ്ട്. ബസിന്റെ ദിവസ വാടക 20,000 രൂപയും നികുതിയുമാണ്. അഞ്ചു മണിക്കൂറിന് 8000 രൂപ മുതലാണു പാക്കേജിന് തുടക്കം. ഈ സമയത്തിനുള്ളിൽ 100 കിലോമീറ്റർ ദൂരം വരെ ഓടും. ആറു മണിക്കൂറിന് (150 കി.മീ) 10,000, എട്ടു മണിക്കൂറിന് (200 കി.മീ) 12,000 എന്നീ നിരക്കിലും ഷൂട്ടിനു ലഭിക്കും. ഡീസൽ, ഡ്രൈവറുടെ സേവനം എന്നിവ ഉൾപ്പെടെയാണു വാടകയ്ക്കു നൽകുക. കെഎസ്ആർടിസി ബസ് തന്നെ പ്രമേയമായി മാറിയ ‘ഓർഡിനറി’ സിനിമ വലിയ ഹിറ്റായിരുന്നു. ഇപ്പോൾ ഏറെയും ലോഫ്ലോർ ബസുകളാണ് ഷൂട്ടിങ് സംഘത്തിനു പ്രിയം.